

സ്മാര്‍ട്ട്‌ഫോണ്‍ ഒരു പഴ്‌സായി ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഫോണ്‍ കവറിനുള്ളില്‍ ചെറിയ പേപ്പറുകള്‍, നോട്ടുകള്‍, വിവിധ കാര്‍ഡുകള്‍, സിം, മെമ്മറി കാര്‍ഡ് എന്നിങ്ങനെ വയ്ക്കാന്‍ പറ്റുന്ന പലതും സൂക്ഷിന്നവരുണ്ടാകും.
പഴ്‌സ് കൊണ്ടുനടക്കാനുള്ള മടി എന്നിങ്ങനെ പല കാരണങ്ങള്‍ ഈ പ്രവൃത്തിക്ക് പിന്നിലുണ്ട്. ഇത്തരം പ്രവൃത്തികള്‍ ഫോണിനും ഫോണ്‍ കൊണ്ടുനടക്കുന്ന ആള്‍ക്കും ഒരുപോലെ ദോഷം ചെയ്യും. ഇതിന്റെ പിന്നില്‍ പല അപകടങ്ങളും ഒളിഞ്ഞിരിക്കുന്നുണ്ട്.
ഫോണുകള്‍ പലപ്പോഴും പല കാരണങ്ങളാലും ചൂടാകാറുണ്ട്. ഇപ്പോള്‍ പുതിയ പല സ്മാര്‍ട്ട്‌ഫോണുകളും ഫോണ്‍ അമിതമായി ചൂടാകാതിരിക്കാനുള്ള കൂളിങ് സിസ്റ്റവും എന്തിനേറെ ഫാന്‍ വരെ അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം കൂളിങ് സംവിധാനങ്ങള്‍ ഇല്ലാത്ത സ്മാര്‍ട്ട്‌ഫോണുകളും ഉണ്ട്. കൂളിങ് സംവിധാനം ഉണ്ടെങ്കിലും ഇല്ലെങ്കിലും സ്മാര്‍ട്ട്‌ഫോണ്‍ കവറിനുള്ളില്‍ ഒന്നും സൂക്ഷിക്കാന്‍ പാടില്ല. കാരണം ഫോണ്‍ ചൂടാകുമ്പോള്‍ ഇടയില്‍ ഇത്തരം സാധനങ്ങള്‍ ഇരിക്കുന്നത് പ്രശ്‌നം കൂടുതല്‍ വഷളാക്കും. ഇത് ഫോണ്‍ ചൂട് കൂടി പൊട്ടിത്തെറിക്കുന്നതിലേക്ക് വരെ നയിച്ചേക്കാം.
ഫോണിന്റെ പിന്നില്‍ ബാങ്ക് കാര്‍ഡുകളും മറ്റും സൂക്ഷിക്കുന്നത് കവറേജ് പ്രശ്‌നത്തിനും ഇടയാക്കാറുണ്ട് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതായത് പല ഫോണുകളുടെയും ആന്റിനകള്‍ അവയുടെ മുകള്‍ ഭാഗത്തായാണ് സ്ഥാപിച്ചിരിക്കുന്നത്. റിയര്‍ പാനലിന്റെ മുകളിലായി പണമോ കാര്‍ഡുകളോ സൂക്ഷിക്കുന്നത് ആന്റിനയ്ക്ക് ഫോണിലേക്ക് സിഗ്‌നലുകള്‍ ശരിയായി സ്വീകരിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തിയേക്കാം. കാര്‍ഡില്‍ സെന്‍സറുകളും ചിപ്പുകളും ഉണ്ടായിരിക്കാം, അത് ഫോണിന്റെയും ആന്റിനയുടെയുമൊക്കെ പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കാം.
ഇത്തരം സാധനങ്ങള്‍ ഫോണിനൊപ്പം സൂക്ഷിക്കുന്നതിലൂടെ ഹാന്‍ഡ്സെറ്റ് ചാര്‍ജ് ചെയ്യുന്ന സമയത്തും അമിതമായി ഫോണ്‍ ചൂടാക്കാന്‍ ഇടയുണ്ട്. ഇത്തരത്തില്‍ ചൂട് നിലനില്‍ക്കുന്നത് ഫോണിന്റെ ആയുസിനെയും ബാധിക്കും ഇത്തരം സാധനങ്ങള്‍ വയ്ക്കാതെ തന്നെ പലപ്പോഴും ഫോണ്‍ അമിതമായി ചൂടാകും. അപ്പോള്‍ ഇവ കൂടി വരുന്നത് കൂടുതല്‍ ദോഷകരമാണ്.