

ബംഗളൂരു: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ചുവിക്കറ്റിന് കീഴടക്കി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു. ഗുജറാത്ത് ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ ബംഗളൂരു മറികടന്നു. വിരാട് കോഹ്‌ലിയുടെയും ദേവ്ദത്ത് പടിക്കലിന്റെയും അര്‍ധസെഞ്ചുറികളാണ് ടീമിന് ജയമൊരുക്കിയത്. 44 പന്തില്‍ 81 റണ്‍സാണ് കോഹ് ലി അടിച്ചുകൂട്ടിയത്. ഇതില്‍ എട്ടു ഫോറും നാലു സിക്‌സും ഉള്‍പ്പെടുന്നു. 27 പന്തില്‍ 55 റണ്‍സാണ് ദേവ്ദത്ത് പടിക്കലിന്റെ സംഭാവന. ടിം ഡേവിഡും ക്രുണാല്‍ പാണ്ഡ്യയും ചേര്‍ന്നാണ് ഗുജറാത്ത് സ്‌കോര്‍ മറികടന്നത്.
നേരത്തേ സെഞ്ച്വറി നേടിയ സായ് സുദര്‍ശനാണ് ഗുജറാത്തിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. താരം 58 പന്തില്‍ നിന്ന് 100 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബിയുടെത് ഉജ്ജ്വല തുടക്കമായിരുന്നു. ജേക്കബ് ബെത്തല്‍ 14 റണ്‍സെടുത്ത് പുറത്തായെങ്കിലും കോഹ്‌ലിയും ദേവ്ദത്ത് പടിക്കലും വെടിക്കെട്ടൊരുക്കി. ഇരുതാരങ്ങളും ഗുജറാത്ത് ബൗളര്‍മാരെ മാറിമാറി പ്രഹരിച്ചു. അതോടെ പവര്‍പ്ലേയില്‍ സ്‌കോര്‍ 58-ലെത്തി. തകര്‍ത്തടിച്ചതോടെ ഗുജറാത്ത് പ്രതിരോധത്തിലായി. ഒന്‍പതാം ഓവറില്‍ 19 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്. അതോടെ സ്‌കോര്‍ നൂറ് കടന്നു.
വെടിക്കെട്ട് തുടര്‍ന്ന പടിക്കല്‍ കോഹ്‌ലിക്ക് മുന്‍പേ അര്‍ധസെഞ്ചുറിയും തികച്ചു. 21 പന്തിലാണ് താരം ഫിഫ്റ്റി നേടിയത്. പിന്നാലെ തന്നെ കോഹ്‌ലിയുടെ ഫിഫ്റ്റിയുമെത്തി. രണ്ടാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത് ബംഗളൂരുവിന് കാര്യങ്ങള്‍ എളുപ്പാക്കി. 14 ഓവര്‍ അവസാനിക്കുമ്പോള്‍ 158-3 എന്ന നിലയിലായിരുന്നു ആര്‍സിബി. ജിതേഷ് ശര്‍മയും(10) രജത് പാട്ടിദാറും(8) പിന്നാലെ മടങ്ങിയതോടെ ആര്‍സിബി 15.3 ഓവറില്‍ 173-5 എന്ന നിലയിലായി. പിന്നീട് ക്രുണാല്‍ പാണ്ഡ്യയും(23) ടിം ഡേവിഡും(10) ടീമിനെ ജയത്തിലെത്തിച്ചു. 18.5 ഓവറില്‍ ടീം ലക്ഷ്യത്തിലെത്തി.
നേരത്തേ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് 205 റണ്‍സാണെടുത്തത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുറാത്ത് വെടിക്കെട്ടോടെയാണ് തുടങ്ങിയത്. ഓപ്പണര്‍ സായ് സുദര്‍ശനാണ് ഗുജറാത്തിനായി മിന്നിയത്. ശുഭ്മാന്‍ ഗില്ലിനെ ഒരുവശത്തുനിര്‍ത്തി സുദര്‍ശന്‍ ബൗണ്ടറികളുമായി കളം നിറഞ്ഞു. ഏഴോവറില്‍ ടീം സ്‌കോര്‍ 61 റണ്‍സായിരുന്നു. ആ ഘട്ടത്തില്‍ 32 പന്തില്‍ നിന്ന് 48 റണ്‍സായിരുന്നു സുദര്‍ശന്റെ സമ്പാദ്യം. ഗില്‍ നേടിയതാകട്ടെ 11 റണ്‍സ് മാത്രം. എട്ടാം ഓവറില്‍ ഫിഫ്റ്റി തികച്ച താരം ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു.
10 ഓവറെത്തുമ്പോഴേക്കും ടീം 104 റണ്‍സിലെത്തി. 12 ഓവറില്‍ സ്‌കോര്‍ 121 ലും. ആ ഘട്ടത്തില്‍ സുദര്‍ശന്‍ 85 റണ്‍സാണെടുത്തിരുന്നത്. പിന്നാലെ ഗില്‍(32) പുറത്തായി. രണ്ടാം വിക്കറ്റില്‍ ജോസ് ബട്ട്ലറുമായി ചേര്‍ന്ന് സായ് സുദര്‍ശന്‍ ഗുജറാത്തിനെ മുന്നോട്ടുനയിച്ചു. പിന്നാലെ താരത്തിന്റെ സെഞ്ച്വറിയുമെത്തി. ഈ ഐപിഎല്ലിലെ സായ് സുദര്‍ശന്റെ ആദ്യ സെഞ്ച്വറിയാണിത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates