

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയ ക്രിക്കറ്റ് ടീം 198 റൺസിൽ ഓൾ ഔട്ടായതിൽ സെലക്ടർമാർക്കെതിരെ കടുത്ത വിമർശനവുമായി മുൻ നായകനും ഇതിഹാസ താരവുമായ റിക്കി പോണ്ടിങ്. പരിചിതരായ മുഖങ്ങളെ മാത്രം ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയ സെലക്ടർമാരുടെ തീരുമാനത്തെ പോണ്ടിങ് ചോദ്യം ചെയ്തു. അടുത്ത 12 മാസത്തിനിടെ ആഷസ് അടക്കം 21 ടെസ്റ്റ് മത്സരങ്ങൾ ഓസ്ട്രേലിയ കളിക്കാനിരിക്കെയാണ് ബംഗ്ലദേശിനെതിരായ പരമ്പരയ്ക്ക് യുവ താരങ്ങളിൽ ഒരാളെ പോലും ഉൾപ്പെടുത്താതെ ടീമിനെ തിരഞ്ഞെടുത്തത്. ഇതാണ് പോണ്ടിങിനെ ചൊടിപ്പിച്ചത്.
ദക്ഷിണാഫ്രിക്ക പര്യടനം, ന്യൂസിലൻഡിനെതിരായ 4 ടെസ്റ്റ് മത്സരങ്ങൾ, ഇന്ത്യക്കെതിരായ 5 ടെസ്റ്റ് മത്സരങ്ങൾ ഉൾപ്പെടെ ഓസീസ് കളിക്കാനുണ്ട്. ഇത്രയും വലിയ ഷെഡ്യൂൾ മുന്നിലുണ്ടായിട്ടും ടീമിൽ ഇപ്പോഴും സെലക്ടർമാർ അഴിച്ചുപണിക്ക് മിനക്കെടുന്നില്ല. 27കാരനായ കാമറൂൺ ഗ്രീൻ ഒഴികെയുള്ള താരങ്ങളെല്ലാം 30 വയസ് പിന്നിട്ടവരാണെന്നു പോണ്ടിങ് ചൂണ്ടിക്കാട്ടുന്നു. ചാനൽ 7ൽ സംസാരിക്കുന്നതിനിടെയാണ് യുവ താരങ്ങളെ ടീമിൽ ഉൾപ്പെടുത്താൻ പരമ്പര ഉപയോഗപ്പെടുത്താത്ത സെലക്ടർമാരുടെ തീരുമാനത്തെ പോണ്ടിങ് ചോദ്യം ചെയ്തത്.
'ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ നിലവിലെ അവസ്ഥ എന്താണ്. വളരെ വലിയ വിജയങ്ങൾ നേടിയ ഒരു ടീമാണ് ഓസ്ട്രേലിയ എന്ന് ഓർക്കണം. പക്ഷേ നിലവിലെ സ്ക്വാഡിൽ പോരായ്മകൾ ഉണ്ട്. സെലക്ടർമാർ തങ്ങൾക്കു പരിചയമുള്ള കളിക്കാരെ തന്നെ നിലനിർത്താൻ തീരുമാനിച്ചു. കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ ഈ രണ്ട് മത്സരങ്ങളിലൂടെ ഒന്നോ, രണ്ടോ യുവ താരങ്ങൾ ടീമിൽ ഉൾപ്പെടുത്താൻ പറ്റിയ സമയമാണെന്നു ഞാൻ ചിന്തിച്ചിരുന്നു.'
'ഈ പരമ്പരയ്ക്കായി വിക്ടോറിയ ഓപ്പണർ കാംബെൽ കെല്ലവേ, മധ്യനിര ബാറ്റർ ഒല്ലി പീക്ക് എന്നിവർക്ക് അവസരം കിട്ടണമെന്നായിരുന്നു ഞാൻ ആഗ്രഹിച്ചത്. നിലവിലെ ടീമിൽ ഒഴിവുള്ള രണ്ട് സ്ഥാനങ്ങൾ ഇതാണ്. എന്നാൽ സെലക്ടർമാർ അവരെയൊന്നും മൈൻഡ് പോലും ചെയ്തില്ല. ഇനി എപ്പോഴാണ് ഈ യുവ താരങ്ങൾക്കൊക്കെ അവസരം കൊടുക്കുക. കഗിസോ റബാഡയും മാർക്കോ യാൻസനുമൊക്കെ പന്തെറിയുന്ന ദക്ഷിണാഫ്രിക്ക പിച്ചിലാണ് ഇവരെ കളിപ്പിക്കാൻ ഒരുങ്ങുന്നത്. അങ്ങനെ ആണ് കാര്യങ്ങളെങ്കിൽ നന്നേ വിയർക്കേണ്ടി വരും. സെലക്ടർമാർ നഷ്ടപ്പെടുത്തി കളഞ്ഞ അവസരമാണിതെന്നു എനിക്കു തോന്നുന്നു.'
'ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള പാറ്റ് കമ്മിൻസിന്റെ തീരുമാനം അറിഞ്ഞ് സത്യത്തിൽ ഞാനടക്കമുള്ള പലരും അമ്പരന്നു. ബാറ്റിങിനു ഇറങ്ങിയ ഓസീസ് ടീമിൽ ഞാൻ കണ്ടത് ചില മുൻനിര ബാറ്റർമാർ വീണ്ടും വീണ്ടും പഴയ തെറ്റുകൾ ആവർത്തിക്കുന്നതാണ്. പ്രത്യേകിച്ച് അത്ര മോശമല്ലാത്ത പന്തുകളിൽ പോലും അമിതമായി റൺസ് കണ്ടെത്താൻ വെമ്പിയ ഓപ്പണർ ജാക് വെതറാൾഡിന്റെ ശ്രമം. ഈ സാഹസികതയാണ് അദ്ദേഹത്തിനു വിക്കറ്റ് നഷ്ടപ്പെടാൻ കാരണമായത്.'
'മർനസ് ലാബുഷെയ്നാണ് അടുത്ത ആൾ. അദ്ദേഹം എന്താണ് ചെയ്തത്. റൺസ് നേടാൻ ശ്രമിക്കാതെ അമിതമായി പ്രതിരോധിച്ച് അദ്ദേഹം സ്വയം സമ്മർദ്ദമുണ്ടാക്കി. എതിർ ബൗളർമാർ അത് മുതലെടുക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ചു കാലമായി ലാബുഷെയ്ൻ ഒരേ രീതിയിലാണ് പുറത്താകുന്നത്'- ഓസീസ് ബാറ്റിങിലെ പോരായ്മകൾ പോണ്ടിങ് എണ്ണി എണ്ണി വ്യക്തമാക്കി.
ബംഗ്ലാദേശിനെതിരെ ഓസീസ് 2 മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് കളിക്കുന്നത്. ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ ബംഗ്ലാദേശ് അവസരം ശരിക്കും മുതലെടുത്തു. പിച്ചിൽ പന്തിന്റെ ബൗൺസും മൂവ്മെന്റും തുണച്ചപ്പോൾ ഓസീസ് ബാറ്റിങ് നിര ചീട്ടുകൊട്ടാരം കണക്കെ തകർന്നു. 71 റൺസെടുത്തു പൊരുതി നിന്ന മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ ചെറുത്തു നിൽപ്പ് ഇല്ലായിരുന്നുവെങ്കിൽ സ്ഥിതി ദയനീയമാകുമായിരുന്നു.
ബംഗ്ലാദേശ് പേസർ ഹസൻ മഹ്മൂദാണ് ഓസ്ട്രേലിയയുടെ കണക്കുകൂട്ടൽ തെറ്റിച്ചത്. താരം 55 റൺസ് മാത്രം വഴങ്ങി 6 വിക്കറ്റുകൾ പിഴുതു. ഒന്നാം ഇന്നിങ്സ് തുടങ്ങിയ ബംഗ്ലാദേശ് ആകട്ടെ ആദ്യ ദിനം കളി നിർത്തുമ്പോൾ മികച്ച രീതിയിലാണ് പ്രതിരോധിച്ച് കളം വിട്ടത്. ഒരു വിക്കറ്റ് നഷ്ടത്തിൽ 96 റൺസെന്ന നിലയിലാണ് സന്ദർശകർ. 9 വിക്കറ്റുകൾ കൈയിലിരിക്കെ ബംഗ്ലദേശിനു ഓസീസ് സ്കോറിനൊപ്പമെത്താൻ ഇനി 102 റൺസ് കൂടി മതി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates