

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 364 റണ്‍സിന് പുറത്തായി. പരമ്പരയിലെ രണ്ടാമത്തെ സെഞ്ച്വറി നേടിയ ജോ റൂട്ടിന്റെ പ്രകടനമാണ് എടുത്തുപറയേണ്ടത്.
ടെസ്റ്റിന്റെ രണ്ടാം ദിനത്തിലെ ചായയ്ക്ക് മുന്‍പാണ് ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സ് അവസാനിച്ചത്. 242 പന്തില്‍ നിന്ന് 160 റണ്‍സ് നേടിയ റൂട്ടിന്റെ 41-ാം ടെസ്റ്റ് സെഞ്ച്വറിയാണിത്.മൈക്കിള്‍ നെസറിന്റെ പന്തിലാണ് റൂട്ട് ഔട്ടായത്. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി നെസര്‍ 60 റണ്‍സ് വഴങ്ങി നാലുവിക്കറ്റുകള്‍ നേടി മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ന് വില്‍ ജാക്സ്, റൂട്ട്, ജോഷ് ടോങ് എന്നിവരുടെ വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സ് വേഗത്തില്‍ അവസാനിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കാണ് നെസര്‍ വഹിച്ചത്.
ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 എന്ന നിലയിലായിരുന്നു. തുടര്‍ന്ന് കളത്തില്‍ ഇറങ്ങിയപ്പോള്‍ ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ ഇംഗ്ലണ്ട് വാലറ്റത്തെ വരിഞ്ഞുമുറുക്കുകയായിരുന്നു. റൂട്ടിന്റെയും ഹാരി ബ്രൂക്കിന്റെയും 169 റണ്‍സ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സിന്റെ ഹൈലൈറ്റ്. ഈ കൂട്ടുകെട്ടിന്റെ ബലത്തില്‍ ശക്തമായ നിലയിലേക്ക് നീങ്ങിയിരുന്ന ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചത് സ്‌കോട്ട് ബോളണ്ട് ആയിരുന്നു. ഈ കൂട്ടുകെട്ട് തകര്‍ത്തത് ബോളണ്ട് ആണ്. ഹാരി ബ്രൂക്കിനെയാണ് ബോളണ്ട് പുറത്താക്കിയത്. പിന്നീട് വന്ന ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് പൂജ്യത്തിന് പുറത്തായി.
രണ്ടാം ടെസ്റ്റിലാണ് ജോ റൂട്ട് ഈ പരമ്പരയിലെ ആദ്യ സെഞ്ച്വറി നേടിയത്. അന്ന് 138 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. ടെസ്റ്റ് സെഞ്ച്വറി നേടിയവരുടെ പട്ടികയില്‍ ഇംഗ്ലണ്ട് താരം ഇപ്പോള്‍ മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിന് ഒപ്പമാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (51) ജാക്വസ് കാലിസ് (45) എന്നിവരാണ് തൊട്ടുമുന്നില്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates