

കോട്ടയം: ട്വന്റി20 ലോകകപ്പിൽ സഞ്ജു സാംസന്റെ വെടിക്കെട്ട് പെർഫോമൻസ് കണ്ട ത്രില്ലടിച്ചവരാണ് ഓരോ ക്രിക്കറ്റ് ആരാധകരും. അതിന്റെ ആവേശം ഇപ്പോഴും വിട്ടു മാറിയിട്ടില്ല എന്ന് വേണം പറയാൻ. സഞ്ജുവിന്റെ കിടിലൻ പ്രകടനം തന്റെ ജീവനക്കാർക്ക് ബോണസ് നൽകിയാണ് കോട്ടയം സ്വദേശി നിതിൻ ബാബു ആഘോഷിച്ചത്. കഴിഞ്ഞ ദിവസം ബാബുവിനെ കാണാൻ സാക്ഷാൽ സഞ്ജു തന്നെ അദ്ദേഹത്തിന്റെ വീട്ടിലെത്തി.
‘നമസ്കാരം, എന്തുണ്ട് ചേട്ടാ.. സുഖമല്ലേ?’ എന്നു ചോദിച്ചു കൊണ്ടാണ് സഞ്ജു വീട്ടിലേക്ക് എത്തിയത്. സഞ്ജുവിന് നേരിട്ട് കണ്ട നിതിൻ ബാബുവിന് സന്തോഷം അടക്കാൻ ആയില്ല. സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകൾ കിട്ടാതെ നിതിൻ കുഴങ്ങി. ഇഷ്ടതാരത്തെ നേരിട്ട് കണ്ടതിന്റെ ഷോക്കിൽ വീട്ടിലേക്ക് കയറി ഇരിക്കാൻ പറയാൻ പോലും നിതിന് കഴിഞ്ഞില്ല. ഒടുവിൽ സഞ്ജു തന്നെ വീട്ടിലേക്ക് കയറി. തുടർന്ന് ജീവനക്കാർക്ക് ബോണസ് നൽകിയ കാര്യമുൾപ്പെടെ ഇരുവരും തമ്മിൽ സംസാരിച്ചു.
അതിന് ശേഷം, വീടിന് പുറത്തെ കളിസ്ഥലത്ത് നിതിനും സഞ്ജുവും കുറച്ചു നേരം ക്രിക്കറ്റ് കളിച്ചു. സഞ്ജു എറിഞ്ഞ പന്തുകൾ നീട്ടിയടിച്ചു നിതിനും ഞെട്ടിച്ചു. നിതിനോടൊപ്പം ഭാര്യ ബ്ലെസിയും മക്കളും ചേർന്ന് ആയിരുന്നു ക്രിക്കറ്റ് കളി. ഒടുവിൽ നല്ല കപ്പയും മീനും സഞ്ജുവിന് കഴിക്കാൻ നൽകി. ഒന്നര മണിക്കൂറോളം വീട്ടിൽ സമയം ചെലവഴിച്ച ശേഷമാണ് സഞ്ജു മടങ്ങിയത്.
കോട്ടയം പാമ്പാടിയിലെ ഫിയ ഗാർമെന്റ്സ് ഉടമയാണ് നിതിൻ ബാബു. 63 തൊഴിലാളികളാണ് നിതിന്റെ കമ്പനിയിൽ ജോലി ചെയ്യുന്നത്. ട്വന്റി20 ലോകകപ്പിൽ ഇന്ത്യ ജയിച്ചതിനു പിന്നാലെ കടയിലെ ജീവനക്കാർക്ക് 2000 രൂപ വീതം സമ്മാനം നൽകിയിരുന്നു.
വിൻഡീസിനെതിരായ സൂപ്പർ 8 മത്സരത്തിൽ സഞ്ജു പ്ലെയർ ഓഫ് ദ് മാച്ച് ആകുകയും ഇന്ത്യ ജയിക്കുകയും ചെയ്തതോടെ 500 രൂപ വീതമായിരുന്നു ജീവനക്കാർക്ക് സമ്മാനം നൽകിയത്. സെമി ഫൈനലിൽ സഞ്ജുവിന്റെ മികച്ച പ്രകടനത്തിലൂടെ ഇംഗ്ലണ്ടിനെ വീഴ്ത്തിയതോടെ 1000 രൂപയും ഫൈനലിലും സഞ്ജു ടോപ് സ്കോററാകുകയും ഇന്ത്യ ജയിക്കുകയും ചെയ്തതോടെ 2000 രൂപ വീതവുമാണ് ജീവനക്കാർക്ക് നൽകിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates