

മുംബൈ: ഇന്ത്യയുടെ മൂന്ന് ഫോർമാറ്റ് ടീമുകളിലും ഇടമില്ലാതെ ഒഴിവാക്കപ്പെട്ട മുൻ നായകൻ സൂര്യകുമാർ യാദവിന് മറ്റൊരു തിരിച്ചടി കൂടി. രഞ്ജി ട്രോഫി പോരാട്ടത്തിനുള്ള മുംബൈ ടീമിലേക്കും 36കാരനെ പരിഗണിച്ചില്ല. ചണ്ഡീഗഢിനെതിരായ ആദ്യ രഞ്ജി പോരിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യക്ക് ടി20 ലോകകപ്പ് സമ്മാനിച്ച നായകന്റെ പേര് ഇല്ല. രഞ്ജി കളിക്കാനുള്ള ആഗ്രഹം താരം അറിയിച്ചിരുന്നു. സെലക്ഷനു ലഭ്യമാണെന്ന വിവരവും അദ്ദേഹം നൽകിയിരുന്നു. എന്നാൽ മുംബൈ അധികൃതർ താരത്തെ പരിഗണിച്ചില്ല.
ടി20 ലോകകപ്പ് നേടിയതിനു പിന്നാലെ സൂര്യകുമാർ യാദവിനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നു മാറ്റി ഇന്ത്യ ശ്രേയസ് അയ്യരെ ടി20 നായകനാക്കിയിരുന്നു. ലോകകപ്പിനു ശേഷം സൂര്യക്ക് ഇന്ത്യൻ ടീമിലും ഇടം കിട്ടിയിരുന്നില്ല. കൂടുതൽ റെഡ് ബോൾ ക്രിക്കറ്റ് കളിച്ച് തിരിച്ചുവരാമെന്ന പ്രതീക്ഷയിൽ നിൽക്കെയാണ് മുംബൈ ടീമിലേക്ക് താരത്തെ പരിഗണിക്കാതെ തഴഞ്ഞത്. റെഡ് ബോളിലെ സൂര്യയുടെ പ്രകടനത്തിൽ സെലക്ടർമാർ തൃപ്തരല്ലെന്നാണ് വിവരം.
19കാരനായ ആയുഷ് മാത്രയെ വൈസ് ക്യാപ്റ്റനാക്കിയതാണ് മറ്റൊരു ശ്രദ്ധേയ നീക്കം. 13 ഫസ്റ്റ് ക്ലാസ് മത്സരങ്ങളുടെ മാത്രം പരിചയമുള്ള മാത്രെയെ ഇന്ത്യയെ അണ്ടർ 19 ലോകകപ്പ് കിരീട ജയത്തിലേക്ക് നയിച്ച മികവിന്റെ അടിസ്ഥാനത്തിൽ ഭാവി ക്യാപ്റ്റനായി വളർത്തിടുക്കുകയാണ് അധികൃതർ ലക്ഷ്യമിടുന്നത്.
സിദ്ധേഷ് ലാഡാണ് ടീമിന്റെ നായകൻ. ഇന്ത്യൻ ടെസ്റ്റ് ഓപ്പണർ യശസ്വി ജയ്സ്വാളിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സർഫറാസ് ഖാനും ടീമിൽ ഇടം കണ്ടെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates