ദ്രാവിഡ്, പൂജാര... ദേവ്ദത്ത്! 167 റൺസ്, ക്ലാസിക്ക് ബാറ്റിങ്; നേട്ടം സ്വന്തമാക്കി മടക്കം

ഇന്ത്യൻ ഇന്നിങ്സിനു കരുത്ത് പകർന്ന് കന്നി ടെസ്റ്റ് സെഞ്ച്വറിയുമായി മലയാളി താരം
Devdutt Padikkal batting
Devdutt Padikkalx
Updated on
2 min read

​ഗാലെ: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ യുവ താരം ദേവ്ദത്ത് പടിക്കലിന്റെ ഉജ്ജ്വല ഇന്നിങ്സിനു വിരാമം. കരിയറിലെ ആദ്യ ടെസ്റ്റ് സെഞ്ച്വറി താരം ​ഗാലെയിൽ സ്വന്തമാക്കിയാണ് ക്രീസ് വിട്ടത്. 230 പന്തുകൾ നേരിട്ട് 15 ഫോറും ഒരു സിക്സും സഹിതം ദേവ്ദത്ത് 167 റൺസെടുത്തു മടങ്ങി. ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചാണ് താരം ക്ലാസിക്ക് ഇന്നിങ്സിനു വിരാമമിട്ടത്.

മത്സരത്തിന്റെ ആദ്യ ദിനത്തിൽ തന്നെ താരം സെഞ്ച്വറി പിന്നിട്ടു. രണ്ടാം ടെസ്റ്റിലാണ് താരം കന്നി ശതകം തൊട്ടത്. ഒന്നാം ദിനത്തിലും രണ്ടാം ദിനത്തിലും താരം മികവോടെ ബാറ്റ് വീശി. സന്നാഹ മത്സരത്തിൽ ശ്രീലങ്ക ക്രിക്കറ്റ് ഇലവനെതിരെ ദേവ്ദത്ത് സെഞ്ച്വറി നേടിയിരുന്നു. പിന്നാലെയാണ് ഒന്നാം ടെസ്റ്റിലെ മികവിന്റെ തുടർച്ച. രണ്ട് ദിവസവും ശ്രീലങ്കൻ സ്പിൻ ആക്രമണത്തെ ഫലപ്രദമായി ചെറുക്കാൻ പടിക്കലിനു സാധിച്ചു.

ദ്രാവിഡിനും പൂജാരയ്ക്കും ഒപ്പം

ശ്രീലങ്കക്കെതിരെ മൂന്നാം നമ്പറിൽ ബാറ്റിങിനെത്തി 150, അതിനു മുകളിൽ സ്കോർ കണ്ടെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി ദേവ്ദത്ത് അതിനിടെ മാറി. 2009ൽ അഹമ്മദാബാദിൽ നടന്ന പോരിൽ ​രാഹുൽ ദ്രാവിഡ് 177 റൺസെടുത്തിരുന്നു. 2017ൽ ഇതേ ​ഗാലെ പിച്ചിലാണ് ചേതേശ്വർ പൂജാര മൂന്നാം നമ്പറിൽ എത്തി തിളങ്ങിയത്. താരം അന്ന് 153 റൺസെടുത്തു. പിന്നാലെയാണ് 2026ൽ ദേവ്ദത്തിന്റെ 167 റൺസ് ​ഗാലെ പിച്ചിൽ പിറന്നത്.

Devdutt Padikkal batting
'നാണംകെട്ട തോൽവി, ഓസീസ് പരിതാപകരം'; ഇതി​ഹാസങ്ങൾ 'ഷോക്കിൽ'!

മഴ കാരണം രണ്ടാം ദിവസം നാലര മണിക്കൂറോളം വൈകിയാണ് കളി പുനരാരംഭിച്ചത്. പിന്നീട് തുടരെ കാലാവസ്ഥാ വ്യതിയാനങ്ങളും മത്സരത്തെ ബാധിച്ചു. ഈ പ്രതികൂല സാഹചര്യങ്ങളെ എല്ലാം സമർഥമായി നേരിട്ട് ക്ലാസിക്ക് ഇന്നിങ്സാണ് താരം പുറത്തെടുത്തത്.

ശ്രീലങ്കയെ രണ്ട് ദിവസമായി വെള്ളം കുടിപ്പിച്ച ​ദേവ്ദത്തിനെ സ്പിന്നർ പ്രഭാത് ജയസൂര്യയാണ് പുറത്താക്കുന്നത്. ക്രീസ് വിട്ട് കളിക്കാൻ ശ്രമിച്ച പടിക്കലിന്റെ നീക്കം മുൻകൂട്ടി കണ്ട ജയസൂര്യ പന്ത് വേ​ഗത്തിലും ഫ്ലാറ്റായും ഓഫ് സ്റ്റംപിനു പുറത്തേക്ക് എറിഞ്ഞു. പന്ത് കണക്കാക്കുന്നതിൽ പടിക്കലിനു പിഴച്ചു. വിക്കറ്റ് കീപ്പർ നിരോഷൻ ഡിക്‌വെല്ല കൃത്യസമയത്തു തന്നെ സ്റ്റംപിങ് നടത്തി ദേവ്ദത്തിനെ മടക്കുകയായിരുന്നു. സ്റ്റേഡിയം മുഴുവൻ എഴുന്നേറ്റ് നിന്നു കൈയടിച്ചാണ് താരത്തെ വരവേറ്റത്.

400 കടന്ന് ഇന്ത്യ

ദേവ്ദത്തിന്റെ സെഞ്ച്വറിയും വൈസ് ക്യാപ്റ്റൻ കെഎൽ രാഹുൽ നേടിയ 82 റൺസിന്റേയും ബലത്തിൽ ഇന്ത്യ സ്കോർ 400 കടത്തി. മഴയെ തുടര്‍ന്നു വൈകിയാണ് രണ്ടാം ദിനത്തിലെ പോരാട്ടം തുടങ്ങിയത്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയത്. സ്‌കോര്‍ 307ല്‍ നില്‍ക്കെ ഋഷഭ് പന്ത് പുറത്തായി. താരം 62 പന്തില്‍ 4 ഫോറും ഒരു സിക്‌സും സഹിതം 39 റണ്‍സെടുത്തു.

പിന്നാലെ ഒന്നാം ദിനത്തില്‍ പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയ കെഎല്‍ രാഹുല്‍ തിരിച്ചെത്തി ബാറ്റിങ് പുനരാരംഭിച്ചു. എന്നാല്‍ താരം സെഞ്ച്വറിയിലേക്ക് കുതിക്കുന്നതിനിടെ വീണു. സ്‌കോര്‍ 319ല്‍ നില്‍ക്കുമ്പോഴാണ് രാഹുലിന്റെ മടക്കം. താരം 175 പന്തില്‍ 10 ഫോറും ഒരു സിക്‌സും സഹിതം 82 റണ്‍സെടുത്തു പുറത്തായി.

സ്‌കോര്‍ 357 റണ്‍സിലെത്തിയപ്പോഴാണ് ദേവ്ദത്തിന്റെ മടക്കം. പ്രഭാത് ജയസൂര്യയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ നിരോഷന്‍ ഡിക്‌വെല്ല താരത്തെ സ്റ്റംപ് ചെയ്തു മടക്കുകയായിരുന്നു. ശ്രീലങ്ക രണ്ട് ദിവസമായി മിനക്കെടുന്ന വിക്കറ്റാണ് അവര്‍ സ്വന്തമാക്കിയത്. മൂന്നാമനായി ക്രീസിലെത്തിയ താരം 134 പന്തിലാണ് തന്റെ കന്നി ടെസ്റ്റ് ശതകം പൂര്‍ത്തിയാക്കിയത്. 230 പന്തില്‍ 15 ഫോറും ഒരു സിക്‌സും സഹിതം 167 റണ്‍സെടുത്തു നില്‍ക്കെയാണ് മിന്നും ഇന്നിങ്‌സിനു തിരശ്ശീല വീണത്. പിന്നാലെ ക്രീസിലെത്തിയ രവീന്ദ്ര ജഡേജയ്ക്ക് അധികം ആയുസുണ്ടായില്ല. താരം 13 റണ്‍സുമായി പുറത്തായി.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യക്കായി യശസ്വി ജയ്സ്വാളും കെഎല്‍ രാഹുലും ചേര്‍ന്നാണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. 37 പന്തില്‍ 32 റണ്‍സ് നേടിയ ജയ്സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 77 റണ്‍സ് നേടിയ രാഹുല്‍, പരിക്കേറ്റതോടെ ബാറ്റിങ് തുടരാനാകാതെ ക്രീസ് വിട്ടു. നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ (16) വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി.

ആദ്യ ദിനത്തിലും അല്‍പ്പ സമയം വില്ലനായി മഴയെത്തി. ഉച്ച ഭക്ഷണത്തിനു പിരിഞ്ഞതിനു പിന്നാലെയാണ് മഴ പെയ്തത്. ഇന്ത്യയുടെ 600ാം ടെസ്റ്റ് മത്സരമാണിത്. ഇംഗ്ലണ്ട് ഓസ്‌ട്രേലിയ ടീമുകള്‍ക്കു ശേഷം 600 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന രാജ്യമായി ഇതോടെ ഇന്ത്യ മാറി.

Devdutt Padikkal batting
ഗാന്ധിജിക്ക് ഐസിസിയുടെ സ്‌പെഷ്യല്‍ ട്രിബ്യൂട്ട്; ഏകദിന ലോകകപ്പ് ഉദ്ഘാടനം ഒക്ടോബര്‍ 2ന്?
Devdutt Padikkal batting
ചരിത്രം കുറിച്ച് ബംഗ്ലാദേശ്; ഓസ്ട്രേലിയയില്‍ ആദ്യ ടെസ്റ്റ് വിജയം, കങ്കാരുക്കളെ വീഴ്ത്തിയത് 9 വിക്കറ്റിന്
Summary

Devdutt Padikkal's sensational innings came to an end in the opening Test against Sri Lanka as the India batter was dismissed for a magnificent 167 off 230 balls in Galle

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com