

ബിര്‍മിങ്ഹാം: വനിതാ ടി20 ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക്ബസ്റ്റര്‍ അല്‍പ്പ സമയത്തിനുള്ളില്‍. ടോസ് നേടി ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ടോസിനു ശേഷം ഇരു ക്യാപ്റ്റൻമാരും പരസ്പരം ഹസ്തദാനം ചെയ്യുന്ന പതിവ് ഇത്തവണയും ഉണ്ടായില്ല. എഡ്ജ്ബാസ്റ്റണില്‍ വൈകീട്ട് ഏഴ് മണി മുതലാണ് പോരാട്ടം.
തികഞ്ഞ ജയ പ്രതീക്ഷയോടെയാണ് ടീം ഇന്ത്യ എത്തുന്നത്. കഴിഞ്ഞ നവംബറില്‍ ഏകദിന ലോകകപ്പില്‍ മുത്തമിട്ട ഹര്‍മന്‍പ്രീതും സംഘവും കുട്ടി ക്രിക്കറ്റിലും കന്നി ലോക കിരീടം സ്വന്തമാക്കുകയെന്ന ലക്ഷ്യവുമായാണ് ഇംഗ്ലണ്ടിലെത്തിയത്.
ടി20യില്‍ 16 തവണ പാകിസ്ഥാനുമായി ഏറ്റുമുട്ടിയപ്പോള്‍ 13ലും ഇന്ത്യയാണ് ജയിച്ചിട്ടുള്ളത്. തോറ്റ മൂന്നില്‍ രണ്ടെണ്ണം ലോകകപ്പിലാണ് എന്നുള്ളതുകൊണ്ടുതന്നെ ഇന്നത്തെ മത്സരം അത്ര നിസാരമായി ടീം ഇന്ത്യ കാണുന്നില്ല. സ്മൃതി മന്ധാനയും ഷെഫാലി വര്‍മയും ഓപ്പണ്‍ ചെയ്യുന്ന ബാറ്റിങ് നിരയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. പവര്‍പ്ലേയില്‍ തന്നെ കളി കൈപ്പിടിയിലാക്കാന്‍ മികവുള്ള താരങ്ങളാണ് ഇരുവരും. എന്നാല്‍ ഷെഫാലിയുടെ ഫോം ആശങ്കയാകുന്നു.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് നേതൃത്വം നല്‍കുന്ന മധ്യനിരയും ശക്തമാണ്. ഹര്‍മന്‍പ്രീതിന്റെ പരിചയസമ്പത്തിനൊപ്പം ജെമിമ റോഡ്രിഗ്‌സ്, റിച്ച ഘോഷ്, ഭാരതി ഫുല്‍മാലി, ദീപ്തി ശര്‍മ എന്നിവരും അവസരത്തിനൊത്ത് ഉയര്‍ന്നാല്‍ കാര്യങ്ങള്‍ എളുപ്പമായി.
പാകിസ്ഥാന്റെ പ്രതീക്ഷയത്രയും ക്യാപ്റ്റന്‍ സന ഫാത്തിമയിലാണ്. ഓള്‍റൗണ്ടറായ സന ഫാത്തിമ, ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച ഫോമിലാണ്.
ഗ്രൂപ്പ് എയിലാണ് ഇന്ത്യയും പാകിസ്ഥാനുമുള്ളത്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്‌സ് എന്നിവയാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ഗ്രൂപ്പിലെ ആദ്യ പോരില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച ഓസ്ട്രേലിയയാണ് നിലവില്‍ മുന്നിലുള്ളത്.
ടീം ഇന്ത്യ ഇലവന്‍: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ധാന, ഷെഫാലി വര്‍മ, ജെമിമ റോഡ്രിഗ്‌സ്, ഭാരതി ഫുല്‍മാലി, റിച്ച ഘോഷ്, ദീപ്തി ശര്‍മ, അരുന്ധതി റെഡ്ഡി, ശ്രേയങ്ക പാട്ടീല്‍, ശ്രീചരണി, ക്രാന്തി ഗൗഡ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates