

ന്യൂ ചണ്ഡീഗഢ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ മഹാരാഷ്ട്രയ്‌ക്കെതിരെ കേരളത്തിന് 94 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. കേരളമുയര്‍ത്തിയ 212 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന മഹാരാഷ്ട്ര 117 റണ്‍സിന് ഓള്‍ഔട്ടായി. 28 റണ്‍സ് നേടിയ രാമകൃഷ്ണ ഘോഷാണ് അവരുടെ ടോപ് സ്‌കോറര്‍. നാലോവറില്‍ 27 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ പിഴുത എംഡി നിധീഷാണ് കേരളത്തിന്റെ ജയം എളുപ്പമാക്കിയത്. സീസണില്‍ കേരളത്തിന്റെ ആദ്യ ജയമാണിത്. സ്‌കോര്‍: കേരളം - 20 ഓവറില്‍ എട്ടിന് 211, മഹാരാഷ്ട്ര - 16 ഓവറില്‍ 117ന് പുറത്ത്.
മത്സരത്തില്‍ ടോസ് നേടിയ കേരളം ബാറ്റിങ് തെരഞ്ഞെടുക്കുയായിരുന്നു. ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍ അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍, ക്യാപ്റ്റന്‍ സഞ്ജു സാംസണും ഫോമിലേക്കുയര്‍ന്നു. രണ്ടാം ഓവറില്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ (1) വിക്കറ്റ് വീണെങ്കിലും രോഹന്‍ ക്ഷമയോടെ പിടിച്ചു നിന്നു. അഹമ്മദ് ഇമ്രാന്‍ 13 റണ്‍സ് നേടി പുറത്തായി. മൂന്നാം വിക്കറ്റില്‍ രോഹനും സഞ്ജും ചേര്‍ന്ന് സ്‌കോര്‍ 100 കടത്തി. ഇരുവരും ചേര്‍ന്ന് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടൊരുക്കി. സ്‌കോര്‍ 118ല്‍ നില്‍ക്കേ 47 റണ്‍സ് നേടിയ സഞ്ജു കൂടാരം കയറി. 16 പന്തില്‍ മൂന്ന് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതാണ് കേരള ക്യാപ്റ്റന്റെ ഇന്നിങ്‌സ്.
സ്‌കോര്‍ 150 കടത്തി, 15-ാം ഓവറിലാണ് രോഹന്‍ പുറത്തായത്. 47 പന്തില്‍ 9 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 75 റണ്‍സാണ് രോഹന്റെ ബാറ്റില്‍ നിന്ന് പിറന്നത്. വിഷ്ണു വിനോദ് (15 പന്തില്‍ 19), സല്‍മാന്‍ നിസാര്‍ (13 പന്തില്‍ 29*) എന്നിവര്‍ ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തി. മഹാരാഷ്ട്രയ്ക്കു വേണ്ടി മുകേഷ് ചൗധരി മൂന്നും വിക്കി ഓസ്വാള്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മഹാരാഷ്ട്ര തുടക്കം മുതല്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടു. ക്യാപ്റ്റന്‍ പൃഥ്വി ഷാ ഉള്‍പ്പെടെ ഏഴ് ബാറ്റര്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. കേരളത്തിനായി നിധീഷ് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍, ബിജു നാരായണന്‍ മൂന്ന് മഹാരാഷ്ട്ര ബാറ്റര്‍മാരെ കൂടാരം കയറ്റി. 18ന് ആന്ധ്രയ്‌ക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ കേരളം മധ്യപ്രദേശിനോട് തോറ്റിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates