

ഇന്‍ഡോര്‍: മൂന്നാം ടി20 പോരാട്ടത്തില്‍ റണ്‍സ് പിന്തുടര്‍ന്നു ജയിക്കാമെന്ന വെസ്റ്റ് ഇന്‍ഡീസ് മോഹം തല്ലിക്കെടുത്തി ഇന്ത്യന്‍ ബൗളര്‍മാര്‍. മൂന്നാം ടി20യില്‍ വിന്‍ഡീസിനെതിരെ ഇന്ത്യക്ക് 14 റണ്‍സിന്റെ വിജയം. ജയ വഴിയില്‍ തിരിച്ചെത്തിയ ഇന്ത്യ പരമ്പരയില്‍ ഇതോടെ 2-1നു മുന്നിലുമെത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 223 റണ്‍സില്‍ എല്ലാവരും പുറത്തായി. ജയം തേടിയിറങ്ങിയ വിന്‍ഡീസിന്റെ പോരാട്ടം 7 വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സില്‍ അവസാനിച്ചു.
ഇന്ത്യന്‍ ബൗളര്‍മാര്‍ ഇത്തവണ തന്ത്രപരമായി പന്തെറിഞ്ഞു. അര്‍ഷ്ദീപ് സിങ് 3 വിക്കറ്റുകള്‍ വീഴ്ത്തി. നമാന്‍ ധിര്‍ 2 വിക്കറ്റും സ്വന്തമാക്കി. അക്ഷര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ജയത്തിലേക്ക് ബാറ്റെടുത്ത വിന്‍ഡീസിന് ഫോമിലുള്ള അവരുടെ നായകന്‍ ഷായ് ഹോപിനെയാണ് ആദ്യം നഷ്ടമായത്. താരം ഇത്തവണ 5 റണ്‍സുമായി മടങ്ങി. പിന്നീട് ക്രീസില്‍ ഒന്നിച്ച കാമില്‍ പൂരാന്‍- ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ സഖ്യം പോരാട്ടം ഇന്ത്യന്‍ ക്യാംപിലേക്ക് നയിച്ചു.
സ്‌കോര്‍ 67ല്‍ നില്‍ക്കെ ഹെറ്റ്‌മെയറും പുറത്ത്. താരമാണ് വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍. 26 പന്തില്‍ 2 സിക്‌സും 6 ഫേറും സഹിതം ഹെറ്റ്‌മെയര്‍ 43 റണ്‍സെടുത്തു. കാമില്‍ പൂരാന്‍ 27 പന്തില്‍ 3 വീതം സിക്‌സും ഫോറും സഹിതം 42 റണ്‍സ് അടിച്ചു.
റോവ്മാന്‍ പവലിന് തിളങ്ങാനായില്ല. താരം 5 റണ്‍സുമായി മടങ്ങി. അപകടകാരിയായ ഷെര്‍ഫെയ്ന്‍ റതര്‍ഫോര്‍ഡും തിളങ്ങി. പക്ഷേ താരത്തിനു വിജയത്തിലേക്ക് ടീമിനെ നയിക്കാനായില്ല. താരം 20 പന്തില്‍ 2 വീതം സിക്‌സും ഫോറും സഹിതം 32 റണ്‍സെടുത്തു. ക്വിന്റിന്‍ സാംപ്‌സന്‍ 15 പന്തില്‍ 21 റണ്‍സും കണ്ടെത്തി.
അവസാന ഘട്ടത്തില്‍ ഷമര്‍ സ്പ്രിങര്‍ 4 സിക്‌സും 2 ഫേറും സഹിതം ഇന്ത്യയെ വിറപ്പിച്ചെങ്കിലും താരത്തിനും ടീമിനെ ജയത്തിലേക്ക് നയിക്കാനായില്ല. താരം 11 പന്തില്‍ 35 റണ്‍സുമായി പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നേടി വിന്‍ഡീസ് ബൗളിങ് എടുക്കുകയായിരുന്നു. അതിവേഗ അര്‍ധ സെഞ്ച്വറിയുമായി കളം വാണ അഭിഷേക് ശര്‍മയുടെ മികവിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ ഉയര്‍ത്തിയത്. ഇഷാന്‍ കിഷന്‍, തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, അവസാന ഓവറില്‍ 3 ഫോറുകള്‍ സഹിതം 6 പന്തില്‍ 13 റണ്‍സെടുത്ത് പ്രിന്‍സ് യാദവ് എന്നിവരുടെ അവസരോചിത ഇന്നിങ്‌സുകളും ഇന്ത്യക്ക് ബലമായി.
ഇന്ത്യക്കായി ഓപ്പണിങ് ഇറങ്ങിയ മലയാളി താരം സഞ്ജു സാംസണ് തിളങ്ങാനായില്ല. താരം 3 റണ്‍സുമായി പുറത്തായി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. താരം 2 പന്തില്‍ 1 റണ്‍സുമായി പുറത്തായി.
18 പന്തില്‍ അതിവേഗ അര്‍ധ സെഞ്ച്വറിയുമായി ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ കളം വാണു. 4 വീതം സിക്‌സും ഫോറും സഹിതമാണ് അഭിഷേക് 50 കടന്നത്. 30 പന്തില്‍ 5 സിക്‌സും 6 ഫോറും സഹിതം അഭിഷേക് 69 റണ്‍സുമായി മടങ്ങി.
തിലക് വര്‍മ 16 പന്തില്‍ 4 ഫോറുകള്‍ സഹിതം 28 റണ്‍സെടുത്തു. നിതീഷ് 14 പന്തില്‍ 3 ഫോറുകള്‍ സഹിതം 21 റണ്‍സും അക്ഷര്‍ പട്ടേല്‍ 14 പന്തില്‍ 20 റണ്‍സും എടുത്തു. അര്‍ഷ്ദീപ് 8 പന്തില്‍ 11 റണ്‍സും കണ്ടെത്തി.
വിന്‍ഡീസിനായി റോസ്റ്റന്‍ ചേസ്, ഷമര്‍ ജോസഫ്, ഷമര്‍ സ്പ്രിങര്‍ എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ നേടി. കീമോ പോള്‍, ഗുഡാകേഷ് മോട്ടി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates