

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയുടേയും ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെയും ബൗളിങ് കുന്തമുനയാണ് കുറച്ചു കാലമായി ജസ്പ്രിത് ബുംറ. ബുംറയ്ക്ക് പരിക്കേറ്റാൽ മാത്രമാണ് താരത്തിനു പകരക്കാരനെ തേടേണ്ടി വരാറുള്ളത്. ഇപ്പോഴിതാ 2014ൽ, നിലവിലെ ഐപിഎൽ ചാംപ്യൻമാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനോട് ബുംറയെ ടീമിലെത്തിക്കാൻ താൻ ആവശ്യപ്പെട്ടിരുന്നു എന്നും എന്നാൽ ഫ്രാഞ്ചൈസി തന്റെ നിർദ്ദേശം നിരസിച്ചുവെന്നും വെളിപ്പെടുത്തുകയാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ പാർഥിവ് പട്ടേൽ.
ആകാശ് ചോപ്രയുമായുള്ള അഭിമുഖത്തിലാണ് പാർഥിവിന്റെ ശ്രദ്ധേയ വെളിപ്പെടുത്തൽ. 2014ലെ ഐപിഎൽ മെഗാ ലേലത്തിന്റെ ആദ്യ ദിനത്തിൽ തന്നെ പാർഥിവിനെ ആർസിബി ലേലത്തിൽ എടുത്തു. അതിനു പിന്നാലെ ബുംറയെ കൂടി ടീമിലേക്ക് വിളിച്ചെടുക്കാൻ താൻ നിർദ്ദേശിച്ചുവെന്നും എന്നാൽ ഫ്രാഞ്ചൈസി മറ്റൊരു തീരുമാനവുമായി മുന്നോട്ടു പാകാനാണ് താത്പര്യപ്പെട്ടതെന്നും പാർഥിവ് പറയുന്നു.
'2014ലെ മെഗാ ലേലത്തിന്റെ ആദ്യ ദിനത്തിൽ ഉച്ചഭക്ഷണ സമയത്താണ് എന്നെ ലേലത്തിൽ എടുക്കുന്നത്. ടീമിൽ എടുത്തതായി അപ്പോൾ തന്നെ എനിക്ക് ആർസിബിയുടെ സന്ദേശവും വന്നു. പിന്നാലെയാണ് ഞാൻ ഇവിടെയൊരു കളിക്കാരനുണ്ട് അദ്ദേഹത്തെ കൂടി ടീമിലേക്ക് പരിഗണിക്കണം എന്നു ഞാൻ അവരോട് പറഞ്ഞത്. എന്നാൽ ബുംറയുടെ കാര്യം ഞാൻ അത്തരത്തിൽ പറഞ്ഞത് ഒരുപക്ഷേ ശരിയായിട്ടുണ്ടാവില്ല.'
'ആ ഘട്ടത്തിൽ ബുംറയെ ലേലത്തിൽ എടുക്കുന്നത് മൂല്യമുള്ള കാര്യമായി അവർക്ക് തോന്നിയില്ല. അതു സാരമില്ലെന്നു വയ്ക്കാം. എന്നാൽ ഈ ബുംറ, വുംറയൊക്കെ എന്ത് ചെയ്യാനാണ് എന്ന മട്ടിലാണ് അവർ മറുപടി നൽകിയത്'-പാർഥിവ് വെളിപ്പെടുത്തി.
ഗുജറാത്തിനായി ആഭ്യന്തര ക്രിക്കറ്റിൽ ഒന്നിച്ച് കളിച്ചവരാണ് പാർഥിവും ബുംറയും. അതിനാൽ തന്നെ ഉയർന്നു വരുന്ന യുവ പേസറെ കുറിച്ച് അന്ന് ഗുജറാത്ത് ടീമിലെ മുതിർന്ന താരവും വിക്കറ്റ് കീപ്പർ ബാറ്ററുമായ പാർഥിവിന് മറ്റാരേക്കാളും വ്യക്തമായ ധാരണയുണ്ടായിരുന്നു. മറ്റൊരു തരത്തിൽ ചിന്തിച്ചാൽ അന്ന് ബുംറയെ ആർസിബി എടുത്തിരുന്നെങ്കിൽ സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററും (വിരാട് കോഹ്‍ലി), മികച്ച ബൗളറും ഒന്നിച്ച് ടീമിൽ കളിക്കുന്ന സാധ്യതയും ഒരുങ്ങിയിരുന്നു.
എന്നാൽ അന്ന് ആർസിബി നിരസിച്ച ബുംറയെ മുംബൈ ഇന്ത്യൻസാണ് ലേലത്തിൽ സ്വന്തമാക്കിയത്. പിന്നീട് ഇന്നുവരെ താരത്തെ അവർ വിട്ടുകൊടുത്തിട്ടുമില്ല. ബുംറ വന്ന ശേഷം 4 ഐപിഎൽ കിരീടങ്ങളാണ് മുംബൈ നേടിയത്. ആർസിബി കന്നി കിരീടത്തിനായി കാത്തിരുന്നതാകട്ടെ 18 കൊല്ലവും!
ലോകത്തിലെ ഏറ്റവും മികച്ച ബൗളറെന്ന പേരെടുക്കാനും പിൽക്കാലത്ത് ബുംറയ്ക്കു സാധിച്ചു. ഐപിഎല്ലിലെ ഏക്കാലത്തേയും മികച്ച താരങ്ങളിൽ ഒരാൾ കൂടിയാണ് ഇന്ന് ബുംറ. 158 ഐപിഎൽ മത്സരങ്ങളിൽ നിന്നു 7.33 എന്ന മികച്ച ഇക്കോണമിയിൽ ബുംറ വീഴ്ത്തിയത് 187 വിക്കറ്റുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates