

ന്യൂയോർക്ക്: അർജന്റീനയുടേയും ഇതിഹാസ താരം ലയണൽ മെസിയുടേയും ലോകകപ്പ് നിലനിർത്തുക എന്ന സ്വപ്നം സ്പാനിഷ് സർവ ഫുട്ബോളിൽ തട്ടിത്തകരുന്ന കാഴ്ചയായിരുന്നു ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റോഡിയത്തിൽ. 2010ൽ ആന്ദ്രെ ഇനിയെസ്റ്റയുടെ എക്സ്ട്രാ ടൈമിലെ ഒറ്റ ഗോളാണ് സ്പെയിനിനെ ചാംപ്യൻമാരാക്കിയതെങ്കിൽ ഇത്തവണ ഫെറാൻ ടോറസ് 106ാം മിനിറ്റിൽ നേടിയ ഗോളാണ് അവരുടെ കിരീട നേട്ടം നിർണയിച്ചത്. പന്ത് പുറത്തു പോകാതെ ഓടിപ്പിടിച്ചെടുത്ത് തലകൊണ്ട് പാസ് നൽകി നിക്കോ വില്ല്യംസാണ് ഗോളിനു വഴിയൊരുക്കിയത്. ബോക്സിൽ വച്ച് പന്ത് സ്വീകരിച്ച് ഫെറാൻ ടോറസ് തൊടുത്ത വൺ ടച്ച് ഷോട്ട് അർജന്റീന ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസിനെ ഒന്നും ചെയ്യാൻ സമ്മതിച്ചില്ല.
2010നു ശേഷം സ്പെയിൻ ലോക ചാംപ്യൻമാർക്കുള്ള കനക കിരീടം നെഞ്ചോടു ചേർത്തു. ലോക ഫുട്ബോളിന്റെ സിംഹാസനത്തിലേക്ക് കിരീടത്തിന്റെ എണ്ണം ഉയർത്തി സ്പെയിനും ഇരിപ്പുറപ്പിച്ച സമ്മോഹന കാഴ്ചയാണ് ന്യൂയോർക്ക് കണ്ടത്. ഈ ലോകകപ്പിൽ അവർ പുറത്തെടുത്ത പ്രകടനം കിരീടം അർഹിച്ചതാണെന്നു തെളിയിക്കുന്നതായിരുന്നു. ഫൈനലിൽ 20 ഷോട്ടുകളാണ് സ്പെയിൻ അർജന്റീന വല ലക്ഷ്യമിട്ട് തൊടുത്തത്. ഓൺ ടാർജറ്റിലേക്ക് വന്നത് 11 ഷോട്ടുകളും. അർജന്റീന 120 മിനിറ്റിനിടെ മുന്നേ മൂന്ന് ഷോട്ടുകൾ മാത്രമാണ് ലക്ഷ്യത്തിലേക്ക് തൊടുത്തത്. ഒരു ഷോട്ട് പോലും ഓൺ ടാർജറ്റുമില്ല.
ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പ് പോരാട്ടത്തിന്റെ 104ാം മത്സരവും പൂർത്തിയാകുമ്പോൾ തിളങ്ങി നിൽക്കുന്നത് ലാ റോജകൾ. ലൂയീസ് ഡെലഫ്യുവന്റെയ്ക്ക് കീഴിൽ യൂറോ കിരീടവും പിന്നാലെ ലോക കിരീടവും. 2008ൽ യൂറോ നേടി 2010ൽ ലോക കിരീടം ഉയർത്തിയ സ്പെയിൻ സമാന നേട്ടം ഇത്തവണയും ആവർത്തിച്ചു. 2024ലെ യൂറോ കപ്പും 2026ലെ ലോകകപ്പും. 2008 യൂറോ, 2010 ലോകകപ്പ്, 2012 യൂറോ എന്ന അപൂർ ഹാട്രിക്കും അവർക്കുണ്ട്. 2028ൽ യൂറോ നേട്ടം ആവർത്തിച്ചാൽ അതുമൊരു അപൂർവതയായി സ്പെയിനിനെ കാത്തിരിക്കുന്നു.
സെമിയിൽ ഫ്രാൻസിനെ തകർത്തതു പോലെ സമ്പൂർണ ആധിപത്യമാണ് ഫൈനലിലും അവർ പുറത്തെടുത്തത്. കടുത്ത ആക്രമണവും പന്ത് വിട്ടുകൊടുക്കാതെയുള്ള കളി മെനയലുമായി അവർ അർജന്റീനയെ തുടരെ അലോസരപ്പെടുത്തി. ഓർക്കണം 90 മിനിറ്റിനിടെ ഒരു തവണ പോലും അർജന്റീനയ്ക്ക് ഗോളിനടുത്തെത്താൻ ആയില്ല. പന്തടക്കത്തിലും പ്രസിങിലും അസാധാരണ മാസ്റ്റർ ക്ലാസ് പ്രകടനമാണ് സ്പെയിൻ പുറത്തെടുത്തത്.
മത്സരത്തിന്റെ ആദ്യ വിസിൽ മുഴങ്ങിയതു മുതൽ തന്ത്രപരമായ ആധിപത്യം പുലർത്തി കനത്ത ആക്രമണമാണ് സ്പെയിൻ അഴിച്ചുവിട്ടത്. കളിയുടെ എല്ലാ ഘട്ടവും നിർണയിച്ചതും വ്യാഖ്യാനിച്ചതുമൊക്കെ സ്പെയിൻ തന്നെയായിരുന്നു. മെസിയേയും സംഘത്തേയും പന്ത് മര്യാദയ്ക്ക് തൊടാൻ പോലും സ്പെയിൻ സമ്മതിച്ചില്ല. നീളമേറിയതും മനോഹരവുമായ പാസിങ് ശൃംഖലകൾ തന്നെ നെയ്തെടുത്ത സ്പെയിൻ നിലവിലെ ലോക ചാംപ്യൻമാരെ അവരുടെ സ്വന്തം പ്രതിരോധ കോട്ടയ്ക്കുള്ളിൽ തന്നെ തളച്ചിടാൻ നിർബന്ധിതരാക്കി.
ഒന്നിലധികം തവണ കിരീടം നേടുന്ന ടീമുകളുടെ പട്ടികയിൽ ഇതോടെ സ്പെയിനും ഇടംപിടിച്ചു. ബ്രസീൽ, ജർമനി, അർജന്റീന, ഇറ്റലി, ഉറുഗ്വെ, ഫ്രാൻസ് തുടങ്ങിയ ടീമുകളാണ് നേരത്തെ ഒന്നിൽ കൂടുതൽ കിരീടം നേടിയത്. ഈ എലീറ്റ് പട്ടികയിലേക്കാണ് സ്പെയിനും രാജകീയമായി നടന്നു കയറിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates