വീണ്ടും മാജിക്ക് പന്തുകള്‍; ജഡേജ ഏഴും അശ്വിന്‍ മൂന്നും പിഴുതു; ഓസ്‌ട്രേലിയ തവിടുപൊടി! ഇന്ത്യക്ക് ജയിക്കാൻ 115 റൺ‌സ്

മൂന്ന് താരങ്ങള്‍ സംപൂജ്യരായി മടങ്ങി. പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ്, ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, അവസാന ബാറ്റര്‍ മാത്യു കുനെമന്‍ എന്നിവരാണ് പൂജ്യത്തില്‍ മടങ്ങിയത്
ലബുഷെയ്നെ ക്ലീൻ ബൗൾഡാക്കി നേട്ടമാഘോഷിക്കുന്ന ജഡേജ/ പിടിഐ
ലബുഷെയ്നെ ക്ലീൻ ബൗൾഡാക്കി നേട്ടമാഘോഷിക്കുന്ന ജഡേജ/ പിടിഐ
Updated on: 
2 min read

ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ തകര്‍ന്നടിഞ്ഞ് ഓസ്‌ട്രേലിയ. വീണ്ടും ജഡേജ- അശ്വിന്‍ സഖ്യത്തിന്റെ കുത്തിത്തിരിഞ്ഞ പന്തുകള്‍ക്ക് മുന്നില്‍ ഓസീസ് ബാറ്റിങ് നിര വെട്ടിവിയര്‍ത്തു. ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിങ്‌സ് പോരാട്ടം 113 റണ്‍സില്‍ അവസാനിച്ചു. ഓസ്‌ട്രേലിയക്ക് 114 റണ്‍സ് ലീഡ്. ഇന്ത്യക്ക് ജയിക്കാന്‍ 115 റണ്‍സ് മാത്രം മതി. 

ഒരു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സെന്ന ശക്തമായ നിലയിലാണ് ഓസീസ് രണ്ടാം ദിനം അവസാനിപ്പിച്ചത്. മൂന്നാം ദിനത്തിലെ ആദ്യ സെഷനില്‍ തന്നെ അവരുടെ ശേഷിച്ച ഒന്‍പത് വിക്കറ്റുകളും നിലംപൊത്തി. വെറും 52 റണ്‍സ് മാത്രമാണ് അവര്‍ക്ക് അതിനിടെ ചേര്‍ക്കാന്‍ സാധിച്ചത്. 

ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി ജഡേജയും ശേഷിച്ച മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി അശ്വിനും ഓസീസിനെ തകര്‍ത്ത് തരിപ്പണമാക്കി. 12.1 ഓവറില്‍ 42 റണ്‍സ് വഴങ്ങിയാണ് ജഡേജ ഏഴ് വിക്കറ്റുകള്‍ പിഴുതത്. അശ്വിന്‍ 16 ഓവറില്‍ 59 റണ്‍സ് വഴങ്ങിയാണ് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ ഇരുവരും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഇതോടെ ജഡേജ പത്ത് വിക്കറ്റുകളും അശ്വിന്‍ ആറ് വിക്കറ്റുകളും രണ്ട് ഇന്നിങ്‌സുകളിലുമായി സ്വന്തമാക്കി. 

43 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി മാറിയ ട്രാവിസ് ഹെഡ്ഡിന്റെ വിക്കറ്റാണ് ഓസ്‌ട്രേലിയക്ക് മൂന്നാം ദിനം ആദ്യം നഷ്ടമായത്. അശ്വിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതിന് പിടി നല്‍കിയാണ് താരത്തിന്റെ മടക്കം. പിന്നാലെ സ്റ്റീവ് സ്മിത്തും വീണു. താരം ഒന്‍പത് റണ്‍സുമായി മടങ്ങി. സ്മിത്തിനേയും അശ്വിനാണ് പുറത്താക്കിയത്. താരം വിക്കറ്റിന് മുന്നില്‍ കുടങ്ങി. 

പത്ത് റണ്‍സ് ചേര്‍ക്കുന്നതിനിടെ മര്‍നസ് ലബുഷെയ്‌നും പുറത്ത്. താരത്തെ ജഡേജ ക്ലീന്‍ ബൗള്‍ഡാക്കി. ട്രാവിസ് ഹെഡ്ഡിനൊപ്പം ഇന്ത്യന്‍ സ്പിന്നിനെ സധൈര്യം നേരിടാന്‍ ലബുഷെയ്‌ന് സാധിച്ചെങ്കിലും മൂന്നാം ദിനത്തില്‍ താരത്തിന്റെ ചെറുത്തു നില്‍പ്പിനും വിരാമം. 35 റണ്‍സുമായി ലബുഷെയ്ന്‍ കൂടാരം കയറി. 

പിന്നാലെ കൂട്ടത്തകര്‍ച്ചയായിരുന്നു. മൂന്ന് താരങ്ങള്‍ സംപൂജ്യരായി മടങ്ങി. പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ്, ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, അവസാന ബാറ്റര്‍ മാത്യു കുനെമന്‍ എന്നിവരാണ് പൂജ്യത്തില്‍ മടങ്ങിയത്. മാറ്റ് റെന്‍ഷോ രണ്ട് റണ്‍സും, അലക്‌സ് കാരി ഏഴ് റണ്‍സും, താന്‍ ലിയോണ്‍ എട്ട് റണ്‍സുമായി മടങ്ങി. ടോഡ് മര്‍ഫി മൂന്ന് റണ്‍സുമായി പുറത്താകാതെ നിന്നു.
നേരത്തെ രണ്ടാം ദിനത്തില്‍ തന്നെ അവര്‍ക്ക് ഉസ്മാന്‍ ഖവാജയുടെ വിക്കറ്റ് നഷ്ടമായിരുന്നു. താരം ആറ് റണ്‍സുമായി മടങ്ങി. ഖവാജയെ രവീന്ദ്ര ജഡേജയാണ് പുറത്താക്കിയത്.

ഓസീസ് സ്പിന്നര്‍മാരാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി നതാന്‍ ലിയോണും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി ടോഡ് മര്‍ഫി, മാത്യു കുനെമന്‍ എന്നിവരും തിളങ്ങി. ശേഷിച്ച ഒരു വിക്കറ്റ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് സ്വന്തമാക്കി. 

ഓസീസ് സ്പിന്നിന് മുന്നില്‍ മുന്‍നിര തകര്‍ന്നപ്പോള്‍ വാലറ്റത്ത് അക്ഷര്‍ പട്ടേല്‍ ആര്‍ അശ്വിന്‍ സഖ്യമാണ് ഇന്ത്യക്ക് തുണയായത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് എന്ന നിലയിലാണ് അക്ഷര്‍ അശ്വിന്‍ സഖ്യം ക്രീസില്‍ ഒന്നിച്ചത്. എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 114 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തതോടെ ഇന്ത്യ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെട്ടു. അശ്വിനെ മടക്കി കമ്മിന്‍സാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ അധികം വൈകാതെ ഇന്ത്യന്‍ ഇന്നിങ്‌സിനും തിരശ്ശീല വീണു.

അക്ഷര്‍ പട്ടേലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. താരം ഒന്‍പത് ഫോറും മൂന്ന് സിക്‌സും സഹിതം 74 റണ്‍സ് കണ്ടെത്തി. അശ്വിന്‍ 37 റണ്‍സുമായി മടങ്ങി.

മുഹമ്മദ് ഷമി രണ്ട് റണ്‍സില്‍ പുറത്തായി. മുഹമ്മദ് സിറാജ് ഒരു റണ്ണുമായി പുറത്താകാതെ നിന്നു. 

അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ നതാന്‍ ലിയോണിന്റെ സ്പിന്നിന് മുന്നിലാണ് പുകള്‍പെറ്റ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞത്. രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, ശ്രേയസ് അയ്യര്‍, ശ്രീകര്‍ ഭരത് എന്നിവര്‍ നതാന്‍ ലിയോണിനു മുന്നില്‍ വീണു. 

വിരാട് കോഹ്‌ലി മികച്ച ബാറ്റിങുമായി കളം നിറയവെയാണ് അരങ്ങേറ്റക്കാരന്‍ മാത്യു കുന്നെമന്‍ ഇന്ത്യന്‍ മുന്‍ നായകനെ വിക്കറ്റിന് മുന്നില്‍ കുരുക്കിയത്. കോഹ്‌ലി 44 റണ്‍സെടുത്തു. രവീന്ദ്ര ജഡേജ 26 റണ്‍സുമായി മടങ്ങി. ശ്രീകര്‍ ഭരത് ഇത്തവണയും പരാജയമായി. താരം ആറ് റണ്‍സുമായി മടങ്ങി. 

സ്‌കോര്‍ 46 റണ്‍സ് നില്‍ക്കെ കെ എല്‍ രാഹുല്‍ 17 റണ്‍സില്‍ എല്‍ബിയില്‍ പുറത്തായി. തുടര്‍ന്ന് 32 റണ്‍സെടുത്ത് ക്യാപറ്റന്‍ രോഹിത് ശര്‍മയും പൂജ്യത്തിന് ചേതേശ്വര്‍ പൂജാരയും പുറത്തായി. 

നാല് വിക്കറ്റുകള്‍ നേടിയ പേസര്‍ മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റുകള്‍ വീതം പങ്കുവച്ച സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരുമാണ് ഓസീസിനെ ആദ്യ ദിനം എറിഞ്ഞിട്ടത്.  ഓപ്പണര്‍ ഉസ്മാന്‍ ഖവാജ, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ്, ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് എന്നിവരുടെ ബാറ്റിങ്ങാണ് ഓസിട്രേലിയയ്ക്ക് തുണയായത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 78.4 ഓവറില്‍ 263 റണ്‍സെടുത്ത് ഓള്‍ഔട്ട് ആയി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com