

ന്യൂ ചണ്ഡീഗഢ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 മത്സരത്തിൽ ഹിമാചൽ പ്രദേശിനെതിരെ കൂറ്റൻ സ്കോറുമായി കേരളം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 268 റൺസെടുത്തു. കേരളത്തിന്റെ കൂറ്റൻ സ്കോറിന് അടിത്തറയിട്ടത് മുഹമ്മദ് അസ്ഹറുദ്ദീന്റെ സെഞ്ച്വറിയാണ്. 57 പന്തിൽ എട്ട് ഫോറും ആറ് സിക്സും ഉൾപ്പെടെ 101 റൺസാണ് താരം നേടിയത്.
ഓപ്പണറായി ഇറങ്ങിയ റോഹൻ കുന്നുമ്മലും മികച്ച തുടക്കമാണ് കേരളത്തിന് നൽകിയത്. 16 പന്തിൽ നാല് ഫോറും രണ്ട് സിക്സും സഹിതം 35 റൺസെടുത്താണ് താരം പുറത്തായത്. തുടർന്ന് കളത്തിലെത്തിയ ക്യാപ്റ്റൻ സഞ്ജു സാംസണും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
21 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 44 റൺസാണ് സഞ്ജു നേടിയത്. നായകൻ പുറത്തായതിന് പിറകെ ക്രീസിലെത്തിയ വിഷ്ണു വിനോദും ഹിമാചൽ ബൗളർമാരെ ആക്രമിച്ചു കളിച്ചു. 11 പന്തിൽ ഒരു ഫോറും രണ്ട് സിക്സും ഉൾപ്പെടെ 22 റൺസെടുത്ത വിഷ്ണു 14.4 ഓവറിൽ പുറത്തായി.
അവസാന ഓവറുകളിൽ സൽമാൻ നിസാറും അബ്ദുൽ ബാസിത്തും ചേർന്ന് കേരളത്തിന്റെ സ്കോർ അതിവേഗം ഉയർത്തി. 15 പന്തിൽ ഒരു ഫോറും രണ്ട് സിക്സും ഉൾപ്പെടെ 26 റൺസുമായി നിസാർ പുറത്താകാതെ നിന്നു. വെറും അഞ്ച് പന്തിൽ ഒരു ഫോറും മൂന്ന് സിക്സും സഹിതം 24 റൺസാണ് ബാസിത്ത് അടിച്ചെടുത്തത്.
ഇരുവരുടെയും പ്രകടനമാണ് കേരളത്തിനെ 268 റൺസെന്ന കൂറ്റൻ സ്കോറിലെത്താൻ സഹായിച്ചത്. ഹിമാചലിനായി മൃദുൽ സുരോച്ചാണ് രണ്ട് വിക്കറ്റ് നേടിയത്. ആര്യമാൻ സിങ്ങും അർപിത് ഗുലേറിയയും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates