

ലഖ്നൗ: ഫോൺ വിളിച്ച് യുവതി ഭീഷണിപ്പെടുത്തുന്നതായി പൊലീസിൽ പരാതി നൽകി ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനായി കളിക്കുന്ന വിപ്രജ് നിഗം. ഉത്തർപ്രദേശ് താരമായ വിപ്രജ് ബരാബങ്കി കോട്‌വാലി പൊലീസിനാണ് പരാതി നൽകിയത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ക്രിമിനൽ കേസിൽ കുടുക്കുമെന്നു പറഞ്ഞു ഒരു മൊബൈൽ നമ്പറിൽ നിന്നു തനിക്കു നിരന്തരം കോളുകൾ കിട്ടുന്നുവെന്നാണ് താരത്തിന്റെ പരാതി. നമ്പർ ബ്ലോക്ക് ചെയ്തപ്പോൾ നിരവധി വിദേശ നമ്പറുകളിൽ നിന്നു ഭീഷണി കോളുകൾ ലഭിക്കുന്നുവെന്നും താരം പരാതിയിൽ വ്യക്തമാക്കി.
ഹൈദരാബാദ് സ്വദേശിയും നിലവിൽ ഉത്തർപ്രദേശ് ടീമിനായി കളിക്കുകയും ചെയ്യുന്ന വനിതാ ക്രിക്കറ്റ് താരവുമായുള്ള തർക്കമാണ് പരാതിക്കു പിന്നിലെന്നാണ് വിവരം. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. സമൂഹ മാധ്യമത്തിലൂടെയാണ് ഇരുവരും തമ്മിലടുത്തത്. ഈ ബന്ധത്തിൽ പിന്നീട് തർക്കങ്ങൾ ഉടലെടുത്തു. പിന്നാലെയാണ് ആരോപണങ്ങൾ ഉയർന്നതും പരാതി നൽകിയതും.
തന്റെ പ്രശസ്തിയ്ക്കു കോട്ടം പറ്റുന്ന തരത്തിലുള്ള ഒരു വിഡിയോ കൈവശമുണ്ടെന്നു ഇതു പുറത്തു വിടുമെന്നും പറഞ്ഞാണ് യുവതി നിരന്തരം ഭീഷണിപ്പെടുത്തുന്നത്. തന്റെ ക്രിക്കറ്റ് കരിയറിനേയും മാനസിക ആരോഗ്യത്തേയും ഈ പ്രശ്നം ബാധിച്ചെന്നും പരാതിയിൽ താരം ഉന്നയിക്കുന്നു.
പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. കോൺ വിശദാംശങ്ങളും ഡിജിറ്റൽ തെളിവുകളും പരിശോധിച്ചു വരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
അതേസമയം വിപ്രജിനെതിരെ യുവതിയും പരാതി നൽകിയെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. വിപ്രജ് തന്നെ നോയിഡയിലെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടെന്നും എന്നാൽ പിന്നീട് തർക്കമുണ്ടായെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. വിവാഹം കഴിക്കില്ലെന്നും സമൂഹമാധ്യമങ്ങളിൽ ബ്ലോക്ക് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. രൂക്ഷമായ തർക്കമുണ്ടായപ്പോൾ വിപ്രജ് തന്നെ ഹോട്ടൽ മുറിയിൽ നിന്നു ബലം പ്രയോഗിച്ച് പുറത്താക്കിയെന്നും യുവതി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
വിപ്രജ് തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങളെല്ലാം തെറ്റാണ്. കേസിൽ നിരപരാധിത്വം തെളിയിക്കാൻ വിപ്രജിന്റെ അമ്മയുമായുള്ള ഫോൺ സംഭാഷണത്തിന്റെ റെക്കോർഡിങും വിപ്രജിനൊപ്പമുള്ള നിരവധി റെക്കോർഡിങുകളും തന്റെ പങ്കലുണ്ടെന്നും യുവതി അവകാശപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates