വ്യാഴം മൂന്ന് രാശിയിൽ സഞ്ചരിയ്ക്കുന്ന വർഷമാണിത്. 1955 മെയ് 3ന് ഉച്ചതിരിഞ്ഞ് 3. 22 ന് കർക്കിടക രാശിയിൽ പ്രവേശിച്ച വ്യാഴം 1955 ഒക്ടോബർ 1ന് ഉച്ചതിരിഞ്ഞ് 3.07 ന് ചിങ്ങം രാശിയിലേയ്ക്ക് മാറി തിരിച്ച് 1956 മാർച്ച് 14 ന് കർക്കിടക രാശിയിലേയ്ക്ക് തന്നെ വന്നതാണ് അടുത്ത കാലത്ത് ഉണ്ടായ സമാനമായ വ്യാഴ മാറ്റം. ഇത്തവണത്തെ വ്യാഴമാറ്റം പല തരം കൃമി കീടാദികളുടെ ഉപദ്രവത്തിന് സാധ്യത കൂട്ടുന്നതാണ്. മാലിന്യ സംസ്കരണ രംഗത്തുള്ളവർ ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾക്ക് സാധ്യത പറയാവുന്ന കാലം കൂടിയാണ്.
ജൂൺ 8ന് ശുക്രൻ കർക്കിടക രാശിയിലേയ്ക്കെത്തുമ്പോൾ കാലവർഷം കുറച്ചുകൂടി ശക്തിപ്രാപിയ്ക്കും. ജൂൺ 22ന് ബുധൻ കൂടി കർക്കിടക രാശിയിൽ വന്നാൽ താരതമ്യേന നല്ല മഴ കിട്ടും. ജൂലൈ 4 ന് ശുക്രൻ ചിങ്ങം രാശിയിലേയ്ക്ക് മാറിയാലും ശരാശരി 23 മി.മീ മഴ കിട്ടേണ്ട സമയമാണ്. ബുധൻ ജൂലൈ 7 ന് മിഥുനത്തിലേയ്ക്ക് മാറുമെങ്കിലും ശുക്രൻ ഓഗസ്റ്റ് 1 ന് ജലരാശിയായ കന്നിയിലും ബുധൻ ഓഗസ്റ്റ് 5 ന് ജലരാശിയായ കർക്കിടകത്തിലുമെത്തുമ്പോൾ പരമാവധി നല്ല മഴ കിട്ടുന്ന സമയമാണ്. ഓഗസ്റ്റ് 22 ഓടെ മഴയുടെ കാഠിന്യം കുറയും. സെപ്റ്റംബർ 7 ഓടെ വീണ്ടും കുറച്ച് മഴ കിട്ടും. ഈ വർഷം തുലാവർഷ സമയത്തും താരതമ്യേന നല്ല മഴ കിട്ടുന്ന ലക്ഷണമുണ്ട്. നവംബർ പകുതിയോടെ മഴക്കാലം പൂർണ്ണമായി മാറും.
അതേ സമയം ചൊവ്വ 02/08/2026 മുതൽ 26/04/2027 വരെ ചിങ്ങത്തിലും കർക്കിടകത്തിലുമായി നിൽക്കുന്നത് മഴ കിട്ടിയാലും ചൂട് കൂടുന്നതിന് ധാരാളം സാധ്യത കാണിയ്ക്കുന്നതാണ്. അതിനാൽ ജലദൗർലഭ്യം മുന്നിൽ കണ്ടു കൊണ്ട് പദ്ധതികൾ ആസൂത്രണം ചെയ്യേണ്ട കാലം കൂടിയാണ്. കൂടാതെ വേനലിൽ ജനങ്ങളിൽ സൂര്യാഘാതം പോലുള്ള പ്രശ്നങ്ങൾക്കും നേത്രരോഗങ്ങൾക്കും ഉദരരോഗങ്ങൾക്കും അലർജി മൂലമുള്ള രോഗങ്ങൾക്കും ചിക്കൻപോക്സ് മുതലായവയ്ക്കും സൂചന നൽകുന്നതാണ് ഗ്രഹ ഘടന.
ഓരോ നക്ഷത്രക്കാരിലും നോക്കിയാൽ
അശ്വതി, ഭരണി, കാർത്തിക 1-ാം പാദം
ഈ നക്ഷത്രക്കാർക്ക് സുഖഭോഗ സമൃദ്ധമായ ജീവിതത്തിനും നൂതനഗൃഹനിർമ്മാണം, വാഹനങ്ങളുടെ ക്രയവിക്രയം, കുടുംബത്തിൽ മംഗളകർമ്മങ്ങൾക്ക് നേതൃത്വം കൊടുക്കാനിടവരിക, സഹായികളുടെ വർദ്ധന എന്നിവയ്‌ക്കെല്ലാം യോഗമുള്ള വർഷമാണ്.
കാർത്തിക 2, 3, 4 പാദങ്ങൾ, രോഹിണി, മകയിരം 1, 2 പാദങ്ങൾ
ഇവർക്ക് ഇക്കാലത്ത് ആരോഗ്യം, ഐശ്വര്യം, ഉദ്യോഗലബ്ധി, ധനലാഭം, പ്രശസ്തി എന്നിവയ്‌ക്കെല്ലാം യോഗമുണ്ട്. പ്രസംഗകലകൾ, അധ്യാപനം, ഗാനാലാപനം എന്നീ മേഖലയിലുള്ളവർക്കും വളരെ ഗുണകരമാണ്. എന്നിരുന്നാലും കഫശല്യം, ഉദരരോഗം, അനാവശ്യ കലഹങ്ങൾ എന്നിവയ്ക്ക് സാധ്യതയുണ്ട്. ആയതിനാൽ വാക്സംയമനം പാലിക്കേണ്ടതുണ്ട്.
മകീരം 3, 4 പാദങ്ങൾ, തിരുവാതിര, പുണർതം 1, 2, 3 പാദങ്ങൾ
ഈ നക്ഷത്രത്തിൽപെട്ടവർക്ക് മാർഗ്ഗതടസ്സങ്ങൾക്ക് സാധ്യത കൂടുതലാണ്. സുഹൃത്തുക്കൾക്കൊപ്പമുള്ള വിനോദ സഞ്ചാര വേളകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട കാലമാണിത്.
പുണർതം 4-ാം പാദം, പൂയം, ആയില്യം നക്ഷത്രക്കാർക്ക്
ഗൃഹാരംഭപ്രവർത്തനങ്ങൾ, പുണ്യകർമ്മങ്ങൾ, ധർമ്മാനുഷ്ഠാനങ്ങൾ, സമൂഹനന്മയ്ക്കായുള്ള പ്രവർത്തനങ്ങൾ എന്നിവയ്ക്ക് സാധ്യത കൂടുതലുണ്ട്. ഉദരരോഗസാധ്യതകൾ, രക്തദൂഷ്യം എന്നിവയ്ക്കും സാധ്യതയുണ്ട്. ധനസംബന്ധമായി ചതിയേൽക്കാനിടയുള്ളതിനാൽ വളരെ ശ്രദ്ധിയ്ക്കേണ്ട കാലമാണിത്.
മകം, പൂരം, ഉത്രം 1-ാം പാദം
ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് പ്രതിഫലേച്ഛയില്ലാതെ പ്രവർത്തിച്ചാൽ പ്രശസ്തിക്ക് യോഗമുണ്ട്. നാൽക്കാലികളിൽനിന്ന് ഉപദ്രവം, ലോഹങ്ങളാൽ ശരീരത്തിൽ മുറിവേൽക്കാനിടവരിക, യാത്രാവേളകളിൽ മലിനമായ ഭക്ഷണം കഴിക്കാനിടവരിക എന്നിവയ്ക്ക് യോഗമുണ്ട്
ഉത്രം 2, 3, 4 പാദങ്ങൾ, അത്തം, ചിത്ര 1, 2, പാദങ്ങൾ
ഇവർക്ക് മാർഗ്ഗതടസ്സം, അകാരണഭയം, വീഴ്ച, രക്തദൂഷ്യം, കണ്ണിന് അസുഖം, അനാവശ്യമായി ആർഭാടത്തിനും, വസ്ത്രാഭരണാദികൾക്കുമായി ധനം ചെലവ് ചെയ്യാനിടവരിക, വേണ്ടാത്തവ വാങ്ങിക്കൂട്ടാനായി വെറുതെ കടം വാങ്ങേണ്ടിവരിക, ധൂർത്ത് ഇത്യാദികൾക്കെല്ലാം യോഗമുണ്ടെന്നറിഞ്ഞ് സാമ്പത്തിക അച്ചടക്കം പാലിക്കേണ്ട വർഷമാണിത്.
ചിത്ര 3, 4 പാദങ്ങൾ, ചോതി, വിശാഖം 1, 2, 3 പാദങ്ങൾ
ഈ നക്ഷത്രക്കാർക്ക് ഭാഗ്യം, കർമ്മാഭിവൃദ്ധി, പ്രശസ്തി, സന്താനാദികൾക്ക് അഭിവൃദ്ധി, കുടുംബൈശ്വര്യം, ഗവേഷകർക്ക് പ്രശസ്തി, ക്രയവിക്രയങ്ങളിൽ ലാഭം, വൈദ്യരംഗത്തുള്ളവർക്ക് ഗുണാനുഭവങ്ങൾ, ഭരണരംഗത്തുള്ളവർക്ക് ശോഭിക്കാനിടവരിക എന്നിവയ്‌ക്കെല്ലാം യോഗമുണ്ട്. സ്വമനസ്സാലെ ദേവന്മാരേയും ഗുരുജനങ്ങളേയും വന്ദിക്കുന്നതുമൂലം ആരോഗ്യപ്രദമായ ജീവിതത്തിനും യോഗം കാണുന്നുണ്ട്.
വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട
ഇവർ ഒന്ന് ഉണർന്ന് പ്രവർത്തിച്ചാൽ പല ഗുണഫലങ്ങൾക്കും സാധ്യത അനുഭവിക്കാവുന്ന വർഷമാണിത്. മാലിന്യ പരിപാലന രംഗത്തെ പ്രവർത്തനങ്ങളിലൂടെ ധനസമ്പാദനത്തിന് യോഗം കാണുന്നുണ്ട്. കാർഷിക മേഖലയ്ക്കായുള്ള പ്രവർത്തനങ്ങൾക്കും ജലസ്രോതസ്സുകളുടെ നിർമ്മാണത്തിനും, നാൽക്കാലി വർദ്ധനയ്ക്കും എല്ലാം യോഗമുണ്ട്.
മൂലം, പൂരാടം, ഉത്രാടം 1-ാം പാദം
ഈ നക്ഷത്രക്കാർക്ക് നൂതന സ്ഥാനമാനങ്ങൾക്കും പുതിയ സംരംഭങ്ങൾക്കും, സാഹിത്യ സിനിമാ മേഖലകളിലുള്ളവർക്ക് ധനലാഭത്തിനും സാധ്യതയുണ്ട്. പുണ്യതീർത്ഥസ്‌നാനാദി ഗുണഫലങ്ങൾക്കും വിവാഹാദി മംഗളകർമ്മങ്ങൾക്ക് നേതൃത്വം വഹിക്കാനും ക്രയവിക്രയങ്ങളിൽ ഗുണങ്ങൾക്കും സാധ്യതയുണ്ട്. നന്മ ചെയ്താലും ചീത്ത ഫലം കേൾക്കേണ്ടി വരുമെന്ന് മുൻകൂട്ടി കണ്ട് പ്രവർത്തിക്കേണ്ട വർഷം കൂടിയാണിത്.
ഉത്രാടം 2, 3, 4 പാദങ്ങൾ, തിരുവോണം, അവിട്ടം 1, 2 പാദങ്ങൾ
ഈ നക്ഷത്രക്കാർക്ക് സ്ഥാനമാനലബ്ധി, പ്രശസ്തി, ഉദ്യോഗ ലബ്ധി, പരീക്ഷാദികളിൽ വിജയം, സഹായികളുടെ വർദ്ധന എന്നിവയ്ക്കെല്ലാം സാധ്യതയുണ്ട്. അനാവശ്യ വിവാദങ്ങളിൽ നിന്നൊഴിഞ്ഞ് മാറുകയും, ചതിയേൽക്കാൻ സാധ്യത മുന്നിൽ കാണാൻ കഴിയുകയും ചെയ്താൽ ഈ വർഷം ഗുണകരമാക്കി മാറ്റാൻ കഴിയും.
അവിട്ടം 3, 4 പാദങ്ങൾ, ചതയം, പൂരോരുട്ടാതി 1, 2, 3 പാദങ്ങൾ
സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ട സമയമാണ്. പരസ്യങ്ങളിൽ വഞ്ചിതരാകാതെ നോക്കേണ്ട സമയമാണിത്.
നൂതന പഠനങ്ങൾക്ക് താല്പര്യം, ഗവേഷണാത്മകമായ സമീപനം, ആരോഗ്യം, ഐശ്വര്യം, പ്രതാപം, കർമ്മകുശലത എന്നിവയ്‌ക്കെല്ലാം യോഗമുണ്ട്. നാഡീസംബന്ധമായോ ഉദരസംബന്ധമായോ അസുഖസാധ്യതകൾ അനുഭവിയ്ക്കാൻ യോഗമുണ്ട്.
പൂരോരുട്ടാതി 4-ാം പാദം, ഉത്രട്ടാതി, രേവതി
ഈ നക്ഷത്രക്കാർക്ക് അലസത, സ്വയം ചിന്തിയ്ക്കാതെ മറ്റുള്ളവരുടെ വാക്കുകൾക്ക് പിറകെ പോകൽ എന്നിവ നിമിത്തം ധനനഷ്ടത്തിന് യോഗമുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം പാലിയ്ക്കേണ്ട വർഷം കൂടിയാണിത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates