

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനല്‍ പോരാട്ടം കണ്ടവരെല്ലാം ഇന്ത്യയുടെ തോല്‍വി ഉറപ്പിച്ചിരുന്നു. എന്നാല്‍ ഒരാള്‍ മാത്രം അത് അംഗീകരിക്കാന്‍ തയ്യറായില്ല. മോഹിത് ഉല്‍വ എന്ന 18കാരന്‍ പേസ് ബൗളര്‍! പത്താം സ്ഥാനത്ത് ബാറ്റിങിനെത്തി അശ്ചര്യകരമാംവിധം മനോധൈര്യം പുറത്തെടുത്ത് താരം ഇന്ത്യയെ ത്രസിപ്പിക്കുന്ന ജയത്തിലേക്കും 9ാം ഏഷ്യാ കപ്പ് കിരീടത്തിലേക്കുമാണ് മനോഹര ബാറ്റിങുമായി കൈപിടിച്ചു നടത്തിയത്.
തോല്‍വിയുടെ വക്കില്‍ നിന്നു അവിശ്വസനീയ ഇന്നിങ്‌സ് കളിച്ച് താരം 26 പന്തില്‍ 5 ഫോറും 3 സിക്‌സും സഹിതം പുറത്താകാതെ അടിച്ചെടുത്തത് 49 റണ്‍സ്. അവസാന ഓവറിലെ അവസാന പന്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ 3 റണ്‍സ് വേണമായിരുന്നു. അഹമ്മദ് ഹുസൈന്‍ എറിഞ്ഞ അവസാന ഓവറിലെ അവസാന പന്ത് ഫോറിലേക്ക് പറത്തി മോഹിത് ഉല്‍വ ഇന്ത്യയെ ചരിത്രത്തിലെ സമ്മോഹനമായൊരു കിരീട വിജയത്തിലേക്കാണ് നയിച്ചത്. ക്രിക്കറ്റ് ലോകം ഏറെ കാലം ഓര്‍മയില്‍ സൂക്ഷിക്കുന്ന ഉജ്ജ്വല ബാറ്റിങ്. നിര്‍ണായക ഘട്ടത്തില്‍ നിശ്ചയദാര്‍ഢ്യം പുറത്തെടുത്ത താരത്തിന്റെ മികവിന് ക്രിക്കറ്റ് ലോകം കൈയടിക്കുകയാണ്.
കഴിഞ്ഞ തവണ ഇന്ത്യയില്‍ നിന്നു കിരീടം തട്ടിയെടുത്തവരാണ് പാകിസ്ഥാന്‍. മാത്രമല്ല ഇത്തവണ ഗ്രൂപ്പ് ഘട്ടത്തില്‍ അവര്‍ ഇന്ത്യയെ പരാജയപ്പെടുത്തുകയും ചെയ്തു. രണ്ടിനും ഇന്ത്യ ഫൈനലില്‍ കണക്കു തീര്‍ത്ത് കിരീടം പിടിച്ചെടുക്കുമെന്നു ആരാധകര്‍ വിശ്വസിച്ചു.
എന്നാല്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ 337 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. ഇന്ത്യ മികവോടെ തുടങ്ങിയെങ്കിലും 338 ലക്ഷ്യം അപ്രാപ്യമെന്നു തോന്നലുണര്‍ത്തിയാണ് ഇന്ത്യന്‍ ബാറ്റിങ് മധ്യ ഓവറുകള്‍ താണ്ടിയത്. ആര്യവീര്‍ സെവാഗും ക്യാപ്റ്റന്‍ ലക്ഷ്യ റായ്ചന്ദാനിയും ചേര്‍ന്നു മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നീട് കൃത്യമായ ഇടവേളകളില്‍ ഇന്ത്യക്ക് വിക്കറ്റുകള്‍ നഷ്ടമായി. പാക് ബൗളിങിനു മുന്നില്‍ വിയര്‍ത്ത് ഇന്ത്യ സമ്മര്‍ദ്ദത്തിലേക്ക് പോകുന്നതാണ് പിന്നീട് കണ്ടത്.
41.3 ഓവറില്‍ ഇന്ത്യക്ക് 8ാം വിക്കറ്റ് നഷ്ടമാകുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 252 റണ്‍സ് മാത്രമായിരുന്നു. ജയത്തിലേക്ക് ബാക്കി ഉണ്ടായിരുന്നത് 51 പന്തുകള്‍. എടുക്കേണ്ടിയിരുന്നത് 86 റണ്‍സ്. ഇന്ത്യക്ക് വെല്ലുവിളിയായത് വിക്കറ്റാണ്. ശേഷിച്ചത് 2 വിക്കറ്റുകള്‍ മാത്രം.
ഒരറ്റത്ത് മനല്‍ ചൗഹാന്‍ ഉറച്ചു നിന്നത് ഇന്ത്യക്ക് കരുത്തായി. പത്താമനായി മോഹിത് ഉല്‍വയും എത്തിയതോടെ ഇരുവരും ടോപ് ഗിയറിലാണ് ബാറ്റ് വീശിയത്. ഇതോടെ ഇന്ത്യ കളിയിലേക്ക് അതിവേഗം തിരിച്ചെത്തുന്ന കാഴ്ചയായിരുന്നു. കളി പുരോഗമിക്കവേ 48ാം ഓവറിന്റെ രണ്ടാം പന്തില്‍ 47 റണ്‍സെടുത്തു മനല്‍ ചൗഹാന്‍ പുറത്തായതോടെ ഇന്ത്യ വീണ്ടും സമ്മര്‍ദ്ദത്തിലായി.
എന്നാല്‍ അവസാന സ്ഥാനത്തെത്തിയ ചിഗുരുപതി വെങ്കട കട്ടയ്ക്ക് പിന്തുണച്ചതോടെ മോഹിത് ആത്മവിശ്വാസത്തിന്റെ മൂര്‍ധന്യത്തിലെത്തി. വെങ്കട രണ്ട് ഫോറുകള്‍ സഹിതം 8 പന്തില്‍ 11 റണ്‍സുമായി പുറത്താകാതെ നിന്നു. സിംഗിള്‍ എടുത്ത് സ്‌ട്രൈക്ക് കൈമാറിയും പന്തുകള്‍ പാഴാക്കാതെയും താരം മികവോടെ നിന്നു. ഒടുവില്‍ അമ്പരപ്പിക്കുന്ന ചെയ്‌സിങ് നടത്തി ഇന്ത്യയെ മോഹിത് കിരീടത്തിലേക്ക് നയിച്ചു.
18കാരനായ മോഹിത് ഉല്‍വ ടെന്നീസ് ബോള്‍ ക്രിക്കറ്റില്‍ നിന്നാണ് ഇന്ത്യന്‍ ടീം വരെ എത്തിയത്. ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പരിശീലകനായ മഹേന്ദ്ര സിങ് ചൗഹാന് കീഴിലാണ് താരം പരിശീലനം നേടിയത്. വലംകൈയന്‍ മീഡിയം പേസറും വലം കൈ ബാറ്ററുമായ താരം തുടക്കത്തില്‍ ഓഫ് സ്പിന്നറായിരുന്നു. എന്നാല്‍ മെലിഞ്ഞ ശരീരപ്രകൃതിയുള്ള താരം മികച്ച പേസറാകുമെന്ന മഹേന്ദ്ര സിങിന്റെ ദീര്‍ഘവീക്ഷണമാണ് താരത്തിന്റെ ക്രിക്കറ്റ് യാത്രയുടെ ഗതി തിരിച്ചത്. ടീമിലെ നിര്‍ണായക പേസറായ മോഹതിന് വിക്കറ്റൊന്നും വീഴ്ത്താന്‍ സാധിച്ചില്ലെങ്കിലും ബാറ്റുമായി ക്രീസിലെത്തി താരം അവിസ്മരണീയ ഇന്നിങ്‌സാണ് പാകിസ്ഥാനെതിരെ കളിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates