

വെല്ലിങ്ടന്‍: ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തില്‍ ദയനീയ പരാജയമേറ്റു വാങ്ങിയ ന്യൂസിലന്‍ഡിന് അടുത്ത അടി. പരിക്കേറ്റ് ആദ്യ ഏകദിന പോരാട്ടം നഷ്ടമായ സ്റ്റാര്‍ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേയ്ക്ക് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളും നഷ്ടമാകും. താരത്തിനു പകരം നിക്ക് കെല്ലിയെ ടീമിലെടുത്തു. നിക്ക് കെല്ലി നാലാമത്തേയും അഞ്ചാമത്തേയും പോരാട്ടങ്ങള്‍ക്കുള്ള ടീമില്‍ നേരത്തെ ഉള്‍പ്പെട്ടിരുന്നു. കോണ്‍വെയുടെ അഭാവത്തില്‍ താരത്തെ രണ്ട്, മൂന്ന് ഏകദിന പോരുകള്‍ക്കുള്ള ടീമിലേക്കും പരിഗണിക്കും.
പരിക്കില്‍ നിന്നു മുക്തനായി വരുന്ന കോണ്‍വെയെ രണ്ടാം പോരാട്ടം മുതല്‍ ടീമില്‍ നിര്‍ത്താമെന്ന കണക്കുകൂട്ടലിലായിരുന്നു കിവികള്‍. എന്നാല്‍ താരത്തിന്റെ പരിക്ക് പൂര്‍ണമായി മാറിയിട്ടില്ലെന്നും വിശ്രമം അനിവാര്യമാണെന്നും മെഡിക്കല്‍ സംഘം വ്യക്തമാക്കിയതോടെ താരത്തെ ഒഴിവാക്കുകയായിരുന്നു.
പരമ്പരയ്ക്ക് മുന്നോടിയായി ഫീല്‍ഡിങ് പരിശീലനത്തിനിടെ സഹ താരം മാറ്റ് ഹെന്റിയുമായി കൂട്ടിയിടിച്ചു വീണാണ് കോണ്‍വെയ്ക്ക് പരിക്കേറ്റത്. ക്യാച്ച് പരിശീലിക്കുന്നതിനിടെ ഇരു താരങ്ങളും തമ്മില്‍ കൂട്ടിയിടിച്ച് വീഴുകയായിരുന്നു. വീഴ്ചയില്‍ കോണ്‍വെയുടെ തലയ്ക്ക് പരിക്കേറ്റതായും താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം സ്ഥിരീകരിച്ചിരുന്നു.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം നാളെ വെല്ലിങ്ടനിലാണ് അരങ്ങേറുന്നത്. അതിനിടെയാണ് കോണ്‍വെയ്ക്ക് ശേഷിച്ച മത്സരങ്ങളും നഷ്ടമാകുമെന്ന വിവരം പുറത്തു വന്നത്. പരമ്പരയ്ക്ക് മുന്‍പ് തന്നെ കിവികളെ സുപ്രധാന താരങ്ങളുടെ പരിക്ക് വലച്ചിരുന്നു. രചിന്‍ രവീന്ദ്ര, മാര്‍ക്ക് ചാപ്മാന്‍ എന്നിവര്‍ പരിക്കിനെ തുടര്‍ന്നു പരമ്പര മുഴുവന്‍ നഷ്ടമായവരുടെ പട്ടികയിലുണ്ട്. ഈ സംഘത്തിലേക്കാണ് ഡെവോണ്‍ കോണ്‍വെയും ഉള്‍പ്പെട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates