ചരിത്രമെഴുതി ആഫ്രിക്ക; ലോകകപ്പില്‍ കളിച്ച 10ല്‍ 9 ടീമുകള്‍ നോക്കൗട്ടില്‍, ലോക ഫുട്‌ബോള്‍ സമവാക്യം മാറുന്നു

നോക്കൗട്ട് മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ ലോകത്തിന്റെ കണ്ണുകള്‍ ആഫ്രിക്കയിലേക്കാണ്
Cape Verde Football
നോക്കൗട്ടില്‍ പ്രവേശിച്ച കാബോ വെര്‍ദേ ടീം
Updated on
2 min read

ലോക ഫുട്‌ബോളിന്റെ ശക്തികേന്ദ്രം യൂറോപ്പും ലാറ്റിനമേരിക്കയുമാണെന്ന പതിറ്റാണ്ടുകളായുള്ള ധാരണയെ വെല്ലുവിളിച്ച് പുതിയ ചരിത്രം കുറിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍. ഇത്തവണത്തെ ഫിഫ ലോകകപ്പില്‍ പങ്കെടുത്ത 10 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഒമ്പത് ടീമുകള്‍ നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറിയതോടെ ലോകകപ്പ് ചരിത്രത്തിലെ വമ്പന്‍ മാറ്റത്തിനാണ് അമേരിക്കന്‍ വന്‍കര സാക്ഷ്യം വഹിക്കുന്നത്.

48 ടീമുകള്‍ പങ്കെടുക്കുന്ന പുതിയ ലോകകപ്പ് ഫോര്‍മാറ്റിനെ പൂര്‍ണമായി മുതലാക്കിയത് ആഫ്രിക്കന്‍ ടീമുകളാണ്. ടൂര്‍ണമെന്റ് 17 ദിവസം പിന്നിടുമ്പോള്‍ മൊറോക്കോ, ദക്ഷിണാഫ്രിക്ക, സെനഗല്‍, ഐവറി കോസ്റ്റ്, ഘാന, കാബോ വെര്‍ദെ, ഈജിപ്ത്, കോംഗോ, അള്‍ജീരിയ എന്നീ ടീമുകള്‍ അവസാന 32ലെത്തി. ഗ്രൂപ്പ് എഫില്‍ കളിച്ച മൂന്നു മത്സരങ്ങളും തോറ്റ ടുണീഷ്യയാണ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ ആഫ്രിക്കന്‍ ടീം. മുമ്പ് രണ്ട് ആഫ്രിക്കന്‍ ടീമുകള്‍ നോക്കൗട്ടിലെത്തിയതാണ് റെക്കോര്‍ഡ്.

ഗ്രൂപ്പ് ഘട്ടത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്ത ടീമുകള്‍ വമ്പന്‍ ടീമുകള്‍ക്കെതിരെ പോലും ഭയമില്ലാതെ കളിച്ചത് ശ്രദ്ധേയമായി. ആഫ്രിക്കന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയുടെ തെളിവുകൂടിയാണ് ഈ മുന്നേറ്റം. സമീപകാലത്ത് യൂറോപ്യന്‍ ലീഗുകളില്‍ വലിയ സ്വാധീനം ചെലുത്തുന്ന നിരവധി ആഫ്രിക്കന്‍ താരങ്ങള്‍ വളര്‍ന്നുവന്നിരുന്നു. ആ പ്രതിഭ ദേശീയ ടീമുകളിലും പ്രതിഫലിച്ചുവെന്നാണ് ഫുട്‌ബോള്‍ നിരീക്ഷകരുടെ വിലയിരുത്തല്‍.

Cape Verde Football
വീണ്ടും റെക്കോര്‍ഡ് കുറിച്ച് മെസി; തുടര്‍ച്ചയായി ഏഴ് ലോകകപ്പ് മത്സരങ്ങളില്‍ ഗോള്‍!

ഈ ലോകകപ്പിലെ ഏറ്റവും ആവേശകരമായ കഥകളിലൊന്ന് കോംഗോയുടെ മുന്നേറ്റമായിരുന്നു. 52 വര്‍ഷത്തിനുശേഷം ആദ്യമായി ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലെത്തിയ കോംഗോ, ഉസ്‌ബെക്കിസ്ഥാനെതിരെ 3-1ന് വിജയിച്ചാണ് ചരിത്രം സൃഷ്ടിച്ചത്. ആദ്യം പിന്നിലായ ശേഷം രണ്ടാം പകുതിയിലെ പോരാട്ടവീര്യമാണ് ടീമിനെ മുന്നോട്ടുകൊണ്ടുപോയത്.

മൊറോക്കോ, സെനഗല്‍, ഈജിപ്ത്, ദക്ഷിണാഫ്രിക്ക, ഐവറി കോസ്റ്റ് തുടങ്ങിയ ടീമുകള്‍ക്ക് മുമ്പും വലിയ ടൂര്‍ണമെന്റുകളിലെ അനുഭവമുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ താരതമ്യേന ചെറിയ ഫുട്‌ബോള്‍ ശക്തികളായി കണക്കാക്കിയിരുന്ന ടീമുകള്‍ പോലും മുന്നേറ്റം നടത്തിയതോടെ ആഫ്രിക്കന്‍ ഫുട്‌ബോളിന്റെ ആഴം ലോകം തിരിച്ചറിഞ്ഞിരിക്കുകയാണ്.

2022 ലോകകപ്പില്‍ സെമിഫൈനലിലെത്തിയ ആദ്യ ആഫ്രിക്കന്‍ ടീമായി മൊറോക്കോ ചരിത്രം കുറിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നേട്ടമെന്ന് വിലയിരുത്തപ്പെടുന്നു. ഒറ്റപ്പെട്ട വിജയങ്ങളില്‍ നിന്ന് മാറി, പല രാജ്യങ്ങളും ഒരുമിച്ച് ഉയരുന്ന പുതിയ കാലഘട്ടത്തിലേക്കാണ് ആഫ്രിക്കന്‍ ഫുട്‌ബോള്‍ കടക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

നോക്കൗട്ട് മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ ഇപ്പോള്‍ ലോകത്തിന്റെ കണ്ണുകള്‍ ആഫ്രിക്കയിലേക്കാണ്. ഒരു ആഫ്രിക്കന്‍ രാജ്യം ആദ്യമായി ലോകകപ്പ് കിരീടം നേടുമോ എന്ന ചോദ്യമാണ് ഇനി ആരാധകര്‍ക്കിടയില്‍ ഉയരുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അസാധ്യമെന്ന് തോന്നിയ ആ ചോദ്യം ഇന്ന് സംഭവിക്കാന്‍ സാധ്യതയുള്ള ഒന്നായി മാറിയിരിക്കുകയാണ്.

Cape Verde Football
ആറുഗോള്‍ പിറന്നിട്ടും അള്‍ജീരിയ-ഓസ്ട്രിയ പോരാട്ടം സമനിലയില്‍; ഇരുടീമുകളും നോക്കൗട്ടില്‍
Cape Verde Football
ലോകകപ്പിലെ ആറാം ഗോളുമായി മെസി; ജോര്‍ദാനെ തോല്‍പ്പിച്ച് അര്‍ജന്റീന, വല ചലിപ്പിച്ചത് മൂന്ന് തവണ
Cape Verde Football
ചരിത്രമെഴുതി കോംഗോ; ഉസ്‌ബെക്കിസ്ഥാനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് നോക്കൗട്ടില്‍
Summary

History Scripted At FIFA World Cup 2026 As Nine Out Of 10 African Nations Reach Knockouts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com