

ബോസ്റ്റൺ: വർത്തമാന ഫുട്ബോളിലെ രണ്ട് ഗോളടി മേളക്കാരുടെ നേർക്കുനേർ പോരിന് ഇന്ന് ലോകകപ്പ് സാക്ഷ്യം വഹിക്കും. മുൻ ചാംപ്യൻമാരായ ഫ്രാൻസും നോർവെയും ഏറ്റുമുട്ടുമ്പോൾ കിലിയൻ എംബാപ്പെ, എർലിങ് ഹാളണ്ട് പോരാണ് ആരാധകരെ ത്രില്ലടിപ്പിക്കാൻ കാത്തു നിൽക്കുന്നത്.
ഗ്രൂപ്പ് ഐയിൽ ചാംപ്യന്മാരെ നിശ്ചയിക്കുന്ന പോരാട്ടത്തിൽ ഫ്രാൻസും- നോർവെയും നേർക്കുനേർ വരുമ്പോൾ തീ പാറും പോര് കാണാമെന്ന ഉറപ്പ് ആരാധകർക്കുണ്ടാകും. രാത്രി 12.30 ന് നടക്കുന്ന മത്സരത്തിൽ ഇരു ടീമുകളും ഗ്രൂപ്പിൽ രണ്ട് മത്സരങ്ങൾ വിജയിച്ചാണ് വരുന്നത്. രണ്ട് ടീമുകളും നോക്കൗട്ട് ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ മത്സരം കടുക്കുമെന്ന് ഉറപ്പ്.
ഈ ലോകകപ്പിൽ ഗോൾ വേട്ടയിൽ മുന്നിൽ നിൽക്കുന്ന രണ്ട് താരങ്ങളാണ് എംബാപെയും ഹാളണ്ടും. ഇരുവർക്കും 4 ഗോളുകൾ വീതമാണുള്ളത്. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിൽ ആരാവും സ്‌കോർ ചെയ്യുക എന്ന ആകാംക്ഷയും ആരാധകർക്കുണ്ട്.
മാത്രമല്ല എംബാപ്പെ 16 ഗോളുകളുമായി ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ നിലവിൽ രണ്ടാമതുണ്ട്. ലയണൽ മെസിയാണ് റെക്കോർഡിൽ ഒന്നാമതുള്ളത്. 18 ഗോളുകൾ. ഇന്ന് രണ്ടെണ്ണം എംബാപ്പെ അടിച്ചാൽ റെക്കോർഡിൽ മെസിക്കൊപ്പം. ഹാട്രിക്കാണെങ്കിൽ മെസിയെ മറികടന്ന് റെക്കോർഡ് സ്വന്തം പേരിലാക്കുകയും ചെയ്യാം. ആദ്യ രണ്ട് കളികളിൽ മിന്നും ഫോമിലായിരുന്നു എംബാപ്പെ ഇന്ന് മികച്ച പ്രകടനം തന്നെ കാഴ്ചവയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സെനഗലിനെയും ഇറാഖിനെയും തോൽപിച്ചാണ് ഇരു ടീമുകളും എത്തുന്നത്. നിലവിലെ കണക്കുകൾ അനുസരിച്ച് നോക്കൗട്ടിൽ ഫ്രാൻസിന് സ്വീഡനും നോർവെയ്ക്ക് ഐവറി കോസ്റ്റുമാണ് എതിരാളികൾ. നോക്കൗട്ടിൽ ബ്രസീൽ- ജപ്പാൻ മത്സരത്തിന്റെ വിജയികളെ ആയിരിക്കും പ്രീ ക്വർട്ടറിൽ നോർവെ- ഐവറി കോസ്റ്റ് മത്സര വിജയികൾ നേരിടേണ്ടി വരിക.
എന്നാൽ ഇന്നത്തെ മത്സര ഫലം നോർവെയ്ക്ക് അനകൂലമായി മാറുകയാണെങ്കിൽ ഗ്രൂപ്പ് ചാംപ്യന്മാരായി ഹാളണ്ടും സംഘവും മാറും. ബ്രസീൽ- ജപ്പാൻ മത്സരത്തിന്റെ വിജയികളെ പ്രീ ക്വർട്ടറിൽ തന്നെ ഫ്രാൻസിനു നേരിടേണ്ടി വരികയും ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates