

കൊച്ചി: അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ കളിക്കുന്നത് സംശയത്തിൽ. 2025-26 സീസണിലേക്കുള്ള ക്ലബിന്റെ ലൈസൻസ് എഐഎഫ്എഫ് പുതുക്കി നൽകിയില്ല. ഹോം ഗ്രൗണ്ടായ കലൂർ സ്റ്റേഡിയത്തിനു മതിയായ സുരക്ഷയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.
പുതിയ സീസണിനു മുന്നോടിയായുള്ള ക്ലബ് ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലാണ് ടീമിനു വീഴ്ച പറ്റിയിരിക്കുന്നത്. ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള നിരവധി ടീമുകൾ അപേക്ഷ നൽകിയിരുന്നു. എന്നാൽ പഞ്ചാബ് എഫ്സിക്കു മാത്രമാണ് നിലവിൽ എല്ലാ മാനദണ്ഡങ്ങളും അനുസരിച്ചുള്ള ലൈസൻസ് നൽകിയിട്ടുള്ളത്. നിബന്ധനകളോടെ ചില ടീമുകൾക്കും ലൈസൻസ് പുതുക്കി നൽകിയിട്ടുണ്ട്. സ്റ്റേഡിയത്തിലെ സുരക്ഷാ മനദണ്ഡങ്ങളും മറ്റും പരിശോധിച്ചാണ് ലൈസൻസ് നൽകാറുള്ളത്.
കലൂർ സ്റ്റേഡിയത്തിനു സുരക്ഷയില്ലെന്നാണ് ഫെഡറേഷൻ കണ്ടെത്തിയത്. സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ ജിസിഡിഎ ആണ് ഇക്കാര്യത്തിൽ വീഴ്ച വരുത്തിയത് എന്നാണ് ബ്ലാസ്റ്റേഴ്സ് അധികൃതർ പറയുന്നത്.
സ്റ്റേഡിയത്തിൽ സൗകര്യങ്ങൾ ഒരുക്കേണ്ടത് ക്ലബിന്റെ ഉത്തരവാദിത്വമല്ല. ഇതൊന്നും ക്ലബിന്റെ നിയന്ത്രണത്തിലല്ല. എങ്കിലും പരിഹാരം കാണാനുള്ള ശ്രമങ്ങൾ ടീം തുടരുകയാണെന്നു ബ്ലാസ്റ്റേഴ്സ് അധികൃതർ വ്യക്തമാക്കി.
നിബന്ധനകളോടെ ലൈസൻസ് ലഭിച്ച ടീമുകൾ: മുംബൈ സിറ്റി എഫ്‌സി, മോഹൻ ബഗാൻ സൂപ്പർ ജയന്റ്, ബംഗളൂരു എഫ്‌സി, ജംഷഡ്പൂർ എഫ്‌സി, എഫ്‌സി ഗോവ, ചെന്നൈയിൻ എഫ്‌സി, ഈസ്റ്റ് ബംഗാൾ എഫ്‌സി.
ലൈസൻസ് നിരസിക്കപ്പെട്ട ടീമുകൾ: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, ഹൈദരാബാദ് എഫ്‌സി, ഒഡിഷ എഫ്‌സി, നോർത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്‌സി, മുഹമ്മദൻ സ്‌പോർടിങ് ക്ലബ്, ചർച്ചിൽ ബ്രദേഴ്‌സ് എഫ്‌സി ഗോവ, ഇന്റർ കാശി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
