

ന്യൂയോർക്ക്: ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ ഇതിഹാസവും അർജന്റീന നായകനുമായ ലയണൽ മെസി ഹതാശനായി നിന്നു. ലോകകപ്പ് നിലനിർത്തി ഐതിഹാസികമായ ഫുട്ബോൾ കരിയറിനു വിരമാമിടാമെന്ന അയാളുടെ സ്വപ്നം സ്പാനിഷ് സംഘം തല്ലിക്കെടുത്തിയപ്പോൾ മെസിക്ക് സഹിക്കാൻ കഴിഞ്ഞില്ല. അപൂർവ നേട്ടം കൈയകലെ വീണു പോയതിന്റെ നിരാശയിൽ മെസി പൊട്ടിക്കരഞ്ഞു.
ഫെറാൻ ടോറസ് അധിക സമയമായ 106ാം മിനിറ്റിൽ നേടിയ ഒറ്റ ഗോളിലാണ് അർജന്റീനയും മെസിയും തോറ്റു പോയത്. 2022ൽ ഖത്തറിൽ നേടിയ കനക കിരീടം ഇത്തവണ നിലനിർത്തി ചരിത്രമെഴുതാനുള്ള മോഹം ആ ഗോളിൽ പൊലിഞ്ഞില്ലാതായി.
ഫൈനൽ വിസിൽ മുഴങ്ങിയതിനു പിന്നാലെ ഏറെ വികാരാധീനനായാണ് മെസി മൈതാനത്ത് നിന്നത്. പിന്നാലെയാണ് നഷ്ടം സഹിക്കാനാകാതെ വിങ്ങിപ്പൊട്ടിയത്. കൊച്ചു കുഞ്ഞിനെ പോലെ തേങ്ങി തേങ്ങി കരയുകയായിരുന്നു 39കാരൻ. ഫൈനലിൽ വീണു പോയെങ്കിലും സ്റ്റേഡിയം ഒന്നടങ്കം അദ്ദേഹത്തിനു ആദരമർപ്പിച്ചു. മെസി, മെസി, മെസി എന്നു ഏറ്റുവിളിച്ചാണ് ഇതിഹാസത്തിനോടുള്ള ഇഷ്ടം ആരാധകർ പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ പേരും ചിത്രവുമുള്ള പ്ലക്കാർഡുകളും സ്റ്റേഡിയം മുഴുവൻ നിറഞ്ഞു.
മെസിയെ പൂട്ടിക്കെട്ടി
ഈ ലോകകപ്പിൽ അർജന്റീനയുടെ മുന്നേറ്റങ്ങൾക്ക് നെടുനായകത്വം വഹിച്ചത് മെസിയാണ്. 8 ഗോളുകൾ നേടിയും 4 ഗോളുകൾക്ക് വഴിയൊരുക്കിയും കരിയറിന്റെ സായാഹ്നത്തിൽ അപാരമായ മികവോടെയാണ് അദ്ദേഹം കളത്തിൽ നിറഞ്ഞത്. ഫൈനലിലേക്കുള്ള അർജന്റീനയുടെ വരവ് എളുപ്പമായിരുന്നില്ല. പല മത്സരങ്ങളിലും പിന്നിൽ പോയ ശേഷം മെസിയുടെ മികവിൽ ലാ സ്കലോനെറ്റകൾ വിജയിച്ചു കയറുന്ന കാഴ്ച ലോകം അത്ഭുതത്തോടെയാണ് കണ്ടുനിന്നത്. എന്നാൽ ആ മികവ് ഫൈനലിൽ പുറത്തെടുക്കാൻ ഒരു ഘട്ടത്തിൽ പോലും സ്പെയിൻ മെസിയേയും അർജന്റീന ടീമിനേയും അനുവദിച്ചില്ല. അക്ഷരാർഥത്തിൽ പൂട്ടിക്കെട്ടിയ അവസ്ഥയിലായിരുന്നു മെസി.
മിന്നും ഫോമിൽ നിന്ന മെസിക്ക് പക്ഷേ നിർണായക ഫൈനലിൽ ഒരു സ്വധീനവും ചെലുത്താനായില്ല. കളിയുടെ 90 മിനിറ്റിലും ലക്ഷ്യത്തിലേക്ക് ഷോട്ടുതിർക്കാൻ പോയിട്ട് സ്പാനിഷ് ബോക്സിനടുത്തേക്ക് പോലും അദ്ദേഹത്തിനു പ്രവേശിക്കാൻ സാധിച്ചില്ല. പന്ത് കൈവശം വയ്ക്കുന്നതിൽ സ്വാധീനം ചെലുത്തിയ സ്പെയിൻ മെസി അപകടകരമായ കളി പുറത്തെടുക്കുന്ന എല്ലാ മേഖലകളും പൂട്ടി ഒരിഞ്ച് ഇടം പോലും നൽകാതെ ശ്വാസം മുട്ടിച്ചു. കളിയുടെ നിയന്ത്രണം 120 മിനിറ്റും കൈവശം വച്ച സ്പെയിൻ മെസിയെ തടഞ്ഞു നിർത്തുന്നതിൽ വിജയിച്ചതു കൂടിയാണ് ഫലത്തിൽ തെളിഞ്ഞത്.
മത്സരത്തിലുടനീളം അർജന്റീന കടുത്ത സമ്മർദ്ദത്തിലായിരുന്നു. നിശ്ചിത സമയത്തിന്റെ അവസാന ഘട്ടത്തിൽ എൻസോ ഫെർണാണ്ടസ് രണ്ടാം മഞ്ഞ കാർഡും അതുവഴി ചുവപ്പ് കാർഡും വാങ്ങി പുറത്തായതോടെ അർജന്റീനയുടെ പ്രതിരോധം കൂടുതൽ പരിതാപകരമായി. ഈ അവസരം എക്സ്ട്രാ ടൈമിൽ മുതലെടുത്താണ് ഫെറാൻ ടോറസ് നിർണായക വിജയ ഗോൾ വലയിലാക്കിയത്.
106ാം മിനിറ്റിൽ പെഡ്രോ പോറോ ബാക്ക് പോസ്റ്റിലേക്ക് നൽകിയ ക്രോസ് നിക്കോ വില്ല്യംസ് ഹെഡ്ഡ് ചെയ്തു മധ്യഭാഗത്തേക്ക് തിരിച്ചു വിട്ടു. പകരക്കാരനായി ഇറങ്ങിയ ടോറസ് ഈ സമയത്ത് ബോക്സിൽ കൃത്യ സ്ഥാനത്തു നിലയുറപ്പിച്ചിരുന്നു. വൺ ടച്ച് പാസിലൂടെ താരം പന്ത് വലയിലേക്ക് തൊടുത്തപ്പോൾ അതുവരെ അർജന്റീനയെ രക്ഷിച്ചു നിർത്തിയ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസിനു ഒന്നും ചെയ്യാൻ സാധിക്കാതെ പോയി.
അവസാന ഘട്ടത്തിൽ പതിവു പോലെ ആക്രമണം കടുപ്പിച്ച് മെസി ഒരിക്കൽ കൂടി തന്റെ കൂട്ടാളികളെ ഒപ്പം നിർത്തി മറു പോരാട്ടത്തിനു കച്ചകെട്ടിയെങ്കിലും ഇത്തവണ അതു വിജയിച്ചില്ല. കളി തീരാൻ പോകുന്നതിന്റെ സമയത്തിലേക്ക് കടന്ന ഘട്ടത്തിൽ മെസിയുടെ ഒരു കേളിങ് ഷോട്ട് ക്രോസ്ബാറിനു മുകളിലൂടെ പുറത്തേക്ക് പോയത് സ്റ്റേഡിയം ശ്വാസമടക്കിയാണ് കണ്ടു നിന്നത്. തൊട്ടുപിന്നാലെ ജൂലിയാനോ സിമിയോണിയ്ക്ക് കിട്ടിയ സുവർണാവസരവും അവർക്ക് മുതലെടുക്കാൻ സാധിച്ചില്ല. കളി അവസാന നിമിഷത്തിലേക്ക് കടന്നപ്പോൾ അർജന്റീന സമനില ഗോളിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും സ്പാനിഷ് പ്രതിരോധക്കോട്ടയും ഉനായ് സിമോൺ കാത്ത വലയും ഭേദിക്കാൻ അതൊന്നും മതിയാകാതെ വന്നു.
പരാജയപ്പെട്ടെങ്കിലും മൂന്ന് ഫിഫ ലോകകപ്പ് ഫൈനലുകൾ കളിക്കുന്ന ചരിത്രത്തിലെ രണ്ടാമത്തെ താരമെന്ന അപൂർവ നേട്ടവുമായാണ് മെസിയുടെ മടക്കം. 39ാം വയസിൽ ഒരു ലോകകപ്പ് ഫൈനൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ ഔട്ട്ഫീൽഡ് താരമായും മെസി മാറി.
തലകുനിച്ചാണ് മടക്കമെങ്കിലും ആരാധകരുടെ പ്രിയപ്പെട്ട മിശിഹ കളിയഴകിന്റെ നൂറ് നൂറ് മികവുകൾ അടയാളപ്പെടുത്തിയാണ് ലോകകപ്പിനോട് വിട പറയുന്നത്. ഈ അധ്യായത്തിൽ മെസിയും സംഘവും പുറത്തെടുത്ത ഇച്ഛാശക്തിയും പോരാട്ട വീറും ചരിത്രത്തിൽ എന്നെന്നും സ്മരിക്കപ്പെടുമെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates