

ബോസ്റ്റൺ: ഫിഫ ലോകകപ്പിൽ ഫ്രാൻസും നോർവെയും തമ്മിലുള്ള ഗ്രൂപ്പ് ഐയിലെ അവസാന മത്സരം തുടങ്ങിയത് വിവാദത്തിന്റെ അകമ്പടിയിൽ. ഫ്രഞ്ച് മുഖ്യ പരിശീലകൻ ദിദിയർ ദെഷാംപ്സിന്റെ അമ്മ കഴിഞ്ഞ ദിവസമാണ് മരിച്ചത്. നോർവെയ്ക്കെതിരായ പോരാട്ടത്തിൽ അതിനാൽ തന്നെ ദെഷാംപ്സ് ഡഗൗട്ടിലുണ്ടായിരുന്നില്ല. സഹ പരിശീലകൻ ഗൈ സ്റ്റെഫനാണ് തന്ത്രം മെനഞ്ഞ് നിന്നത്.
ദെഷാംപ്സിന്റെ അമ്മയ്ക്ക് ആദരം അർപ്പിക്കുന്നതിന്റെ ഭാഗമായി താരങ്ങൾ കറുത്ത ആംബാൻഡ് ധരിച്ച് കളിക്കാനിറങ്ങാനുള്ള ആഗ്രഹത്തിലായിരുന്നു. എന്നാൽ ഫിഫ ഈ ആവശ്യം നിരസിച്ചതാണ് മത്സരത്തിനു മുൻപ് കല്ലുകടിയായി മാറിയത്. മാത്രമല്ല മത്സരത്തിന് മുന്നോടിയായി, ദെഷാംപ്സിന്റെ മാതാവിന്റെ ഓർമയ്ക്കായി ഒരു മിനിറ്റ് മൗനം ആചരിക്കുമെന്നു ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ മാധ്യമപ്രവർത്തകരെ അറിയിച്ചിരുന്നു. എന്നാൽ ഇതും ഫിഫ അനുവദിച്ചില്ല. പിന്നാലെ ഫിഫയുടെ നടപടിയെ വിമർശിച്ച് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ രംഗത്തെത്തിയതോടെ സംഭവം വിവാദമായി.
വെനസ്വെലയിലുണ്ടായ വിനാശകരമായ ഭൂകമ്പത്തിൽ ഇരയായവർക്കായി മത്സരത്തിന് മുന്നോടിയായി ഫിഫ ആദരാഞ്ജലി അർപ്പിക്കുന്ന ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് ഫിഫ ഫ്രാൻസിന്റെ മൗനം ആചരിക്കാനുള്ള ആവശ്യം നിരസിച്ചത്. ഭൂകമ്പത്തിന് ഇരയായവർക്കുള്ള ആദരാഞ്ജലി അർപ്പിക്കുന്നതിനായി മത്സരത്തിന് മുൻപുള്ള ഒരു മിനിറ്റ് മൗനാചരണം നേരത്തെ തന്നെ നിശ്ചയിച്ചിട്ടുണ്ടെന്ന് ഫിഫ അധികൃതർ അറിയിച്ചു. മിനിറ്റുകൾക്കകം ഫ്രഞ്ച് ഫെഡറേഷൻ തങ്ങളുടെ മൗനാചരണ പ്രസ്താവന തിരുത്തി വിശദീകരണം നൽകി.
മുഖ്യ പരിശീലകന്റെ കുടുംബത്തോടുള്ള ആദര സൂചകമായി കളിക്കാരെ കറുത്ത ആംബാൻഡ് ധരിക്കാനെങ്കിലും അനുവദിക്കണമെന്ന് ഫ്രാൻസ് പിന്നാലെ അഭ്യർഥിച്ചു. എന്നാൽ ആ അഭ്യർഥനയും ഫിഫ നിരസിച്ചു. ഇതാണ് ഫ്രഞ്ച് ഫെഡറേഷനെ ചൊടിപ്പിച്ചത്. തീരുമാനത്തെക്കുറിച്ച് ഫിഫ ഭരണ സമിതി പരസ്യമായി പ്രതികരിച്ചിരുന്നില്ല. മത്സരത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ ഭൂകമ്പത്തിൽ ഇരയായവർക്കായി തന്നെ മാറ്റിവെക്കുമെന്ന് അവർ സ്ഥിരീകരിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് ദെഷാംപ്സിന്റെ അമ്മ മരിച്ചത്. മാതാവിന്റെ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി അദ്ദേഹം ഈ ആഴ്ച ആദ്യം നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ടൂർണമെന്റ് ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നിലേക്ക് കടന്നപ്പോഴാണ് അദ്ദേഹം ദേശീയ ടീമിൽ നിന്ന് താത്കാലികമായി മാറിനിന്നത്.
ഫ്രാൻസിന്റെ സഹ പരിശീലക സ്ഥാനത്ത് 14 വർഷമായി തുടരുന്ന ആളാണ് ഗൈ സ്റ്റെഫാൻ. ദെഷാംപ്സിന്റെ അമ്മയ്ക്കുള്ള നിശബ്ദ ആദരമെന്നോണം ഒരു പൂച്ചെണ്ടുമായാണ് നോർവെയ്‌ക്കെതിരായ മത്സരത്തിൽ ടീമിന്റെ ഡഗൗട്ടിലേക്ക് അദ്ദേഹം വന്നത്. മത്സരത്തിൽ ഒസ്മാൻ ഡെബലെ നേടിയ ഹാട്രിക്ക് മികവിൽ ഫ്രാൻസ് ഒന്നിനെതിരെ 4 ഗോളുകൾക്ക് നോർവെയെ തുരത്തി. മൂന്നിൽ മൂന്ന് ജയങ്ങളുമായാണ് ടീം നോക്കൗട്ട് ഉറപ്പിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates