

സ്ത്രീ ശരീരത്തിലെ സ്വാഭാവിക പ്രക്രിയയാണ് ആർത്തവം. കഠിനമായ വയറു വേദനയും അസ്വസ്ഥതകളുമായി ആര്‍ത്തവ നാളുകള്‍ പലര്‍ക്കും ഭീതിയുടെയും ആശങ്കയുടെയും നാളുകളായിരിക്കാം. ആർത്തവ സമയത്ത് വ്യക്തിശുചിത്വത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ആർത്തവ ശുചിത്വത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കരിക്കുക എന്ന ഉദ്ദേശത്തോടെയാണ് എല്ലാ വർഷവും മെയ് 28ന് ലോക ആർത്തവ ശുചിത്വ ദിനം (Menstrual Hygiene Day) ആചരിക്കുന്നത്.
എംഎച്ച്ഡി, എംഎച്ച് ഡേ എന്നൊക്കെ ആര്‍ത്തവ ശുചിത്വ ദിനത്തെ ചുരുക്കി വിളിക്കാറുണ്ട്. ജർമനി അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാഷ് യുണൈറ്റഡ് എന്ന എന്‍ജിഓ ആണ് ഈ ദിനത്തിന് പിന്നില്‍. 2014 മുതലാണ് ഈ ദിനം ആചരിച്ചു തുടങ്ങുന്നത്. ആർത്തവത്തെ സംബന്ധിച്ച് പലതരത്തിലുള്ള മിഥ്യാധാരണകൾ നമുക്ക് ചുറ്റുമുണ്ട്. മെസ്ട്രല്‍ കപ്പ് ഉപയോഗം മുതല്‍ വേദനസംഹാരികള്‍ വരെയുള്ള പല കാര്യങ്ങളിലും ഇന്നും മിക്കയാളുകള്‍ക്കും ആശയക്കുഴപ്പം നിലനില്‍ക്കുന്നു. ആർത്തവത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ.
യോജിച്ചതു തിരഞ്ഞെടുക്കുക
ആർത്തവ ദിനങ്ങളിൽ ഏറെ സാധാരണമായി ഉപയോഗിക്കുന്നത് സാനിറ്റിറി പാഡുകൾ ആണെങ്കിലും മെസ്ട്രൽ കപ്പ്, പീരിയഡ് പാൻഡിസ് തുടങ്ങിയ പുതിയ സംവിധാനങ്ങൾ ഇന്ന് വിപണിയിൽ എത്തിയിട്ടുണ്ട്. എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും അതിന്റെതായ ഗുണങ്ങളും ദോഷവശങ്ങളുമുണ്ട്. അവനനവന് യോജിച്ചത് ഏതാണെന്ന് കൃത്യമായി മനസിലാക്കി ഉപയോഗിക്കുന്നതാണ് നല്ലത്. ചില ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്ന കൃത്രിമ സുഗന്ധങ്ങലും ബ്ലീച്ചുകളും ചിലർക്ക് അലർജി ഉണ്ടാക്കാം. ഇത് മറ്റ് ആരോഗ്യ സങ്കീര്‍ണതകളിലേക്ക് നയിക്കാം.
രക്തത്തെക്കാള്‍ കട്ടി
ആർത്തവ സമയത്ത് ശരീരത്തിൽ നിന്ന് രക്തം നഷ്ടമാകുന്നുവെന്നാണ് കരുതുന്നത്, എന്നാൽ ഇത് രക്തം മാത്രമല്ല, ഗർഭാശയ പാളി, മ്യൂക്കസ്, യോനി സ്രവങ്ങൾ എന്നിവയുടെ മിശ്രിതമാണ് ശരീരത്തിൽ നിന്ന് പുറത്തുവരുന്നത്. ഇതാണ് നിറത്തിലും ഗന്ധത്തിലും വ്യത്യാസത്തിന് കാരണമാകുന്നത്.
അണുബാധ സാധ്യത
ആർത്തവ ദിനങ്ങളിൽ ആറോ എട്ടോ മണിക്കൂറുകൾ ഇടവിട്ട് പാഡുകൾ മാറ്റേണ്ടത് നിർബന്ധമാണ്. പാഡുകൾ പോലുള്ളവ ദീർഘനേരം ഉപയോഗിക്കുന്നത് ബാക്ടീരിയ അണുബാധയ്ക്ക് കാരണമാകുന്നു. ഇത് ടോക്സിക് ഷോക്ക് സിൻഡ്രോം എന്ന അവസ്ഥയിലേക്ക് നയിക്കുന്നു. ഇത് ആർത്തവ സമയത്ത് യോനിയിലെ പിഎച്ച് അളവിലും മൈക്രോബയോമിലെ ഏറ്റക്കുറച്ചിലുകൾക്കും അണുബാധയ്ക്കും കാരണമാവുകയും ചെയ്യുന്നു.
അമിതമായി വൃത്തിയാക്കുന്നത് ഒഴിവാക്കാം
അണുബാധയിൽ നിന്ന് മുക്തമാകാൻ യോനി ഭാഗം നന്നായി വൃത്തിയാക്കേണ്ടതുണ്ട്. എന്നാൽ ഒരു തരത്തിലും അമിതമായി വൃത്തിയാക്കരുത്. ഇത് ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യും. സുഗന്ധമില്ലാത്ത, സൗമ്യമായ സോപ്പുകൾ അല്ലെങ്കിൽ ഗൈനക്കോളജിസ്റ്റുകൾ നിർദേശിക്കുന്ന സോപ്പുകൾ ഉപയോഗിച്ചു വൃത്തിയാക്കാവുന്നതാണ്. മറ്റുവിധത്തിൽ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത്, യീസ്റ്റ് അണുബാധയോ ബാക്ടീരിയൽ വാഗിനോസിസ് ഉണ്ടാകാനുള്ള സാധ്യത കൂട്ടും.
വസ്ത്രങ്ങൾ ഉപയോഗിക്കുമ്പോള്‍
ആർത്തവസമയത്ത് ഇറുകിയ വസ്ത്രങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ വിദഗ്ധർ നിർദേശിക്കാറുണ്ട്. ഈർപ്പവും ചൂടും വിയപ്പുമെല്ലാം കൂടുച്ചേരുമ്പോൾ ഇറുകിയ വസ്ത്രമിടുന്ന സാഹചര്യത്തിൽ പലതരത്തിലുള്ള അണുബാധയ്ക്കും സാധ്യതയുള്ളതു കൊണ്ടാണിത്. അതിനാൽ ആ സമയം അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലത്.
ഓവര്‍ ഫ്ലോ!
തുമ്മൽ അല്ലെങ്കിൽ ദീർഘനേരം ഇരുന്നതിന് ശേഷം എഴുന്നേൽക്കുന്ന സാഹചര്യത്തിലോ അസ്വസ്ഥതകൾ ഉണ്ടാകാം. എത്ര സൂക്ഷിച്ചാലും ചോർച്ച സംഭവിക്കാം. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ കഴിയില്ലാത്തതിനാൽ, ബാഗിൽ എപ്പോഴും പാഡ്, തുണി പോലുള്ളത് കരുതണം. രാത്രി കിടക്കുമ്പോള്‍ സാധാരണ പാഡുകൾ ധരിക്കുന്നതിന് പകരം ഓവർനൈറ്റ് പാഡുകൾ ഉപയോഗിക്കാവുന്നതാണ്. അല്ലെങ്കിൽ കിടക്ക കവറിന് മുകളിൽ ഒരു ടവൽ വിരിച്ച് ഉറങ്ങുകയോ ചെയ്യാം.
എല്ലാം ഹോര്‍മോണുകളുടെ കളി
ആർത്തവ സമയത്ത് ഹോർമോണുകളുടെ ഇരയാകുന്നത് സാധാരണമാണ്. ചിലപ്പോള്‍ അമിതമായ വിശപ്പ് അല്ലെങ്കിൽ ഭക്ഷണം കഴിക്കാതിരിക്കാം, ഭക്ഷണത്തോടെ ആസക്തി പോലുള്ളവ അനുഭവപ്പെടാം. മണം, മാനസികാവസ്ഥ, വിശപ്പ്, ഊർജ്ജം, മുഖക്കുരു തുടങ്ങിയവവയെല്ലാം ഹോർമോണുകളെ ആശ്രയിച്ചിരിക്കുന്നു. ചെറിയ കാര്യങ്ങള്‍ പോലും നിങ്ങളെ പ്രകോപിപ്പിക്കാം.
യാത്ര ചെയ്യുമ്പോള്‍
ദീർഘദൂര യാത്രകളിലും സാഹസിക യാത്രകളിലും ആർത്തവം വന്നാൽ മുന്‍കരുതല്‍ എടുക്കേണ്ടത് പ്രധാനമാണ്. ഒരു ആർത്തവ കിറ്റ് പായ്ക്ക് ചെയ്ത് എല്ലാ യാത്രകളിലും കരുതാം. ശുചിത്വ ഉൽപ്പന്നങ്ങൾ, പൗച്ചുകൾ, വൈപ്പുകൾ, സാനിറ്റൈസർ, ടോയ്‌ലറ്റ് റോളുകൾ, വാട്ടർ ബോട്ടിൽ, അധിക വസ്ത്രങ്ങളും അടിവസ്ത്രങ്ങളും, വേദന സംഹാരി മരുന്നുകൾ - ടാബ്‌ലെറ്റുകൾ, ജെല്ലുകൾ അല്ലെങ്കിൽ സ്പ്രേകൾ, ചൂട് പാച്ചുകൾ എന്നിവ ആര്‍ത്തവ കിറ്റില്‍ കരുതണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates