
'എല്ലാത്തിനും അതിന്‍റെതായ സമയമുണ്ട് ദാസാ' എന്ന് പറയുന്ന പോലെയാണ് പ്രോട്ടീന്‍റെ കാര്യവും. മെച്ചപ്പെട്ട ഫലം കിട്ടാന്‍ സമയം നോക്കി തന്നെ പ്രോട്ടീന്‍ കഴിക്കണം. ജിമ്മില്‍ പോയി ഹെവി വര്‍ക്ക്ഔട്ട് ചെയ്തു തുടങ്ങുമ്പോഴാണ് പ്രോട്ടീന് ഇത്ര മാത്രം പ്രാധാന്യം ഉണ്ടായിരുന്നുവെന്ന് മനസിലാക്കുക. അതുവരെ മീനും മുട്ടയും ചിക്കനുമൊക്കെ വെറും ഭക്ഷണം മാത്രം.
അമിനോ ആസിഡുകളാല്‍ നിര്‍മിച്ച പ്രധാനപ്പെട്ട ഒരു മാക്രോന്യൂട്രിയന്റ് ആണ് പ്രോട്ടീന്‍. പേശികളുടെയും കലകളുടെയും എന്‍സൈമുകളുടെയും നിര്‍മാണത്തിന് പ്രോട്ടീന്‍ ഒരു നിര്‍ണായക പങ്ക് വഹിക്കുന്നു. ജിമ്മില്‍ തീവ്ര വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ ഒരുപക്ഷെ നിങ്ങളുടെ പേശികള്‍ സമ്മര്‍ദത്തിലാകാനും പൊട്ടാനുമിടയാകും. ഈ തകരാറുകള്‍ പരിഹരിക്കാന്‍ പ്രോട്ടീന്‍ സഹായിക്കും.
പ്രോട്ടീന്‍ കഴിക്കാന്‍ സമയമുണ്ട്
പൊണ്ണത്തടി കുറയ്ക്കാനും പേശിബലം വര്‍ധിപ്പിക്കാനും കൊഴുപ്പ് നീക്കാനുമെല്ലാം പ്രോട്ടീന്‍ നിര്‍ണായകമാണ്. എന്നാല്‍ എന്നാൽ സമയവും സന്തുലിതാവസ്ഥയും പ്രധാനമാണ്. ശരിയായ സമയത്ത് ശരിയായ അളവില്‍ പ്രോട്ടീൻ കഴിക്കുന്നത് മെച്ചപ്പെട്ട ഫലം നല്‍കും.
ശരീരഭാരം നിയന്ത്രിക്കാന്‍
ശരീരഭാരം കുറയ്ക്കുക എന്നതാണോ നിങ്ങളുടെ ലക്ഷ്യം. എങ്കില്‍ ബ്രോക്ക്ഫാസ്റ്റ്, പ്രധാന ഭക്ഷണ സമയങ്ങളില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്താം. ഇത് നിങ്ങളുടെ വയറിന് ദീര്‍ഘനേരം സംതൃപ്തി നല്‍കാനും കലോറിയുടെ അളവു കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ കൊഴുപ്പ് നഷ്ടപ്പെടുത്തിക്കൊണ്ട് തന്നെ പേശി ബലം വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും.
എത്രമാത്രം കഴിക്കണം: ശരീരഭാരം അനുസരിച്ചാണ് ഒരാള്‍ കഴിക്കേണ്ട പ്രോട്ടീന്‍റെ അളവു നിശ്ചയിക്കുക. ഒരു കിലോ ശരീരഭാരത്തിന് 1.2-1.5 ഗ്രാം പ്രോട്ടീൻ എന്ന അളവില്‍ കഴിക്കാം.
പേശികളുടെ വളർച്ചയും ശക്തിയും
വ്യായാമത്തിന് മുമ്പും ശേഷവും പ്രോട്ടീന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് നല്ലത്. വ്യായാമത്തിന് ശേഷം 30-60 മിനിറ്റിനുള്ളിൽ കഴിക്കാം. ഇത് പേശികളുടെ നന്നാക്കലിനും വളർച്ചയ്ക്കും ആവശ്യമായ അവശ്യ അമിനോ ആസിഡുകൾ ശരീരത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.
എത്ര കഴിക്കണം: വ്യായാമത്തിന് ശേഷം ശരീരഭാരത്തിന്റെ ഒരു കിലോയ്ക്ക് 1.6-2.4 ഗ്രാം പ്രോട്ടീൻ കഴിക്കാം.
പേശികളുടെ ബലക്ഷയം തടയുന്നതിന്
ദിവസത്തില്‍ ഇടയ്ക്കിടെ പ്രോട്ടീന്‍ കഴിക്കുന്നത് പേശികളുടെ തകർച്ച തടയാൻ സഹായിക്കുന്നു. പ്രത്യേകിച്ച് ആർത്തവ വിരാമം അല്ലെങ്കിൽ വാർദ്ധക്യം എന്നീ കാലഘട്ടങ്ങളിൽ.
എത്ര കഴിക്കണം: ശരീരഭാരത്തിന്റെ ഒരു കിലോഗ്രാമിന് 1.6-2.2 ഗ്രാം പ്രോട്ടീൻ കഴിക്കാം.
സപ്ലിമെന്റുകളോ ഡയറ്റോ: ശരിയായ ചോയ്സ് എന്താണ്?
മത്സ്യം, കോഴി, മുട്ട, പയർവർഗ്ഗങ്ങൾ, ക്വിനോവ, പാലുൽപ്പന്നങ്ങൾ തുടങ്ങിയ മുഴുവൻ ഭക്ഷണങ്ങളും പ്രോട്ടീനാൽ സമ്പുഷ്ടവും അധിക പോഷകങ്ങളാൽ സമ്പുഷ്ടവുമാണ്. എന്നാൽ ഇവ ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ പ്രോട്ടീൻ പൊടികൾ ഒരു സൗകര്യപ്രദമായ മാര്‍ഗമാണ്.
നമ്മുടെ ശരീരഭാരത്തിന്റെ ഒരു കിലോയ്ക്ക് കുറഞ്ഞത് 1 ഗ്രാം പ്രോട്ടീൻ ആവശ്യമാണ്. അതിനാൽ 60 കിലോ ഭാരമുള്ള ഒരാൾക്ക് പ്രായം, തൊഴിൽ, ആരോഗ്യം, പ്രവർത്തന നില എന്നിവയെ ആശ്രയിച്ച് ദിവസവും കുറഞ്ഞത് 60 ഗ്രാം പ്രോട്ടീൻ ആവശ്യമാണ്. പലർക്കും, ഭക്ഷണത്തിലൂടെ മാത്രം ഈ അളവു പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്ന് വരില്ല. അങ്ങനെയുള്ള സാഹചര്യങ്ങള്‍ പ്രോട്ടീന്‍ പൊടികളെ ആശ്രയിക്കാവുന്നതാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രോട്ടീന്‍ കൂടിയാലോ?
ശരീരത്തിന് അത്രയേറെ പ്രാധാന്യമുള്ള പോഷകമാണെങ്കിലും പ്രോട്ടീന്‍ ശരീരത്തില്‍ കൂടിപ്പോയാലും പ്രശ്നമാണ്. അമിതമായ ഉപഭോഗം പോഷക അസന്തുലിതാവസ്ഥ, കുടൽ പ്രശ്നങ്ങൾ, വൃക്ക ബുദ്ധിമുട്ട്, ശരീരഭാരം വർധിക്കുക എന്നിവയ്ക്ക് കാരണമാകും.
ശരീരഭാരത്തിന്റെ ഒരു കിലോഗ്രാമിന് നാല് ഗ്രാം കവിയുന്നത് അമിതമായി കണക്കാക്കാം. കൂടാതെ ഉറങ്ങുന്നതിന് തൊട്ടുമുമ്പ് പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കുന്നത് വയറു വീർക്കുന്നതിന് കാരണമാകുമെങ്കിലും, ട്രിപ്റ്റോഫാൻ അടങ്ങിയ പാലുൽപ്പന്നങ്ങൾ പോലുള്ള ലഘുവായ പ്രോട്ടീൻ സ്രോതസ്സുകൾ മികച്ച ഉറക്കത്തിന് സഹായിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക