

കാലിഫോർണിയ: രണ്ട് തവണ ലോക ചാംപ്യൻമാരായ ഫ്രാൻസ് ഈ ലോകകപ്പിലെ ആദ്യ പോരിന് ഇന്നിറങ്ങും. ഇന്ന് രാത്രി ഇന്ത്യൻ സമയം 12.30 മുതലാണ് പോരാട്ടം. എതിരാളികൾ ആഫ്രിക്കൻ ചാംപ്യൻമാരായ സെനഗൽ. 2002ൽ ഫ്രാൻസിനെ അട്ടിമറിച്ചതിന്റെ നിറമുള്ള ഓർമകളും പേറിയാണ് സാദിയോ മാനെയുടെ നേതൃത്വത്തിലുള്ള ടീം കളിക്കാനിറങ്ങുന്നത്. ന്യൂയോർക്കിലെ ന്യൂജേഴ്‌സി സ്റ്റേഡിയത്തിലാണ് ഈ വമ്പൻ പോരാട്ടം അരങ്ങേറുന്നത്. ഫ്രാൻസ് ഗ്രൂപ്പ് ഐയിലാണ് ഇത്തവണ മത്സരിക്കുന്നത്. സെനഗലിനു ശേഷം 22ന് ഇറാഖിനെയും 26ന് നോര്‍വെയെയും ഫ്രാന്‍സ് നേരിടും.
കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലിൽ അർജന്റീനയോടു പരാജയപ്പെട്ട് കിരീടം അടിയറവ് വച്ച ഫ്രാൻസ് മൂന്നാം ലോക കിരീടമാണ് ഇത്തവണ സ്വപ്നം കാണുന്നത്. 2018ൽ രണ്ടാം കിരീടമുയർത്തിയ ഫ്രാൻസ് തുടർച്ചയായി 2022ലും ഫൈനലിലെത്തി ചരിത്രമെഴുതിയിരുന്നു. എന്നാൽ അവേശപ്പോരിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീനയ്ക്കു മുന്നിൽ കിരീടം കൈവിടുകയായിരുന്നു.
2022ലെ ഫൈനൽ തോൽവി ഇന്നും തന്റെ ഉറക്കം കെടുത്തുന്നതാണെന്നു തുറന്നു പറയുകയാണ് ഫ്രഞ്ച് നായകനും അവരുടെ മുന്നേറ്റത്തിലെ കരുത്തനുമായ കിലിയൻ എംബാപ്പെ. കരിയറിലെ വലിയൊരു മുറിവായി ആ ഫൈനൽ അവേശേഷിക്കുന്നുവെന്നും എംബാപ്പെ പറയുന്നു. ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയന് നല്‍കിയ അഭിമുഖത്തിൽ സഹതാരം ഇബ്രാഹിമ കൊനാറ്റയാണ് എംബാപ്പെയോട് 2018, 2022 ലോകകപ്പ് ഫൈനൽ പോരാട്ടങ്ങളെ കുറിച്ചുള്ള ഓർമകൾ പങ്കിടാൻ ആവശ്യപ്പെട്ടത്. അപ്പോഴാണ് താരം മനസ് തുറന്നത്.
'ഞാൻ ഏറ്റവും കൂടുതൽ ഓർക്കുന്നത് 2022ലെ തോറ്റ ഫൈനലാണ്. ജയിച്ച ഫൈനലിന്‍റെ ചരിത്രം എനിക്ക് തിരുത്തിയെഴുതേണ്ട ആവശ്യമില്ല. ജയിച്ചു ട്രോഫി സ്വന്തമാക്കി അത് വിസ്മയകരമാണ്. എന്നാൽ നാല് വർഷമെന്നത് വലിയൊരു സമയമാണ്. ഒരുപാട് കളിക്കാർ ഇതിനിടയിൽ ടീമിൽ നിന്ന് മാറിപ്പോകും. അതാണ് ലോകകപ്പിന്‍റെ ക്രൂരത. അത്രയധികം കഷ്ടപ്പെട്ടിട്ട് ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽക്കുക എന്നത് കടുത്ത നിരാശയാണ്. ഞാൻ ഭാഗ്യത്തിൽ വിശ്വസിക്കുന്നില്ല. പെനാൽറ്റി ഒരു ലോട്ടറിയുമല്ല. അതൊരു സാങ്കേതിക തീരുമാനമാണ്.'
'എങ്കിലും ഒരു ലോകകപ്പ് ഫൈനൽ തോൽക്കാൻ ഇതിലും കഠിനമായ മറ്റൊരു വഴിയില്ല. ആ തോൽവി നൽകിയ മാനസിക വിഷമം കാരണം 2022ലെ ഐതിഹാസിക ഫൈനൽ മത്സരം താൻ ഇതുവരെ മുഴുവനായി വീണ്ടും കണ്ടിട്ടില്ല. അത് പഴയ വൈകാരിക മുറിവുകൾ വീണ്ടും ഓർമിപ്പിക്കും'- എംബാപ്പെ വ്യക്തമാക്കി.
2022 ഫൈനലിൽ നിശ്ചിത സമയത്തും അധിക സമയത്തുമായി 3- 3 എന്ന സ്കോറിൽ മത്സരം സമനിലയിലായപ്പോൾ അന്ന് ഫ്രാൻസിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയത് എംബാപ്പെയായിരുന്നു. ഫൈനലിൽ തകർപ്പൻ ഹാട്രിക് നേടുകയും പെനാൽറ്റി ഷൂട്ടൗട്ടിൽ ലക്ഷ്യം കാണുകയും ചെയ്തിട്ടും ഫ്രാൻസിന് കിരീടം നഷ്ടമായി. അന്ന് ടൂർണമെന്‍റിലെ ടോപ്പ് സ്കോറർ ആയിരുന്നിട്ടും കിരീടമില്ലാതെ മടങ്ങേണ്ടി വന്നു. ഇത്തവണ നായകനെന്ന നിലയിൽ പഴയ കണക്കു തീർത്ത് മൂന്നാം ലോക കിരീടം സ്വന്തമാക്കുകയായിരിക്കും എംബാപ്പെയും ഒപ്പം ഫ്രാൻസും ലക്ഷ്യമിടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates