

തിരുവനന്തപുരം: കെസിഎൽ മൂന്നാം സീസണിൽ ആദ്യ വിജയവുമായി ട്രിവാൻഡ്രം റോയൽസ്. കൊച്ചി ബ്ലൂ ടൈഗേഴ്സിനെ 55 റൺസിനാണ് റോയൽസ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ട്രിവാൻഡ്രം റോയൽസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 185 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചിക്ക് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് മാത്രമാണ് നേടാനായത്. ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങി റോയൽസിന് വിജയമൊരുക്കിയ സിജോമോൻ ജോസഫാണ് പ്ലെയർ ഓഫ് ദി മാച്ച്. ട്രിവാൻഡ്രം റോയൽസ് - 20 ഓവറിൽ 185/5, കൊച്ചി ബ്ലൂ ടൈഗേഴ്സ് - 20 ഓവറിൽ 130/9
രണ്ടാം ഓവറിൽ തന്നെ അഭിഷേക് പി നായരെ നഷ്ടമായെങ്കിലും കൃഷ്ണപ്രസാദും വിഷ്ണു വിനോദും ചേർന്ന് റോയൽസിന് ഭേദപ്പെട്ട തുടക്കം നൽകി. പതിവ് ശൈലിയിൽ തകർത്തടിച്ച വിഷ്ണു വിനോദ് അതിവേഗം സ്കോർ ബോർഡ് മുന്നോട്ടു നീക്കി. എന്നാൽ ഒരോവറിൽ ഇരട്ടപ്രഹരവുമായി കാർത്തിക് ബി നായർ റോയൽസിന്റെ കുതിപ്പിന് തടയിട്ടു. ഏഴാം ഓവറിലെ മൂന്നാം പന്തിൽ വിഷ്ണു വിനോദിനെ എൽബിഡബ്ല്യുവിൽ കുടുക്കിയ കാർത്തിക് അവസാന പന്തിൽ ഗോവിന്ദ് ദേവ് പൈയെ ക്ലീൻ ബൗൾഡാക്കി. 16 പന്തുകളിൽ രണ്ട് ഫോറും മൂന്ന് സിക്സുമടക്കം 32 റൺസുമായാണ് വിഷ്ണു വിനോദ് മടങ്ങിയത്. 25 റൺസെടുത്ത കൃഷ്ണപ്രസാദിനെയും കാർത്തിക് തന്നെ മടക്കിയതോടെ റോയൽസ് പ്രതിരോധത്തിലായി.
തുടർന്ന് ക്രീസിൽ ഒത്തുചേർന്ന അക്ഷയ് മനോഹറും സിജോമോൻ ജോസഫും ചേർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് റോയൽസിന്റെ ഇന്നിങ്സിൽ നിർണായകമായത്. 40 പന്തുകളിൽ 67 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. 32 റൺസെടുത്ത അക്ഷയ് മനോഹറെ പുറത്താക്കി സാലി സാംസനാണ് ഈ കൂട്ടുകെട്ടിന് അവസാനിപ്പിച്ചത്. പിന്നീടെത്തിയ വിനോദ് കുമാറും മികച്ച രീതിയിൽ ബാറ്റ് വീശി. 26 പന്തുകളിൽ നിന്ന് 44 റൺസ് കൂട്ടിച്ചേർത്ത സിജോമോൻ ജോസഫും വിനോദ് കുമാറും ചേർന്നാണ് റോയൽസിന്റെ സ്കോർ 185ൽ എത്തിച്ചത്. സിജോമോൻ ജോസഫ് 56ഉം വിനോദ് കുമാർ 20ഉം റൺസുമായി പുറത്താകാതെ നിന്നു. 37 പന്തുകളിൽ അഞ്ച് ഫോറും രണ്ട് സിക്സുമടക്കമാണ് സിജോമോൻ ജോസഫ് 56 റൺസ് നേടിയത്. മൂന്ന് ഓവറിൽ 21 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ കാർത്തിക് ബി നായരാണ് കൊച്ചിയുടെ ബൗളിങ് നിരയിൽ തിളങ്ങിയത്.
വലിയ ലക്ഷ്യം പിന്തുടർന്ന് കളിക്കാൻ ഇറങ്ങിയ കൊച്ചിയുടെ ബാറ്റർമാർക്ക് ഒരു ഘട്ടത്തിലും അവസരത്തിനൊത്ത് ഉയരാനായില്ല. ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ ജോബിൻ ജോബിയെ രാഹുൽ ചന്ദ്രൻ എൽബിഡബ്ല്യുവിൽ കുടുക്കി. രണ്ടാം ഓവറിൽ അഞ്ച് റൺസെടുത്ത പവൻ ശ്രീധർ റണ്ണൗട്ടായി. വിനൂപ് മനോഹരൻ (17) ശ്രീഹരി നായരുടെ പന്തിൽ ക്ലീൻ ബൗൾഡാവുക കൂടി ചെയ്തതോടെ കൊച്ചിയുടെ തകർച്ചയ്ക്ക് തുടക്കമായി. തുടർന്നെത്തിയവരിൽ മുഹമ്മദ് ഷാനുവും കാർത്തിക് ബി നായരും മാത്രമാണ് രണ്ടക്കം കടന്നത്. സച്ചിൻ സുരേഷ് റണ്ണെടുക്കാതെ മടങ്ങിയപ്പോൾ സാലി സാംസൻ ഒൻപതും ആൽഫി ഫ്രാൻസിസ് ജോൺ എട്ടും മുഹമ്മദ് ആഷിഖ് മൂന്നും റൺസ് നേടി മടങ്ങി. മുഹമ്മദ് ഷാനു 24 റൺസെടുത്തപ്പോൾ കാർത്തിക് 41 റൺസുമായി പുറത്താകാതെ നിന്നു. റോയൽസിന് വേണ്ടി ശ്രീഹരി നായർ, സിജോമോൻ ജോസഫ്, വി അജിത്ത് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates