മൂന്ന് 'മിന്നല്‍' അര്‍ധ സെഞ്ച്വറികള്‍; ഇംഗ്ലണ്ടിന് മുന്നില്‍ 330 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യ

മൂന്ന് 'മിന്നല്‍' അര്‍ധ സെഞ്ച്വറികള്‍; ഇംഗ്ലണ്ടിന് മുന്നില്‍ 330 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യ
ഋഷഭ് പന്തിന്റെ ബാറ്റിങ്/ ട്വിറ്റർ
ഋഷഭ് പന്തിന്റെ ബാറ്റിങ്/ ട്വിറ്റർ
Updated on: 
2 min read

പുനെ: നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് മുന്നില്‍ 330
റണ്‍സിന്റെ വിജയ ലക്ഷ്യം വച്ച് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.2 ഓവറില്‍ 329 റണ്‍സെടുത്ത് പുറത്തായി. ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ഇന്ത്യക്കായി പരമ്പരയിലാദ്യമായി ഓപ്പണര്‍മാര്‍ സെഞ്ച്വറി കൂട്ടുകെട്ട് തീര്‍ത്തതോടെ മികച്ച തുടക്കമാണ് ടീമിന് ലഭിച്ചത്. പിന്നീട് 18 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ കളഞ്ഞുകുളിച്ച് ഇന്ത്യ തകരുകയും ചെയ്തു. എന്നാല്‍ പിന്നീട് ക്രീസില്‍ ഒന്നിച്ച ഋഷഭ് പന്ത് ഹര്‍ദിക് പാണ്ഡ്യ സഖ്യം വീണ്ടും പോരാട്ടം ഇംഗ്ലണ്ട് ക്യാമ്പിലേക്ക് നയിച്ചതോടെ ഇന്ത്യ വീണ്ടും ട്രാക്കിലായി. 

62 പന്തില്‍ നാല് സിക്‌സും അഞ്ച് ഫോറും സഹിതം 78 റണ്‍സ് വാരിയ ഋഷഭ് പന്താണ് ടീമിന്റെ ടോപ് സ്‌കോറര്‍. ഹര്‍ദിക് പാണ്ഡ്യ 44 പന്തില്‍ നാല് സിക്‌സും അഞ്ച് ഫോറും സഹിതം 64 റണ്‍സും അടിച്ചു കൂട്ടി ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 99 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 21 പന്തില്‍ മൂന്ന് സിക്‌സുകള്‍ സഹിതം 30 റണ്‍സെടുത്ത് ശാര്‍ദുല്‍ ഠാക്കൂറും ഇന്നിങ്‌സിലേക്ക് മികച്ച സംഭാവന നല്‍കി. ക്രുണാല്‍ പാണ്ഡ്യ 25 റണ്‍സെടുത്തു. 

ഓപ്പണര്‍മാരായ രോഹിത് ശര്‍മ (37 പന്തില്‍ 37), ശിഖര്‍ ധവാന്‍ (56 പന്തില്‍ 67), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (10 പന്തില്‍ ഏഴ്), കെഎല്‍ രാഹുല്‍ (18 പന്തില്‍ ഏഴ്) എന്നിവരാണ് പുറത്തായത്. ഓപ്പണര്‍മാരെ ആദില്‍ റഷീദും കോഹ്‌ലിയെ മോയിന്‍ അലിയും പുറത്താക്കി. ലിവിങ്സ്റ്റണിനാണ് രാഹുലിന്റെ വിക്കറ്റ്. പന്തിനെ സാം കറനും ഹര്‍ദികിനെ ബെന്‍ സ്‌റ്റോക്‌സും ശാര്‍ദുലിനെ മാര്‍ക് വുഡ്‌സും മടക്കി. ഇംഗ്ലണ്ടിനായി മാര്‍ക് വുഡ്‌സ് മൂന്നും ആദില്‍ റഷീദ് രണ്ടും വിക്കറ്റുകള്‍ നേടി. 

ഓപ്പണിങ് വിക്കറ്റില്‍ 14.4 ഓവറില്‍ 103 റണ്‍സടിച്ചുകൂട്ടിയാണ് രോഹിത് ധവാന്‍ സഖ്യം ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയത്. കഴിഞ്ഞ മത്സരത്തിലെ മെല്ലെപ്പോക്കിന്റെ പരാതി തീര്‍ത്ത ഇരുവരും ഓവറില്‍ ശരാശരി ആറ് റണ്‍സ് എന്ന നിലയിലാണ് മുന്നേറിയത്. 48 പന്തില്‍ ഇരുവരും ഇന്ത്യയെ 50 കടത്തി. അടുത്ത 50 റണ്‍സിലേക്ക് വേണ്ടിവന്നത് വെറും 36 പന്തുകള്‍ മാത്രം. അതിനിടെ 44 പന്തില്‍ ഒന്‍പത് ഫോറുകളോടെ ധവാന്‍ ഏകദിനത്തിലെ 32ാം അര്‍ധ ശതകം തികച്ചു.

ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്കെന്ന് കരുതിയിരിക്കെയാണ് ആദില്‍ റഷീദ് കളി തിരിച്ചത്. പിന്നീട് വെറും 18 റണ്‍സിനിടെ ഇന്ത്യയ്ക്ക് നഷ്ടമായത് മൂന്ന് നിര്‍ണായക വിക്കറ്റുകള്‍. 37 പന്തുകള്‍ നേരിട്ട് ആറ് ഫോറുകള്‍ സഹിതം 37 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ആദ്യം പുറത്തായത്. ആദില്‍ റഷീദിന്റെ ഗൂഗ്ലിയില്‍ ക്ലീന്‍ ബൗള്‍ഡ്.

അധികം വൈകാതെ ധവാനും പുറത്തായി. കൃത്യമായ ഇടവേളകളില്‍ ഫോറുകള്‍ കണ്ടെത്തി സ്‌കോറുയര്‍ത്തിയ ധവാനെ റഷീദ് സ്വന്തം ബൗളിങ്ങില്‍ പിടികൂടി. 56 പന്തില്‍ 10 ഫോറുകള്‍ സഹിതം 67 റണ്‍സായിരുന്നു സമ്പാദ്യം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com