

ലണ്ടൻ: ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റിൽ ടീമിനു ഉജ്ജ്വല വിജയം സമ്മാനിച്ച് ഇന്ത്യൻ ഇടം കൈയൻ സ്പിന്നർ സായ് കിഷോർ. കൗണ്ടി ചാംപ്യൻഷിപ്പിൽ ഡെർബിഷെയറിനെതിരെ ഗ്ലോസ്റ്റെർഷെയർ 213 റൺസിന്റെ കൂറ്റൻ ജയം സ്വന്തമാക്കിയപ്പോൾ രണ്ടാം ഇന്നിങ്സിൽ ഉജ്ജ്വല ബൗളിങുമായി കളം വാണത് സായ് കിഷോർ. 319 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഡെർബിഷെയർ വെറും 105 റൺസിൽ ഓൾ ഔട്ടായപ്പോൾ സായ് കിഷോർ 5 വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി. ആദ്യ ഇന്നിങ്സിൽ 2 വിക്കറ്റെടുത്ത താരം രണ്ടിന്നിങ്സിലുമായി മൊത്തം 7 വിക്കറ്റുകൾ പിഴുതു.
അവസാന ദിവനത്തിൽ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബൗളിങിനെത്തിയ താരം പിച്ചിലെ ആനുകൂല്യം ശരിക്കും മുതലെടുത്ത് സമ്പൂർണ ആധിപത്യം പുലർത്തിയാണ് പന്തെറിഞ്ഞത്. റൺസ് വിട്ടുകൊടുക്കാതെ ബാറ്റർമാരെ താരം അതീവ സമ്മർദ്ദത്തിലേക്ക് തള്ളിയിട്ടു. കൃത്യതയോടെ പന്തെറിഞ്ഞ താരം 18 ഓവറിൽ 12 മെയ്ഡൻ ഉൾപ്പെടെ വെറും 20 റൺസ് മാത്രം വഴങ്ങിയാണ് 5 വിക്കറ്റുകൾ കൊയ്തത്. ഡെർബിഷെയറിന്റെ അഞ്ച് മുൻനിര വിക്കറ്റുകൾ സായിയുടെ കുത്തിത്തിരിഞ്ഞ പന്തുകൾക്ക് മുന്നിൽ നിലംപൊത്തി.
താരത്തിന്റെ സ്പിന്നിനെ കളിക്കാൻ സാധിക്കാതെ ഡെർബിഷെയർ ബാറ്റിങ് നിര പാടുപെട്ടു. രണ്ടാം ഇന്നിങ്സിൽ ഡെർബിഷെയറിനു നഷ്ടമായ 10 വിക്കറ്റുകളും ഗ്ലോസ്റ്റെർഷെയറിന്റെ സ്പിന്നർമാർ വീഴ്ത്തി.
അതേസമയം ആഭ്യന്തര ക്രിക്കറ്റിലും ഇംഗ്ലണ്ടിലെ കൗണ്ടിയിലും തുടരെ മികച്ച പ്രകടനമാണ് സായ് പുറത്തെടുക്കുന്നത്. എന്നാൽ ഇന്ത്യൻ ടീമിലേക്ക് താരത്തെ പരിഗണിക്കാതെ നിരന്തരം തഴയുന്നത് ബിസിസിഐ സെലക്ടർമാർ തുടരുകയാണ്. റെഡ് ബോൾ ക്രിക്കറ്റിൽ ഇന്ത്യ നിലവിൽ പരിവർത്തന ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. സായ് അടക്കമുള്ള സ്ഥിരത പുലർത്തുന്ന താരങ്ങളെ ടീമിലേക്ക് എത്തിക്കുന്നത് ഇന്ത്യയുടെ നിലവിലെ പ്രതിസന്ധികൾക്ക് പരിഹാരം കൂടിയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates