

2026 ഫിഫ ലോകകപ്പ് ഫുട്ബോൾ പോരാട്ടത്തിൽ ആദ്യമായി കളിക്കാനെത്തി നോക്കൗട്ട് വരെ കടന്ന് ചരിത്രമെഴുതി മടങ്ങിയ സംഘമാണ് കാബോ വെർദെ ഫുട്ബോൾ ടീം. അവരുടെ വെറ്ററൻ ഗോൾ കീപ്പർ വൊസീഞ്ഞ ലോകം മുഴുവൻ തരംഗമായി മാറുകയും ചെയ്തിരുന്നു. എന്നാൽ ലോകകപ്പിലെ താര പരിവേഷം തനിക്ക് വലിയ പാരയായി തീർന്നുവെന്നാണ് വൊസീഞ്ഞ ഇപ്പോൾ പറയുന്നത്.
ലോക ചാംപ്യൻമാരായ സ്പെയിൻ, സൗദി ആറേബ്യ ടീമുകൾക്കെതിരെയുള്ള അദ്ദേഹത്തിന്റെ മികച്ച പ്രകടനവും ലോകകപ്പിൽ തന്റെ കളി കാണാൻ വരാൻ കഴിയാതെ ഇരുന്ന അമ്മയെ ഓർത്ത് കണ്ണീർ പൊഴിച്ചതുമൊക്കെയാണ് താരത്തെ വൻ ഹിറ്റാക്കി മാറ്റിയത്. എന്നാൽ അതിനു ശേഷം തനിക്ക് കിട്ടിയ ജനശ്രദ്ധ ലോകകപ്പിനു മുൻപുണ്ടായിരുന്ന തന്റെ ശാന്തമായ ജീവിതത്തെ തന്നെ മാറ്റിമറിച്ചുവെന്നാണ് വൊസീഞ്ഞ പറയുന്നത്.
'എനിക്ക് ഇപ്പോൾ സമാധാനവും സ്വസ്ഥതയും നഷ്ടപ്പെട്ടു. എനിക്ക് യാതൊരുവിധ സ്വകാര്യതയുമില്ലാത്ത അവസ്ഥയാണ്'- 40കാരൻ ദി ഒബ്സർവറിനോട് സംസാരിക്കവെ പറഞ്ഞു.
ഒറ്റ രാത്രി കൊണ്ട് ഇൻസ്റ്റയിലെ അദ്ദേഹത്തിന്റെ ഫോളോവേഴ്സിന്റെ എണ്ണം 56,000ത്തിൽ നിന്നു 2.8 കോടിയായി കുതിച്ചുയർന്നു. എന്നാൽ ഇപ്പോൾ തനിക്ക് റസ്റ്റോറന്റിൽ പോലും പോകാൻ സാധിക്കാത്ത അവസ്ഥയാണെന്നു വൊസീഞ്ഞ പറയുന്നു. ആരാധകർ ഫോട്ടോയ്ക്കും ഓട്ടോഗ്രാഫിനുമായി തടിച്ചുകൂടുന്നു. ചിലർ ഫോണിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നു. ലോകകപ്പിനു മുൻപ് വരെ സാധാരണമായിരുന്ന പുറത്തു പോക്ക് ഇന്ന് സ്വന്തം ചുറ്റുപാടിൽ പോലും ഒരു നിയന്ത്രണവുമില്ലാത്ത അനുഭവമായി എന്നാണ് വൊസീഞ്ഞ തുറന്നു പറയുന്നത്.
വലിയ ജനശ്രദ്ധ തന്റെ കുടുംബത്തെ പോലും ബാധിച്ചിരിക്കുന്നതായി വൊസീഞ്ഞ വ്യക്തമാക്കി. അമ്മയുടെ വീടിന് മുന്നിൽ എല്ലാ ദിവസവും ആരാധകർ തടിച്ചുകൂടുന്നു. സ്വന്തം കുടുംബത്തിന്റെ സ്വകാര്യത പോലും ഇല്ലാതായ സ്ഥിതിയിലേക്കാണ് അഗോള പ്രസിദ്ധി തന്നെ എത്തിച്ചതെന്നും വൊസീഞ്ഞ.
'എനിക്കറിയില്ല എന്താണ് ചെയ്യേണ്ടത് എന്ന്. ഞാൻ നിസഹായനായി നിൽക്കുകയാണ്. ഇപ്പോഴത്തെ പ്രശസ്തിയുള്ള ജീവിതമാണോ അതോ പഴയ ജീവിതമാണോ വേണ്ടതെന്നു ചോദിച്ചാൽ ഞാൻ പഴയ ജീവിതം തിരഞ്ഞെടുക്കും. ഒരുപാട് പേർ പ്രശസ്തി ആഗ്രഹിക്കുന്നുണ്ട്. എന്നാൽ അവർ അതിന്റെ നല്ല വശം മാത്രമാണ് കാണുന്നത്'- വൊസീഞ്ഞ അനുഭവത്തിന്റെ വെളിച്ചത്തിൽ വ്യക്തമാക്കി.
വെറും 5 ലക്ഷം മാത്രം ജനസംഖ്യയുള്ള കുഞ്ഞ രാജ്യമായ കാബോ വെർദെ ലോകകപ്പിൽ രണ്ടാം ഘട്ടം വരെ മുന്നേറിയിരുന്നു. റൗണ്ട് ഓഫ് 32ൽ അവർ അർജന്റീനയോട് 3-2നു പരാജയപ്പെട്ടാണ് പുറത്തായത്. ആരാധകരുടെ മനം കീഴടക്കിയാണ് ടീം മടങ്ങിയത്. ഈ മുന്നേറ്റത്തിൽ ടീമിന്റെ ചാലക ശക്തിയായി നിന്നത് ഗോൾ കീപ്പറായ വൊസീഞ്ഞയാണ്. സ്പെയിൻ, സൗദി ടീമുകൾക്കെതിരെ ഒരു ഗോൾ പോലും വഴങ്ങാതെ വൊസീഞ്ഞ അവിശ്വസനീയമാം വിധമാണ് ടീമിനെ കാത്തത്. മികച്ച ഗോൾ കീപ്പർക്കുള്ള യാഷിൻ ട്രോഫിയ്ക്ക് നാമനിർദ്ദേശവും താരം ഈ പ്രകടനത്തിലൂടെ സ്വന്തമാക്കി. നിലവിൽ ചിലിയൻ ക്ലബ് കോളോ- കോളോയുടെ താരമാണ് വൊസീഞ്ഞ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates