അഹമ്മദാബാദ്: ഋഷഭ് പന്തിനെ പോലെ ഇത്രയധികം വിലയിരുത്തപ്പെട്ട സമ്മർദ്ദം നേരിടേണ്ടി വന്ന യുവ താരം ആരെങ്കിലും ഇന്ത്യൻ ടീമിലുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണ് ഉത്തരം. ടീമിലെ സാന്നിധ്യവും ബാറ്റിങിലേയും വിക്കറ്റ് കീപ്പിങിലേയും മികവുമൊക്കെ നിരന്തരം വിമർശന വിധേയമാക്കപ്പെട്ടു. എന്നാൽ ഇക്കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിലെ താരത്തിന്റെ പ്രകടനം എല്ലാവരുടേയും വായടപ്പിക്കുന്നതായിരുന്നു. സമാനമായ മറ്റൊരു സെഞ്ച്വറി പ്രകടനം കൂടി കഴിഞ്ഞ ദിവസം പന്തിന്റെ ബാറ്റിൽ നിന്ന് വന്നു.
ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടാം ദിനം ആദ്യ രണ്ട് സെഷനുകളിലും പിന്നിലായി പരുങ്ങിയ ഇന്ത്യൻ ടീമിനെ കൈപിടിച്ചുയർത്തിയത് ഋഷഭ് പന്തിൻറെ സെഞ്ച്വറിയായിരുന്നു. 82 പന്തിൽ അർധ സെഞ്ച്വറി പൂർത്തിയാക്കിയ പന്ത് അടുത്ത അർധ സെഞ്ച്വറിക്ക് എടുത്തത് 32 പന്തുകൾ മാത്രം. 114 പന്തിൽ തൻറെ കരിയറിലെ മൂന്നാമത്തെയും നാട്ടിലെ ആദ്യത്തെയും ടെസ്റ്റ് ശതകം കുറിച്ച പന്ത് ഇന്ത്യയെ അപകട മുനമ്പിൽ നിന്ന് കരകയറ്റി വിജയ പ്രതീക്ഷയിലേക്ക് മാറ്റി.
ജോ റൂട്ടിനെ സിക്സിന് പറത്തിയാണ് 94ൽ നിന്ന് പന്ത് സെഞ്ച്വറിയിലേക്ക് എത്തിയത്. അതിനിടെ താരത്തിന്റെ ഒരു അതിസാഹസിക ഷോട്ടും ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായി മാറി. ആരാധകർ ശ്വാസമടക്കിപ്പിടിച്ചു കണ്ട നിരവധി ഷോട്ടുകളുണ്ടായിരുന്നു. നിർണായകമായ ആ ഇന്നിങ്സിൽ.
എന്നാൽ സ്വന്തം സ്കോർ 89ൽ നിൽക്കെ ജെയിംസ് ആൻഡേഴ്സനെ റിവേഴ്സ് സ്വീപ്പ് ചെയ്യാൻ പന്ത് കാണിച്ച ചങ്കൂറ്റമാണ് ക്രിക്കറ്റ് ആരാധകർക്കിടയിലും മുൻ താരങ്ങൾക്കിടയിലുമൊക്കെ ചർച്ചയായി മാറിയത്. ലോക ക്രിക്കറ്റിലെ എണ്ണം പറഞ്ഞ പേസറായ ആൻഡേഴ്സന്റെ ന്യൂബോളിൽ റിവേഴ്സ് സ്വീപ്പ് ചെയ്ത് സ്ലിപ്പിന് മുകളിലൂടെ ബൗണ്ടറി അടിച്ചാണ് പന്ത് വരവേറ്റത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates