

ന്യൂഡൽഹി: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഡർബനിൽ കിങ്സ്മീഡ് മൈതാനത്ത് ഇന്ത്യൻ സമയം രാത്രി ഏഴരയ്ക്കാണ് മത്സരം. സൂര്യകുമാർ യാദവാണ് ടീമിനെ നയിക്കുക. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടത്തിനിറങ്ങുന്നത്. ഓസ്ട്രേലിയ്ക്കെതിരെ സ്വന്തം മണ്ണിൽ 4-1നായിരുന്നു ടീം ഇന്ത്യയുടെ പരമ്പര ജയം.
പ്രമുഖരിൽ പലരെയും പുറത്തിരുത്തിയാണ് ഇരു ടീമുകളും ടി20 പരമ്പരയ്ക്ക് ഇറങ്ങുന്നത്. ഇന്ത്യയുടെ മുൻനിര താരങ്ങളായ രോഹിത് ശർമ്മ, വിരാട് കോഹ്ലി, മുഹമ്മദ് ഷമി എന്നിവർ പരമ്പരയിൽ കളിക്കില്ല. ശുഭ്മൻ ഗിൽ, ശ്രേയസ് അയ്യർ, ഇശാൻ കിഷൻ, മുഹമ്മദ് സിറാജ് എന്നിവരെ നിലനിർത്തിയിട്ടുണ്ട്.
ആതിഥേയ ഇലവനിൽ നായകൻ ടെംബ ബവുമ അവധിയിലാണ്. പകരം എയ്ഡൻ മാർക്രമാകും നയിക്കുക. ക്വിന്റൻ ഡി കോക്കും ഇറങ്ങിയേക്കില്ല. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ഒരുങ്ങുന്നതായി സൂചന നൽകിയ താരം അടുത്ത വർഷത്തെ ടി20 ലോകകപ്പോടെ പടിയിറങ്ങിയേക്കും. കാഗിസോ റബാഡയും ടീമിലുൾപ്പെട്ടിട്ടില്ല. പകരക്കാരനായി നാന്ദ്രേ ബർഗറാകും എത്തുക. ബൗളിങ്ങിൽ കരുത്തുറപ്പിച്ച് ജെറാൾഡ് കോറ്റ്സി, മാർകോ ജാൻസൻ എന്നിവരെ നിലനിർത്തി. ലുൻഗി എൻഗിഡിയും കേശവ് മഹാരാജും ടീമിലുണ്ടാകും.
മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയും തുടർന്ന് മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക പര്യടനത്തിലുള്ളത്. ഏകദിന പരമ്പരയിൽ കെ എൽ രാഹുൽ ടീമിനെ നയിക്കും. മത്സരം സ്റ്റാർ സ്പോർട്സ് നെറ്റ്വർക്കിൽ തത്സമയം സംപ്രേക്ഷണം ചെയ്യും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates