

ഇൻഡോർ: ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം കിട്ടാതെ പോയ സാരാംശ് ജെയ്ൻ രഞ്ജിയിൽ മിന്നും ബൗളിങുമായി കളം വാണു. ബിഹാറിനെതിരായ പോരാട്ടത്തിൽ മധ്യപ്രദേശിനായി പന്തെറിഞ്ഞ താരം ആഭ്യന്തര ക്രിക്കറ്റിലെ തന്റെ ഏറ്റവും മികച്ച ബൗളിങാണ് പുറത്തെടുത്തത്. മത്സരത്തിൽ താരം 40 റൺസ് മാത്രം വഴങ്ങി വീഴ്ത്തിയത് 7 വിക്കറ്റുകൾ. താരത്തിന്റെ മിന്നും ബൗളിങിനു മുന്നിൽ ബിഹാർ മുട്ടുവിറച്ചു നിന്നു. ഒന്നാം ഇന്നിങ്സിൽ അവരുടെ പോരാട്ടം വെറും 99 റൺസിൽ അവസാനിപ്പിക്കാനും സാരാംശിന്റെ കിടിലൻ ബൗളിങ് കാരണമായി.
13 ഓവറിനിടെയാണ് ബിഹാറിനെതിരായ പോരാട്ടത്തിൽ താരം 7 വിക്കറ്റുകൾ വീഴ്ത്തിയത്. 30.3 ഓവറിൽ ബിഹാർ 99 റൺസിൽ ഓൾഔട്ടായി.
ആയുഷ് ലോഹരുക്ക, ക്യാപ്റ്റൻ സാകിബുൽ ഗനി, ആകാശ് രാജ് എന്നിവരെയാണ് ജെയ്ൻ ആദ്യ ഘട്ടത്തിൽ മടക്കിയത്. പിന്നാലെ രാഘവേന്ദ്ര പ്രതാപ് സിങ്, ആദിത്യ രാജ്, സൂരജ് കശ്യപ്, ഹിമാൻഷു സിങ് എന്നിവരേയും കൂടാരം കയറ്റി 7 വിക്കറ്റുകൾ പോക്കറ്റിലാക്കി.
33കാരനായ വലംകൈയൻ ഓഫ് ബ്രേക്ക് സ്പിന്നർ ഇന്ത്യക്കായി നേരത്തെ ഒരു ടെസ്റ്റ് മത്സരം കളിച്ചിരുന്നു. ഈയടുത്ത് അരങ്ങേറിയ ശ്രീലങ്കക്കെതിരായ പോരാട്ടത്തിലാണ് താരം അരങ്ങേറിയത്. പിന്നാലെ ന്യൂസിലൻഡ് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിലേക്ക് താരം വിളി പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. അരങ്ങേറ്റ ടെസ്റ്റിൽ സാരാംശ് 3 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.
ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിലാണ് താരം അരങ്ങേറിയത്. അരങ്ങേറുമ്പോൾ 33 വയസായിരുന്നു ജെയ്നിന്. 1998ൽ റോബിൻ സിങിനു ശേഷം ഇന്ത്യയ്ക്കായി ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായമുള്ള താരമായി ജെയ്ൻ മാറിയിരുന്നു. മധ്യപ്രദേശിനായി 59 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച ജെയ്ൻ 28.23 ശരാശരിയിൽ 195 വിക്കറ്റുകൾ വീഴ്ത്തി. 2312 റൺസും അദ്ദേഹം ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നേടിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates