മുംബൈ: കോവിഡ് വ്യാപനം ഇന്ത്യയിൽ അതിരൂക്ഷമായിരിക്കെ ഐപിഎല്ലിൽ നിന്ന് ചില വിദേശ താരങ്ങൾ പിൻമാറിയിരുന്നു. ഓസ്ട്രേലിയൻ താരം ആൻഡ്രു ടൈ നാട് പിടിച്ചുകഴിഞ്ഞു. പിൻമാറ്റം പ്രഖ്യാപിച്ച് കൂടുതൽ താരങ്ങളും കഴിഞ്ഞ ദിവസം എത്തി. ഓസീസ് താരങ്ങൾ തന്നെയായ ആദം സാംപ, കെയ്ൻ റിച്ചാർഡ്ൻ എന്നിവർ നാട്ടിലേക്ക് മടങ്ങുകയാണെന്ന് വ്യക്തമാക്കിയിരുന്നു.
എന്നാൽ സാംപയ്ക്കും കെയ്ൻ റിച്ചാർഡ്സനും പക്ഷേ നാട്ടിലേക്ക് മടങ്ങാനായില്ല എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഓസ്ട്രേലിയൻ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തുന്നതിനു മുൻപേ നാട്ടിലെത്താൻ ശ്രമിച്ച ഇരുവരും, മുംബൈയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ.
മേയ് 15 വരെ ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ഇന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് താരങ്ങൾ മുംബൈയിൽ കുടുങ്ങിയത്. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരങ്ങളായ ഇരുവരും ഞായറാഴ്ച തന്നെ ടീമിന്റെ ബയോ സെക്യുർ ബബ്ൾ വിട്ടിരുന്നു. തുടർന്ന് നാട്ടിലേക്കു മടങ്ങാനായി മുംബൈ വിമാനത്താവളത്തിന് സമീപം ഹോട്ടലിൽ താമസിക്കുകയായിരുന്നു. ബാംഗ്ലൂർ ടീമാകട്ടെ, മുംബൈയിലെ മത്സരങ്ങൾ പൂർത്തിയാക്കി അഹമ്മദാബാദിലേക്കും പോയി.
യാത്രാ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതോടെ താരങ്ങൾ കുറഞ്ഞപക്ഷം മേയ് 15 വരെയെങ്കിലും ഇന്ത്യയിൽ തുടരേണ്ടി വരും. ഇപ്പോഴത്തെ സാഹചര്യത്തിൽ മേയ് 15 വരെയാണ് നിരോധനമെങ്കിലും, ഇന്ത്യയിലെ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ നീട്ടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
അതിനിടെ, ഇന്ത്യയിലുള്ള ഓസ്ട്രേലിയൻ താരങ്ങളെ തിരികെയെത്തിക്കാൻ സർക്കാർ തലത്തിൽ പ്രത്യേകിച്ചൊന്നും ചെയ്യില്ലെന്നും ഓസീസ് പ്രധാനമന്ത്രി മോറിസൺ വ്യക്തമാക്കിയിരുന്നു. ഇതും താരങ്ങൾക്ക് തിരിച്ചടിയാണ്. നാട്ടിലേക്കു മടങ്ങാൻ താരങ്ങൾ സ്വന്തം നിലയ്ക്ക് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യേണ്ടി വരുമെന്നായിരുന്നു മോറസൺ പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates