

ധരംശാല: ആറ് തുടർ ജയങ്ങളുമായി ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് കുതിച്ച പഞ്ചാബ് കിങ്സ് നിലവിൽ പ്ലേ ഓഫ് പോലും കാണുമോ എന്ന സംശയത്തിൽ നിൽക്കുന്നു. തുടരെ ആറ് തോൽവികളാണ് അവർക്ക് നേരിടേണ്ടി വന്നത്. ഇതോടെ പ്ലേ ഓഫ് സാധ്യതകൾക്കും വലിയ തിരിച്ചടി നേരിട്ടു. കഴിഞ്ഞ ദിവസം റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ പോരാട്ടത്തിലാണ് പഞ്ചാബ് തോൽവി വഴങ്ങിയത്. മത്സര ശേഷം ഡഗൗട്ടിലെ കസേരയിൽ മുന്നിലെ കസേരയ്ക്ക് മുകളിൽ കൈകളൂന്നി ഒറ്റയ്ക്കിരിക്കുന്ന പഞ്ചാബ് പരിശീലകൻ റിക്കി പോണ്ടിങിന്റെ വിഡിയോ പുറത്തു വന്നിരുന്നു. അദ്ദേഹത്തിന്റെ ഹതാശനായുള്ള ഇരിപ്പിലുണ്ട് ടീം കടന്നു പോകുന്ന പ്രതിസന്ധിയുടെ ആഴം.
തുടക്കത്തിൽ കുതിച്ചു പാഞ്ഞ ടീമിന്റെ ഇപ്പോഴത്തെ അവസ്ഥ അദ്ദേഹത്തെ ഒരുപാട് ചിന്തകളിലേക്ക് നയിക്കുന്നുണ്ടാകാമെന്നു മുൻ പഞ്ചാബ് താരം അശ്വിൻ പോണ്ടിങിന്റെ അവസ്ഥയെക്കുറിച്ച് പ്രതികരിച്ചു. ഒപ്പം ടീമിന്റെ ഇപ്പോഴത്തെ തകർച്ചയ്ക്കുള്ള കാരണവും അശ്വിൻ വിശദീകരിക്കുന്നു.
തന്റെ ടീമിനു എവിടെയാണ് പിഴച്ചത് എന്നായിരിക്കണം അദ്ദേഹം ആ സമയത്ത് ചിന്തിച്ചിട്ടുണ്ടാകുക എന്നാണ് വിഡിയോ കണ്ട് ആരാധകർ കുറിക്കുന്നത്. മലനിരകളുടെ പശ്ചാത്തലത്തിലുള്ള മനോഹരമായ സ്റ്റേഡിയമാണ് ധരംശാലയിലേത്. ആ സ്റ്റേഡിയത്തിലെ ഡഗൗട്ടിൽ പോണ്ടിങ് ഒട്ടും പ്രസാദമില്ലാത്ത മുഖത്തോടെ നിരാശനായി ഒറ്റയ്ക്കിരിക്കുന്നത് അങ്ങേയറ്റം വികാരനിർഭരമായ കാഴ്ചയാണെന്നു അശ്വിന്റെ തന്റെ യുട്യൂബ് വിഡിയോയിൽ പറയുന്നു. പോണ്ടിങിനോടു ശ്രേയസ് അയ്യരോടും സഹതാപമുണ്ടെങ്കിലും പഞ്ചാബ് സ്വയം വരുത്തിവച്ച വിനയാണെന്നു അശ്വിൻ കുറ്റപ്പെടുത്തുന്നു.
'മത്സര ശേഷം ടെലിവിഷനിൽ ഞാൻ വൈകാരികമായൊരു ദൃശ്യം കണ്ടു. റിക്കി പോണ്ടിങ് ഡഗൗട്ടിൽ മുന്നോട്ടാഞ്ഞ് ഒറ്റയ്ക്ക് നിരാശനായി ഇരിക്കുന്നത്. അദ്ദേഹത്തിന്റെ ഉള്ളിൽ ആ നിമിഷത്തിൽ ഒട്ടനവധി ചിന്തകൾ കടന്നു പോയിട്ടുണ്ടാകും. ഈ ടൂർണമെന്റിൽ മുന്നേറി ഒന്നോ രണ്ടോ സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യാൻ അവസരമുണ്ടായിരുന്നു ടീമായിരുന്നു അവരുടേത്. തങ്ങൾക്ക് എവിടെയാണ് പിഴച്ചതെന്നു അവർ ഇപ്പോൾ സ്വയം ചോദിക്കുന്നുണ്ടാകും.'
'2018ൽ ഞാനും ആ കസേരകളിൽ ഒന്നിൽ ഇതേ മാനസിക അവസ്ഥയിൽ ഇരുന്നിട്ടുണ്ട്. പഞ്ചാബ് ടീമിനെ ന്യായീകരിക്കുകയല്ല. ഞാൻ നേരത്തെ പറഞ്ഞതു പോലെ ടീമിന്റെ ഹോം ഗ്രൗണ്ട് മാറ്റം വിജയിച്ചിട്ടില്ല. ഐപിഎല്ലിലെ ഒരു ചാംപ്യൻ ടീമും വ്യത്യസ്ത ഹോം ഗ്രൗണ്ടുകളിൽ കളിക്കാറില്ല. ടീം മുള്ളൻപൂരിൽ തുടർച്ചയായി വിജയിച്ചു. എന്നാൽ ധരംശാലയിലേക്ക് മാറിയപ്പോൾ തുടരെ 3 ഹോം പോരാട്ടങ്ങളാണ് പരാജയപ്പെട്ടത്.'
രണ്ട് വ്യത്യസ്ത ഹോം ഗ്രൗണ്ടുകളെന്ന പഞ്ചാബ് ടീം ഉടമകളുടെ തന്ത്രത്തെ അശ്വിൻ ശക്തമായി തന്നെ വിമർശിച്ചു.
'ഫ്രാഞ്ചൈസി ഉടമകൾക്ക് ക്രിക്കറ്റിനേക്കാൾ വലുത് അവരുടെ കച്ചവട താത്പര്യങ്ങളാകുമ്പോൾ ടീമിനു സംഭവിക്കുന്ന തകർച്ചയാണിത്. രണ്ടും രണ്ടുതരം പിച്ചുകളാണ്. മുള്ളൻപൂരും ധരംശാലയിലും മണ്ണ് ഒന്നുതന്നെയായിരിക്കും. എന്നാൽ ഗ്രൗണ്ടിന്റെ ഉയര വ്യത്യാസം താരങ്ങളേയും കളിയേയും ബാധിക്കും. പഞ്ചാബിനെ സംബന്ധിച്ച് ധരംശാല ഒരു എവേ പോരാട്ടം പോലെ തന്നെയാണ്. ഇവിടെ കളിച്ച ഒരു ഹോം പോരാട്ടമെങ്കിലും വിജയിച്ചിരുന്നെങ്കിൽ പഞ്ചാബ് ടീം സന്തോഷിക്കുമായിരുന്നു.'
'മുള്ളൻപൂരിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ 220 റൺസ് പഞ്ചാബ് വിജയകരമായി പ്രതിരോധിച്ചത് വിക്കറ്റിനെക്കുറിച്ച് ടീമിനു നല്ല ധാരണയുള്ളതിനാലാണ്. ഐപിഎൽ പോര് തുടങ്ങും മുൻപ് തന്നെ അവർ ആ ഗ്രൗണ്ടിൽ പരിശീലവനും തുടങ്ങിയിരുന്നു. പിച്ചുകളുടെ കാര്യത്തിൽ കോംപ്രമൈസ് പറയാം. എന്നാൽ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുക എന്നത് വ്യത്യസ്തമായ സംഗതിയാണ്. പഞ്ചാബിനെ ഓർത്ത് എനിക്ക് സങ്കടമുണ്ട്.'
'ദയവായി നിങ്ങൾ ഇനി ഹോം ഗ്രൗണ്ട് മാറ്റരുത്. കച്ചവടപരമായി നോക്കിയാൽ അതു ലാഭമായിരിക്കും. എന്നാൽ ഐപിഎല്ലിൽ വിജയിക്കാനും അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടാനും ആഗ്രഹമുണ്ടെങ്കിൽ ഇത്തരം തെറ്റുകൾ ചാംപ്യൻ ടീമുകൾ ആവർത്തിക്കാൻ പാടില്ല. റിക്കി പോണ്ടിങും ശ്രേയസ് അയ്യരും മാനസികമായി ഇപ്പോൾ നന്നായി തകർന്നിട്ടുണ്ടാകും. എനിക്കതു മനസിലാകും'- അശ്വിൻ വ്യക്തമാക്കി.
ലഖ്നൗവിലെ ഏകന സ്റ്റേഡിയത്തിലാണ് പഞ്ചാബ് കിങ്സിന്റെ സീസണിലെ അവസാന പോരാട്ടം. ലഖ്നൗ സൂപ്പർ ജയന്റ്സാണ് എതിരാളികൾ. ഈ മത്സരം ജയിക്കേണ്ടത് ടീമിനെ സംബന്ധിച്ച് അനിവാര്യമാണ്. തോറ്റാൽ ഐപിഎല്ലിൽ നിന്നു പഞ്ചാബ് പുറത്താകും. ബാറ്റർമാർക്ക് റൺസ് കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടുള്ള പിച്ചായാണ് ഏകന സ്റ്റേഡിയം അറിയപ്പെടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates