

ചണ്ഡീഗഢ്: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് വിജയക്കുതിപ്പ് തുടരുന്നു. ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ അവര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 6 വിക്കറ്റിനു വീഴ്ത്തി. അപരാജിത മുന്നേറ്റം നടത്തുന്ന പഞ്ചാബ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി. ആദ്യം ബാറ്റ് ചെയ്ത എസ്ആര്‍എച് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ് അടിച്ചുകൂട്ടി. എന്നാല്‍ സണ്‍റൈസേഴ്‌സിന്റെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന പഞ്ചാബ് ഒരു ഘട്ടത്തില്‍ പോലും പതറിയില്ല. അവര്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സ് അടിച്ചെടുത്താണ് വിജയം സ്വന്തമാക്കിയത്. 18.5 ഓവറില്‍ തന്നെ പഞ്ചാബ് ജയത്തിലെത്തി.
ഓപ്പണര്‍മാരായ പ്രിയാംശ് ആര്യ, പ്രഭ്‌സിമ്രാന്‍ സിങ്, ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് പഞ്ചാബ് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. ശ്രേയസാണ് ടോപ് സ്‌കോറര്‍.
ഹൈദരാബാദ് പവര്‍പ്ലേയില്‍ നടത്തിയ മിന്നലടിക്ക് അതേനാണയത്തില്‍ തന്നെ പഞ്ചാബ് തിരിച്ചടി നല്‍കി. പഞ്ചാബ് ഓപ്പണര്‍മാര്‍ 99 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. പവര്‍ പ്ലേയില്‍ 93 റണ്‍സാണ് പ്രിയാംശ്- പ്രഭ്‌സിമ്രാന്‍ സഖ്യം അടിച്ചെടുത്തത്.
ഇരുവരും പുറത്തായ ശേഷം വന്ന കൂപ്പര്‍ കോണോലിക്ക് കാര്യമായി തിളങ്ങാനായില്ലെങ്കിലും ഒരറ്റത്ത് പുറത്താകാതെ നിന്നു ശ്രേയസ് ടീമിനെ ജയത്തിലേക്ക് നയിച്ചു. 33 പന്തില്‍ 5 വീതം സിക്‌സും ഫോറും തൂക്കി ശ്രേയസ് 69 റണ്‍സ് വാരി പുറത്താകാതെ നിന്നു.
പ്രിയാംശ് ആര്യ 20 പന്തില്‍ 5 വീതം സിക്‌സും ഫോറും സഹിതം 57 റണ്‍സെടുത്തു. പ്രഭ്‌സിമ്രാന്‍ 25 പന്തില്‍ 4 വീതം സിക്‌സും ഫോറും തൂക്കി 51 റണ്‍സും കണ്ടെത്തി. നേഹല്‍ വധേരയ്ക്ക് (14) തിളങ്ങാനായില്ല. ശശാങ്ക് സിങ് 9 പന്തില്‍ ഓരോ സിക്‌സും ഫോറും തൂക്കി 16 റണ്‍സുമായി ടീം വിജയിക്കുമ്പോള്‍ ക്യാപ്റ്റനൊപ്പം ക്രീസില്‍ തുടര്‍ന്നു. ഫോറടിച്ച് ശശാങ്കാണ് ടീമിനെ വിജയ തീരത്തെത്തിച്ചത്.
ഹൈദരാബാദിനായി ശിവംഗ് കുമാര്‍ റെഡി 3 വിക്കറ്റുകള്‍ നേടിയത് മാറ്റി നിര്‍ത്തിയാല്‍ ഹൈദരാബാദിന്റെ ബൗളിങ് അമ്പേ നിരാശപ്പെടുത്തുന്നതായി. ഹര്‍ഷ് ദുബെ ഒരു വിക്കറ്റെടുത്തു.
നേരത്തെ ടോസ് നേടി പഞ്ചാബ് ബൗളിങ് എടുക്കുകയായിരുന്നു. കത്തും ഫോമിലേക്ക് തിരിച്ചെത്തിയ ഓപ്പണര്‍ അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും ചേര്‍ന്നു മിന്നല്‍ തുടക്കമാണ് സണ്‍റൈസേഴ്‌സിനു നല്‍കിയത്. തുടക്കം മുതല്‍ സണ്‍റൈസേഴ്‌സ് സ്‌കോര്‍ അതിവേഗം കുതിച്ചുയര്‍ന്നു. അഭിഷേക് 18 പന്തില്‍ അര്‍ധ സെഞ്ച്വറിയിടിച്ച് പോരാട്ടം പഞ്ചാബ് ക്യാംപിലേക്ക് നയിച്ചു.
ഒന്‍പതാം ഓവറിലെ ആദ്യ പന്തില്‍ ഓപ്പണര്‍ ട്രാവിസ് ഹെഡിനേയും ഇതേ ഓവറിന്റെ മൂന്നാം പന്തില്‍ അഭിഷേക് ശര്‍മയേയും പഞ്ചാബ് മടക്കിയെങ്കിലും 8.3 ഓവറില്‍ എസ്ആര്‍എച് അപ്പോഴേക്കും 122 റണ്‍സിലെത്തിയിരുന്നു. ഇരുവരും ചേര്‍ന്നു ഒന്നാം വിക്കറ്റില്‍ വെറും 49 പന്തില്‍ കൂട്ടിച്ചേര്‍ത്തത് 120 റണ്‍സ്. ശശാങ്ക് സിങാണ് ഒറ്റ ഓവറില്‍ ഇരുവരേയും മടക്കി ബാറ്റിങ് കൊടുങ്കാറ്റ് ശമിപ്പിച്ചത്.
അഭിഷേക് 28 പന്തില്‍ 8 സിക്‌സും 5 ഫോറും സഹിതം 74 റണ്‍സ് വാരിയാണ് ക്രീസ് വിട്ടത്. ട്രാവിസ് ഹെഡ് 23 പന്തില്‍ ഒരു സിക്‌സും 5 ഫോറും സഹിതം 38 റണ്‍സെടുത്തും പുറത്തായി.
പിന്നീടിറങ്ങിയവര്‍ക്ക് ഓപ്പണര്‍മാരുടെ വേഗം നിലനിര്‍ത്താനായില്ലെങ്കിലും മികച്ച സ്‌കോറിലെത്താന്‍ എസ്ആര്‍എചിനു അതു തടസമായില്ല. ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍ 3 ഫോറും ഒരു സിക്‌സും സഹിതം 17 പന്തില്‍ 27 റണ്‍സെടുത്തു.
ഹെയ്ന്റിച് ക്ലാസന്‍ 33 പന്തില്‍ 39 റണ്‍സെടുത്തു മടങ്ങി. അനികേത് വര്‍മ 9 പന്തില്‍ 18 റണ്‍സടിച്ചും സ്‌കോറിലേക്ക് നിര്‍ണായക സംഭാവന നല്‍കി.
പഞ്ചാബിനായി അര്‍ഷ്ദീപ് സിങ്, ശശാങ്ക് സിങ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. സേവ്യര്‍ ബാര്‍ട്‌ലറ്റ് ഒരു വിക്കറ്റ് സ്വന്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates