നക്ഷത്രം, ലഗ്‌നം, ഗ്രഹനില എന്നിവയെപ്പോലെ തന്നെ ജനിച്ച ദിവസവും വ്യക്തിത്വത്തെ സ്വാധീനിക്കുന്ന ഘടകമാണ്. ഓരോ ദിവസത്തിനും ഒരു ഗ്രഹാധിപതി ഉണ്ട്. അതാത് ഗ്രഹത്തിന്റെ സ്വഭാവഗുണങ്ങള്‍ ആ വ്യക്തിയുടെ ചിന്ത,പ്രവൃത്തി,ജീവിത ദിശ എന്നിവയില്‍ പ്രതിഫലിക്കും. അതുപോലെ, ഓരോ വര്‍ഷവും ജന്മദിനം ഏത് വാരത്തില്‍ വരു ന്നു എന്നതും ആ വര്‍ഷത്തെ അനുഭവങ്ങള്‍ക്ക് ദിശാ നിര്‍ദ്ദേശം നല്‍കുന്നു.
ഇപ്പോള്‍ ജനനവാരസ്വഭാവവും, അതേ ദിവസത്തില്‍ ജന്മദിനം വരുന്ന വര്‍ഷഫലവും ഒരുമിച്ചു പരിചയപ്പെടാം. ഞായറാഴ്ച ജനിച്ച ആളുടെ സ്വഭാവമായിരിക്കില്ല തിങ്കളാഴ്ച ജനിക്കുന്ന ആളുടേത് അതു പോലെ ഓരോ ദിവസത്തിനും വ്യത്യസ്തമായിരിക്കും ഫലങ്ങള്‍.
ഞായറാഴ്ച - സൂര്യസ്വഭാവം
ജനനസ്വഭാവം:
സൂര്യന്‍ ആത്മബലം, അധികാരം, നേതൃഗുണം എന്നിവയുടെ പ്രതീകമാണ്. ഞായറാഴ്ച ജനിച്ചവര്‍ ആത്മവിശ്വാസികളും സ്വാഭിമാനികളും ആയിരിക്കും.പൊതുവേ അധികാരസ്ഥാനങ്ങള്‍ ആഗ്രഹിക്കും. പിതൃഭക്തിയും ഭരണക്ഷമതയും കാണാം. സര്‍ക്കാര്‍/പൊതുമേഖലാ ജോലികളിലേക്ക് ആകര്‍ഷണം ഉണ്ടാകും. പുരോഗമനചിന്തയും വ്യക്തമായ ലക്ഷ്യബോധവും ഇവരില്‍ പ്രകടമാകും.
ജന്മദിനം ഞായറാഴ്ച വരുമ്പോള്‍:
ആ വര്‍ഷം സ്ഥാനമാനങ്ങളില്‍ പുരോഗതി ഉണ്ടാകാം. പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. കുടുംബത്തില്‍ അംഗീകാരം വര്‍ധിക്കും. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ അനുയോജ്യമായ വര്‍ഷമാകാം. ആത്മവിശ്വാസം ഉയരും, എന്നാല്‍ അമിത അഭിമാനം ഒഴിവാക്കണം.
തിങ്കളാഴ്ച - ചന്ദ്രസ്വഭാവം
ജനനസ്വഭാവം:
ചന്ദ്രന്‍ മനസ്സിന്റെയും വികാരങ്ങളുടെയും അധിപതിയാണ്. തിങ്കളാഴ്ച ജനിച്ചവര്‍ സ്‌നേഹപരവശരും കരുണയുള്ളവരുമായിരിക്കും. ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ കൂടുതലായി അനുഭവിക്കാം. കൃഷി, ഭക്ഷണവ്യാപാരം, കലാരംഗം തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയും. സുഖലോലുപതയും കലാവാസനയും കാണാം.
ജന്മദിനം തിങ്കളാഴ്ച വരുമ്പോള്‍:
മാനസികമായ മാറ്റങ്ങള്‍ അനുഭവപ്പെടാം. കുടുംബബന്ധങ്ങള്‍ ശക്തമാകും. വീട്, ഭൂമി, വാഹനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരാം. ധനകാര്യത്തില്‍ സൂക്ഷ്മത ആവശ്യമാണ്. മനസ്സമാധാനം നിലനിര്‍ത്താന്‍ ആത്മനിയന്ത്രണം ആവശ്യമാണ്.
ചൊവ്വാഴ്ച - ചൊവ്വയുടെ ശക്തി
ജനനസ്വഭാവം:
ചൊവ്വ ധൈര്യത്തിന്റെയും തന്റേടത്തിന്റെയും പ്രതീകം. ചൊവ്വാഴ്ച ജനിച്ചവര്‍ പ്രവര്‍ത്തനക്ഷമരും വേഗതയേറിയ തീരുമാനങ്ങള്‍ എടുക്കുന്നവരുമാകും. പൊലീസ്, പട്ടാളം, അഗ്‌നിശമന, വൈദ്യുതി, വൈദ്യരംഗം തുടങ്ങിയ മേഖലകളില്‍ സാധ്യത കാണാം. സാഹസികതയും വെല്ലുവിളികളെ നേരിടാനുള്ള ധൈര്യവും ഇവരുടെ ശക്തിയാണ്.
ജന്മദിനം ചൊവ്വാഴ്ച വരുമ്പോള്‍:
ആ വര്‍ഷം പ്രവര്‍ത്തനമേഖലയില്‍ ശക്തമായ മാറ്റങ്ങള്‍ ഉണ്ടാകാം. ധൈര്യപരമായ തീരുമാനങ്ങള്‍ ഫലപ്രദമാകും. നിയമപരമായ കാര്യങ്ങളില്‍ ജാഗ്രത വേണം. പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ ഉചിതകാലം. കോപനിയന്ത്രണം പാലിച്ചാല്‍ നേട്ടം ഉറപ്പാണ്.
ബുധനാഴ്ച - ബുദ്ധിപ്രഭാവം
ജനനസ്വഭാവം:
ബുധന്‍ ബുദ്ധിയുടെയും വാക്കിന്റെയും അധിപതിയാണ്. ബുധനാഴ്ച ജനിച്ചവര്‍ ഗണിതബോധവും വിശകലനശേഷിയും ഉള്ളവരായിരിക്കും. സാഹിത്യവാസനയും ജ്യോതിഷതാല്പര്യവും കാണാം. വ്യാപാരം, അധ്യാപനം, അക്കൗണ്ടിംഗ്, എഴുത്ത് തുടങ്ങിയ മേഖലകളില്‍ മികവ് തെളിയും.
ജന്മദിനം ബുധനാഴ്ച വരുമ്പോള്‍:
ആ വര്‍ഷം വിദ്യാഭ്യാസപരമായ നേട്ടങ്ങള്‍ ഉണ്ടാകാം. പുതിയ കരാറുകളും ഇടപാടുകളും ഗുണകരമാകും. സുഹൃത്തുക്കളുമായുള്ള ബന്ധം മെച്ചപ്പെടും. ആശയവിനിമയത്തില്‍ സൂക്ഷ്മത പാലിക്കണം. ബുദ്ധിപരമായ തീരുമാനങ്ങള്‍ വിജയത്തിലേക്ക് നയിക്കും.
വ്യാഴാഴ്ച- ഗുരുസ്വഭാവം
ജനനസ്വഭാവം:
ഗുരു ജ്ഞാനത്തിന്റെയും ആത്മീയതയുടെയും പ്രതീകമാണ്. വ്യാഴാഴ്ച ജനിച്ചവര്‍ സാത്വിക ഗുണങ്ങളോടെ ജീവിക്കുന്നവരായിരിക്കും. ഭൗതികവും ആത്മീയവുമായ ചിന്തകള്‍ക്ക് തുല്യപ്രാധാന്യം നല്‍കും. ദൈവഭക്തിയും ധാര്‍മികചിന്തയും ശക്തമായിരിക്കും.
ജന്മദിനം വ്യാഴാഴ്ച വരുമ്പോള്‍:
ആ വര്‍ഷം ആത്മീയ പുരോഗതിക്ക് സാധ്യത. വിവാഹം, വിദ്യാഭ്യാസം, സന്താനഭാഗ്യം തുടങ്ങിയ കാര്യങ്ങളില്‍ അനുകൂലത. ഗുരുവിന്റെ അനുഗ്രഹം ലഭിക്കുന്നതുപോലെ ജീവിതത്തില്‍ ഗൗരവവും സമത്വവും വര്‍ധിക്കും. ദാനധര്‍മ്മങ്ങള്‍ ഗുണകരമാകും.
വെള്ളിയാഴ്ച - ശുക്രസ്വഭാവം
ജനനസ്വഭാവം:
ശുക്രന്‍ സൗന്ദര്യത്തിന്റെയും ഭോഗത്തിന്റെയും കലാസൃഷ്ടികളുടെയും ഗ്രഹമാണ്. വെള്ളിയാഴ്ച ജനിച്ചവര്‍ കലാപരമായ കഴിവുകളോടെ അനുഗ്രഹീതരായിരിക്കും. പ്രണയഭാവവും സൗന്ദര്യബോധവും ശക്തമായിരിക്കും. വ്യാപാരം, കലാരംഗം, അധ്യാപനം എന്നിവയില്‍ നേട്ടം കൈവരും.
ജന്മദിനം വെള്ളിയാഴ്ച വരുമ്പോള്‍:
ആ വര്‍ഷം സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യത. പ്രണയബന്ധങ്ങളില്‍ പുരോഗതി.പുതിയ വസ്ത്രം, ആഭരണം, വാഹനം എന്നിവ സ്വന്തമാക്കാന്‍ ഇടയുണ്ട്. വിനോദപരമായ യാത്രകള്‍ ഉണ്ടാകാം. ആഡംബരച്ചെലവുകളില്‍ നിയന്ത്രണം വേണം.
ശനിയാഴ്ച- ശനിപ്രഭാവം
ജനനസ്വഭാവം:
ശനി കര്‍മ്മഫലദാതാവാണ്. ശനിയാഴ്ച ജനിച്ചവര്‍ കഠിനാധ്വാനികളും ക്ഷമയുള്ളവരുമാകും. ജീവിതത്തില്‍ നേട്ടങ്ങള്‍ വൈകിയെങ്കിലും സ്ഥിരതയോടെ ലഭിക്കും. പരീക്ഷണങ്ങളും വെല്ലുവിളികളും ജീവിതപാഠങ്ങളായി മാറും.
ജന്മദിനം ശനിയാഴ്ച വരുമ്പോള്‍:
ആ വര്‍ഷം പരിശ്രമം കൂടും. സാമ്പത്തിക നിയന്ത്രണം അനിവാര്യം. ദീര്‍ഘകാല പദ്ധതികള്‍ക്ക് അടിസ്ഥാനം ഒരുക്കാന്‍ മികച്ച സമയം. ആരോഗ്യത്തില്‍ ശ്രദ്ധ വേണം. ആത്മസംയമനവും സഹന ശക്തിയും വിജയത്തിലേക്ക് നയിക്കും.
ജനിച്ച വാരദിനം മനുഷ്യന്റെ അടിസ്ഥാനസ്വഭാവത്തെ നിര്‍ണ്ണയിക്കുന്നുവെങ്കില്‍, ഓരോ വര്‍ഷവും ജന്മദിനം ഏത് ദിവസത്തില്‍ വരുന്നു എന്നത് ആ വര്‍ഷത്തിന്റെ പ്രവണതകളെ സൂചിപ്പിക്കുന്നു. ജന്മദിനദിവസം ദിനാധിപതി ഗ്രഹത്തിന് അനുയോജ്യമായ പ്രാര്‍ത്ഥനയും സദാചാരപ്രവൃത്തികളും നടത്തുന്നത് ആ വര്‍ഷത്തെ ഫലങ്ങളെ ശുഭകരമാക്കുമെന്ന് ജ്യോതിഷ സൂചന പറയുന്നു.വാരവും ഗ്രഹവും ചേര്‍ന്ന ഈ ദര്‍ശനം ജീവിതത്തെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒരു സമഗ്ര ജ്യോതിഷപരമായ സമീപനമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates