കറാച്ചി: പ്രതിഭയുടെ കാര്യത്തിൽ ഇന്ത്യൻ താരങ്ങളേക്കാൾ എത്രയോ മുകളിലാണ് പാകിസ്ഥാൻ താരങ്ങൾ എന്ന് മുൻ പാക് ഓൾറൗണ്ടർ അബ്ദുൽ റസാഖ്. താരതമ്യം പോലും ചെയ്യാൻ സാധിക്കില്ലെന്നും റസാഖ് വ്യക്തമാക്കി.
പ്രതിഭയുടെ കാര്യത്തിൽ പാക്കിസ്ഥാൻ താരങ്ങൾ ബഹുദൂരം മുന്നിലാണെന്നും ഇന്ത്യൻ താരങ്ങളെ അവരുമായി താരതമ്യം ചെയ്യാൻ പോലും കഴിയില്ലെന്നും പാക്കിസ്ഥാന്റെ മുൻതാരം അബ്ദുൽ റസാഖ്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമും തമ്മിലുള്ള താരതമ്യത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് റസാഖിന്റെ പ്രതികരണം.
‘ആദ്യമേ പറയട്ടെ, പാകിസ്ഥാൻ താരങ്ങളുമായി ഇന്ത്യൻ താരങ്ങളെ താരതമ്യം ചെയ്യുന്നതിൽ യാതൊരു കാര്യവുമില്ല. കാരണം, പ്രതിഭയുടെ കാര്യത്തിൽ ഇന്ത്യൻ താരങ്ങളേക്കാൾ എത്രയോ മുന്നിലാണ് പാക്ക് താരങ്ങൾ. ഞങ്ങളുടെ ചരിത്രം നോക്കൂ. മുഹമ്മദ് യൂസഫ്, ഇൻസമാം ഉൾ ഹഖ്, സയീദ് അൻവർ, ജാവേദ് മിയാൻദാദ്, സഹീർ അബ്ബാസ്, ഇജാസ് അഹമ്മദ് തുടങ്ങിയ ഇതിഹാസങ്ങൾക്കു തുല്യരായി ആരുണ്ട്? ’ – റസാഖ് ചോദിച്ചു.
വിരാട് കോഹ്‌ലിയെയും ബാബർ അസമിനെയും കൃത്യമായി താരതമ്യം ചെയ്യണമെങ്കിൽ ഇരു ടീമുകളും തമ്മിൽ സ്ഥിരമായി പരസ്പരം കളിക്കണമെന്ന് റസാഖ് അഭിപ്രായപ്പെട്ടു. കോഹ്‌ലിയും അസമും തീർത്തും വ്യത്യസ്തരായ കളിക്കാരാണ്. ഇരുവരെയും താരതമ്യം ചെയ്യണമെങ്കിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ പതിവുപോലെ മത്സരങ്ങൾ നടക്കണം. എങ്കിലല്ലേ ആരാണ് മികച്ചതെന്ന് പറയാനാകൂവെന്നും റസാഖ് പറഞ്ഞു.
‘കോഹ്‌ലി മികച്ച താരം തന്നെയാണ്. പാകിസ്ഥാനെതിരെ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുമുണ്ട്. എനിക്ക് അദ്ദേഹത്തോട് വ്യക്തിപരമായി യാതൊരു പ്രശ്നവുമില്ല. പക്ഷേ, ഇന്ത്യക്കാർ അവരുടെ താരങ്ങളെ പാക് താരങ്ങളുമായി താരതമ്യം ചെയ്യാത്തിടത്തോളം കാലം നമ്മളും അതിനു ശ്രമിക്കേണ്ടതില്ല’ – റസാഖ് കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates