

ന്യൂഡല്‍ഹി: രാജ്യത്ത് ചില വാട്‌സ്ആപ്പ് ഉപയോക്താക്കളോട് ആപ്പില്‍ ജനനത്തീയതി ചേര്‍ക്കാന്‍ ആവശ്യപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതോടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രായപരിധി പരിശോധന നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. ടെക് ടിപ്സ്റ്ററായ അഭിഷേക് യാദവ് നല്‍കിയ വിവരമനുസരിച്ച്, വാട്ട്സ്ആപ്പിനുള്ളില്‍ പ്രായം നല്‍കാന്‍ ആവശ്യപ്പെടുന്ന സ്‌ക്രീന്‍ഷോട്ട് പുറത്തുവന്നിട്ടുണ്ട്. 'ഇന്ത്യന്‍ സര്‍ക്കാരിന്റെ വരാനിരിക്കുന്ന നിയമങ്ങള്‍ അനുസരിച്ച്' ഇത് ആവശ്യമാണെന്ന് കാണിച്ചുകൊണ്ടാണ് വാട്‌സ്ആപ്പ് വിവരം തേടുന്നത്.
അതേസമയം, വാട്‌സ്ആപ്പോ കേന്ദ്ര സര്‍ക്കാരോ ഇത്തരമൊരു പ്രായപരിധി നിയമത്തെക്കുറിച്ചോ നിര്‍ബന്ധിത പരിശോധനയെക്കുറിച്ചോ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം വരുന്നത് വരെ ഈ വാര്‍ത്തകളെ ഊഹാപോഹങ്ങളായി മാത്രമേ കാണാനാകൂ. പുതിയ സന്ദേശത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, ഉപയോക്താക്കളുടെ പ്രായം ചോദിക്കുന്നത് വാട്ട്സ്ആപ്പില്‍ പുതിയ കാര്യമല്ല. കമ്പനിയുടെ ഹെല്‍പ് പേജ് അനുസരിച്ച് അതിന് പ്രധാന കാരണങ്ങള്‍ ചുവടെ പറയുന്നവയാണ്.
നിയമപരമായ കാരണം: വിവിധ രാജ്യങ്ങളിലെ പ്രാദേശിക നിയമങ്ങള്‍ പാലിക്കുന്നതിന്.
സുരക്ഷിതമായ അനുഭവം: കുട്ടികള്‍ക്ക് അനുയോജ്യമായ ഫീച്ചറുകള്‍ ക്രമീകരിക്കുന്നതിനും, മെറ്റാ എഐ ഫീച്ചറുകളും ചാനലുകളിലെ പരസ്യങ്ങളും പ്രായത്തിനനുസരിച്ച് പ്രദര്‍ശിപ്പിക്കുന്നതിന്.
പ്രൈവസി സജ്ജീകരണങ്ങള്‍: ഉപയോക്താക്കള്‍ക്ക് 18 വയസ് പൂര്‍ത്തിയാകുമ്പോള്‍ അക്കൗണ്ട് സ്വാഭാവികമായി മുതിര്‍ന്നവരുടെ അക്കൗണ്ടായി മാറും.
രഹസ്യസ്വഭാവം: നിങ്ങള്‍ നല്‍കുന്ന ജനനത്തീയതി മറ്റ് ഉപയോക്താക്കള്‍ക്കോ പ്രൊഫൈലിലോ കാണാന്‍ സാധിക്കില്ല.
ലോകമെമ്പാടും കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ കടുത്ത നിയമങ്ങള്‍ വരുന്നുണ്ട്. അടുത്തിടെ ഓസ്ട്രേലിയ 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടിക് ടോക്ക്, എക്സ് ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാട്‌സ്ആപ്പിനെ ഈ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബ്രിട്ടനില്‍ കുട്ടികളുടെ ഡിജിറ്റല്‍ സുരക്ഷ മുന്‍നിര്‍ത്തി പ്രായപരിധി പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ഇന്ത്യയിലും ഭാവിയില്‍ ഇത്തരം നിയമങ്ങള്‍ വരികയാണെങ്കില്‍ ടെലിഗ്രാം, ഇന്‍സ്റ്റഗ്രാം, സിഗ്‌നല്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ക്കും ഇത് ബാധകമായേക്കാം. എങ്കിലും നിലവില്‍ ഇന്ത്യയില്‍ വാട്ട്സ്ആപ്പിന് പ്രായപരിധി നിര്‍ബന്ധമാക്കിയെന്ന വാര്‍ത്തയ്ക്ക് ഔദ്യോഗിക അടിസ്ഥാനമില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates