

ബ്രിസ്റ്റോൾ: വ്യാഴാഴ്ച ബ്രിസ്റ്റോളിൽ ഇംഗ്ലണ്ടിനെതിരെ നടന്ന നാലാം ടി20 മത്സരത്തിൽ പുറത്തായതിന് പിന്നാലെ ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശി കടുത്ത നിരാശയോടെയാണ് പവലിയനിലേക്ക് മടങ്ങിയത്. തന്റെ വിക്കറ്റ് താൻ തന്നെ വലിച്ചെറിയുകയായിരുന്നു എന്ന് ആ 15കാരന് കൃത്യമായി മനസിലായിരുന്നു. മത്സരത്തിൽ ടൈമിങ് പിഴച്ച ഒരു പുൾ ഷോട്ട് കളിച്ചതിന് തൊട്ടുപിന്നാലെ ഫീൽഡർ ക്യാച്ച് പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ താൻ ഔട്ടായെന്ന് ഉറപ്പിച്ച് സൂര്യവംശി പവലിയനിലേക്ക് നടന്നു തുടങ്ങിയിരുന്നു.
വെറും 10 പന്തുകളിൽ നിന്ന് 15 റൺസ് എടുത്തു നിൽക്കുകയായിരുന്ന സൂര്യവംശിയെ ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചറാണ് പുറത്താക്കിയത്. തന്റെ കൃത്യതയാർന്ന ഷോർട്ട് പിച്ച് പന്തുകളിലൂടെ ആർച്ചർ ഒരിക്കൽ കൂടി വണ്ടർ കിഡിനെ കടുത്ത സമ്മർദ്ദത്തിലാക്കുകയായിരുന്നു. ആർച്ചറുടെ പന്തിൽ സാം കറനു ക്യാച്ച് നൽകിയാണ് വൈഭവ് പുറത്തായത്.
തുടരെ മൂന്നാം പോരിലും നിരാശ
15ാം വയസിൽ ഇന്ത്യക്കായി അരങ്ങേറി സർവകാല റെക്കോർഡിട്ട് തുടങ്ങിയ വൈഭവിനു തുടരെ മൂന്നാം പോരാട്ടത്തിലും മികച്ച സ്കോർ കണ്ടെത്താൻ സാധിച്ചില്ല. ഈ പരമ്പരയിൽ തുടർച്ചയായ മൂന്നാം മത്സരത്തിലാണ് സൂര്യവംശി ചെറിയ സ്കോറിന് പുറത്താകുന്നത്. തന്റെ അരങ്ങേറ്റ മത്സരമായ രണ്ടാം ടി20യിൽ 14 റൺസും, മൂന്നാം മത്സരത്തിൽ 13 റൺസും മാത്രമാണ് താരത്തിന് നേടാനായത്. ഇതിന് പിന്നാലെയാണ് ബ്രിസ്റ്റോളിൽ 15 റൺസിന് താരം പുറത്തായത്.
കഴിഞ്ഞ മത്സരത്തിലും സൂര്യവംശിയുടെ വിക്കറ്റ് വീഴ്ത്തിയ ആർച്ചർ അതേ തന്ത്രം തന്നെയാണ് ഇത്തവണയും പ്രയോഗിച്ചത്. തുടർച്ചയായി ഷോർട്ട് ബോളുകൾ എറിഞ്ഞ് പരീക്ഷിച്ച ശേഷം ആർച്ചർ താരത്തെ ഒരു പുൾ ഷോട്ടിന് പ്രേരിപ്പിച്ചു. എന്നാൽ ടൈമിങ് പിഴച്ച പന്ത് മിഡ് ഓണിൽ സാം കറന്റെ കൈകളിൽ സുരക്ഷിതമായി ഒതുങ്ങുകയായിരുന്നു.
ആഭ്യന്തര ക്രിക്കറ്റിലും ജൂനിയർ ക്രിക്കറ്റിലും ഐപിഎല്ലിലും തകർപ്പൻ പ്രകടനങ്ങൾ പുറത്തെടുത്ത ശേഷമാണ് സൂര്യവംശി വലിയ പ്രതീക്ഷകളോടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് എത്തിയത്. ഈ വർഷത്തെ ഐപിഎല്ലിൽ 237.30 എന്ന അവിശ്വസനീയ സ്ട്രൈക്ക് റേറ്റിൽ 776 റൺസ് വാരിക്കൂട്ടിയാണ് ഈ കൗമാര ഓപ്പണർ വിസ്മയം തീർത്തത്. ഈ മിന്നും പ്രകടനത്തോടെ ടൂർണമെന്റിലെ റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്, മോസ്റ്റ് വാല്യുബിൾ പ്ലെയർ പുരസ്കാരം, എമർജിങ് പ്ലെയർ പുരസ്കാരം എന്നിവയെല്ലാം താരം സ്വന്തമാക്കിയിരുന്നു.
ഈ വർഷം ആദ്യം ഇന്ത്യ ഐസിസി അണ്ടർ 19 ലോകകപ്പ് കിരീടം ചൂടിയപ്പോഴും സൂര്യവംശി ആയിരുന്നു പ്രധാന താരം. ഇംഗ്ലണ്ടിനെതിരായ ഫൈനലിൽ വെറും 80 പന്തുകളിൽ നിന്ന് റെക്കോർഡ് ഭേദിക്കുന്ന 175 റൺസ് അടിച്ചുകൂട്ടിയ താരം, ഇന്ത്യയ്ക്ക് ആറാം അണ്ടർ 19 ലോകകപ്പ് കിരീടവും സമ്മാനിച്ചു. ടൂർണമെന്റിൽ ആകെ 439 റൺസ് നേടിയ സൂര്യവംശി ആയിരുന്നു 'പ്ലെയർ ഓഫ് ദി ടൂർണമെന്റ്'.
അണ്ടർ 19 ലോകകപ്പിലെയും ഐപിഎല്ലിലെയും മികച്ച പ്രകടനത്തിന് പിന്നാലെ താരത്തെ സീനിയർ ടീമിലേക്ക് വേഗത്തിൽ ഉൾപ്പെടുത്തണമോ എന്നതിനെക്കുറിച്ച് നിരവധി ചർച്ചകൾ നടന്നിരുന്നു. ഒടുവിൽ അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകൾക്കുള്ള ഇന്ത്യൻ ടി20 ടീമിലേക്ക് താരം തിരഞ്ഞെടുക്കപ്പെട്ടു.
ഐപിഎല്ലിലും അണ്ടർ 19 ക്രിക്കറ്റിലും ചെയ്തതു പോലെ അന്താരാഷ്ട്ര മത്സരങ്ങളിലും താരം ഇന്ത്യയ്ക്ക് സ്ഫോടനാത്മകമായ തുടക്കം നൽകുമെന്ന് പലരും പ്രതീക്ഷിച്ചു. എന്നാൽ, അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള ചുവടുവെപ്പ് ഇതുവരെ താരത്തിന് അത്ര എളുപ്പമായില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates