മുംബൈ: മഹേന്ദ്ര സിങ് ധോനിയെ ഇന്ത്യൻ ക്യാപ്റ്റൻ ആക്കണമെന്ന് നിർദ്ദേശിച്ചത് ഇതിഹാസ താരം മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറാണെന്ന് വെളിപ്പെടുത്തൽ. മുൻ ബിസിസിഐ പ്രസിഡന്റ് ശരദ് പവാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2007ൽ രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയായിട്ടാണ് ധോനി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനത്തേയ്ക്ക് എത്തുന്നത്. 2005 മുതൽ 2008 വരെ ബിസിസിഐ പ്രസിഡന്റായിരുന്നു ശരദ് പവാർ.
‘2007ൽ പര്യടനത്തിനായി ഇംഗ്ലണ്ടിലെത്തിയപ്പോൾ രാഹുൽ ദ്രാവിഡ് എന്റെ അടുക്കൽ വന്നു. ടീം ഇന്ത്യയെ തുടർന്നു നയിക്കാൻ താത്പര്യമില്ലെന്നും ക്യാപ്റ്റൻസിയുടെ ഭാരം തന്റെ ബാറ്റിങ്ങിനെ ബാധിക്കുന്നതായും അദ്ദേഹം പറഞ്ഞു. ദ്രാവിഡിനു പകരം സച്ചിൻ ടെണ്ടുൽക്കറിന്റെ പേര് മാത്രമാണ് അപ്പോൾ എന്റെ മനസിലുണ്ടായിരുന്നത്. എന്നാൽ സച്ചിൻ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ചു’– ശരദ് പവാർ പറഞ്ഞു.
ദ്രാവിഡും സച്ചിനും ഇല്ലെങ്കിൽ എങ്ങനെ കാര്യങ്ങൾ മുൻപോട്ടു പോകുമെന്ന് ഞാൻ ചോദിച്ചു. അപ്പോൾ സച്ചിൻ പറഞ്ഞു: ‘ഇപ്പോൾ ഇന്ത്യയെ നയിക്കാൻ സാധിക്കുന്ന ഒരാൾ കൂടി ടീമിൽ ഉണ്ട്. അതു മറ്റാരുമല്ല, ധോനി’. അതിനു പിന്നാലെയാണ് ധോനിയെ ടീം ഇന്ത്യയുടെ ക്യാപ്റ്റനാക്കാൻ ബിസിസിഐ തീരുമാനിച്ചതെന്ന് ശരദ് പവാർ വെളിപ്പെടുത്തി.
2007ലെ ഐസിസി ഏകദിന ലോകകപ്പിൽനിന്ന് ഇന്ത്യ ആദ്യ റൗണ്ടിൽ തന്നെ പുറത്തായതിനു പിന്നാലെ ദ്രാവിഡിന്റെ ക്യാപ്റ്റൻ സ്ഥാനത്തെച്ചൊല്ലി ചർച്ചകൾ ആരംഭിച്ചിരുന്നു. പിന്നാലെയാണ് 2007ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്ക് ധോനിയെ ക്യാപ്റ്റനായി നിശ്ചയിച്ചത്. ഏകദിന ക്യപ്റ്റനായി ദ്രാവിഡ് തുടർന്നു.
എന്നാൽ ആ വർഷം ഓഗസ്റ്റിൽ പ്രഥമ ടി20 ലോകകപ്പ് കിരീടം ധോനിയുടെ കീഴിൽ ഇന്ത്യ ഉയർത്തിയതിനു പിന്നാലെ സ്വാഭാവികമായും ഏകദിനത്തിലും ധോനി ക്യാപ്റ്റനായി. ഒരു വർഷത്തിനു ശേഷം അനിൽ കുംബ്ലെ പടിയിറങ്ങിയതിനു പിന്നാലെ ടെസ്റ്റ് ക്യാപ്റ്റനായും ധോനി വന്നു. ഇന്ത്യയുടെ ഏറ്റവും വിജയിച്ച നായകനെന്ന ഖ്യാതിയിലേക്കുള്ള ധോനിയുടെ പ്രയാണത്തിന് അന്നാണ് തുടക്കമായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates