

ഇസ്ലാമബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ദയനീയ പരാജയം ഏറ്റുവാങ്ങിയ ശേഷം പാകിസ്ഥാൻ ക്രിക്കറ്റിൽ നടക്കുന്ന കോലാഹലങ്ങൾക്കും നാടകങ്ങൾക്കും അവസാനമില്ല. പല മുൻ താരങ്ങളും പരസ്യ പ്രസ്താവനകളും വിമർശനങ്ങളുമായി രംഗം കൊഴുപ്പിക്കുന്നു. അതിനിടെ വിചിത്ര വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക് നായകൻ മുഹമ്മദ് യൂസഫ്.
2021ലെ ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരെ നേടിയ 10 വിക്കറ്റിന്‍റെ വമ്പൻ വിജയമാണ് പാകിസ്ഥാൻ ക്രിക്കറ്റിന്‍റെ ഇപ്പോഴത്തെ തകർച്ചയ്ക്കും പ്രതിസന്ധികൾക്കും തുടക്കമിട്ടതെന്ന വിചിത്ര വാദവുമാണ് അദ്ദേഹം മുന്നോട്ടു വയ്ക്കുന്നത്. അന്നത്തെ വിജയത്തിന് ശേഷം താരങ്ങളുടെ ഉള്ളിൽ വന്ന അഹങ്കാരവും ഈഗോയുമാണ് ടീമിനെ ഇന്നത്തെ ദുരവസ്ഥയിൽ എത്തിച്ചത് എന്നാണ് സമ ടിവിക്ക് നൽകിയ അഭിമുഖത്തിൽ മുഹമ്മദ് യൂസഫ് പറഞ്ഞത്.
'2021ൽ ഇന്ത്യക്കെതിരെ നേടിയ ആ വിജയം ഞങ്ങളെ വലിയ രീതിയിലാണ് ബാധിച്ചത്. ആ മത്സരത്തിന് ശേഷം കാര്യമായ എന്തോ വലിയ നേട്ടം കൈവരിച്ചുവെന്ന് കളിക്കാർ വിചാരിക്കാൻ തുടങ്ങി. ഇനി മുന്നോട്ട് എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് അവർക്ക് ധാരണയില്ലാതായി. കളത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുമ്പോൾ എപ്പോഴും വിനയമുള്ളവരായിരിക്കണം. എന്നാൽ കോളർ ഉയർത്തി അഹങ്കാരത്തോടെ പെരുമാറാൻ തുടങ്ങിയാൽ പ്രശ്നങ്ങൾ ഉടലെടുക്കും. അത് തന്നെയാണ് പാകിസ്ഥാൻ ക്രിക്കറ്റിലും സംഭവിച്ചത്.'
'ഡ്രസിങ് റൂമിൽ ക്യാപ്റ്റനാകാനുള്ള മത്സരമായിരുന്നു പിന്നീട് നടന്നത്. ടീമിലെ എല്ലാവരും നായകനാകാൻ ശ്രമിക്കുകയായിരുന്നു. ഇതിന്‍റെ പ്രത്യാഘാതമാണ് കഴിഞ്ഞ നാലഞ്ച് വർഷമായി പാകിസ്ഥാൻ ക്രിക്കറ്റ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഏകദിന, ടി20 ലോകകപ്പുകളിലും ഏഷ്യാ കപ്പിലും ചാംപ്യൻസ് ട്രോഫിയിലുമെല്ലാം മോശം പ്രകടനമാണ് ടീം കാഴ്ചവെച്ചത്. എത്രയോ പരിശീലകർ വന്നു പോയി, പിസിബി പൂർണ പിന്തുണ നൽകി. എന്നാൽ ഒരു കളിക്കാരൻ പോലും ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറായില്ല.'
'പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ കടുത്ത തീരുമാനങ്ങളെ പൂർണമായി പിന്തുണയ്ക്കുന്നു. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്‍റ് പട്ടികയില്‍ ആകെ 9 ടീമുകളുള്ളതിൽ 9ാം സ്ഥാനത്താണ് നിലവിൽ പാകിസ്ഥാൻ. രാജ്യത്തിന്‍റെ പേര് മോശമാകുന്ന സാഹചര്യത്തിൽ ബോർഡ് കടുത്ത തീരുമാനങ്ങൾ എടുക്കാൻ നിർബന്ധിതരായതാണ്'- മുഹമ്മദ് യൂസഫ് തുറന്നടിച്ചു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലെ ദയനീയ തോൽവിക്ക് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് കടുത്ത തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നു. മൂന്നാം ടെസ്റ്റിന് മുന്നോടിയായി വൈസ് ക്യാപ്റ്റൻ മുഹമ്മദ് റിസ്‌വാൻ, ഇമാം ഉൾ ഹഖ്, അഗ സൽമാൻ ഉൾപ്പെടെ 7 പ്രമുഖ താരങ്ങളെ നാട്ടിലേക്ക് തിരിച്ചയച്ചു. ഹെഡ് കോച്ച് സർഫറാസ് അഹമ്മദിനെയും അസിസ്റ്റന്റ് കോച്ച് ഉമർ ഗുല്ലിനെയും സ്ഥാനത്തു നിന്നു നീക്കുകയും ചെയ്തു. വൈറ്റ് ബോൾ പരിശീലകനായ മൈക്ക് ഹെസ്സനു തന്നെ ടെസ്റ്റിന്റേയും പരിശീലന ചുമതല നൽകിയിരിക്കുകയാണ് നിലവിൽ പിസിബി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates