മുംബൈ: ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വെഹിക്കിള്‍ സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായ അള്‍ട്രാവയലറ്റിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ ടെസരാകറ്റ് അടുത്ത വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഈ സ്‌കൂട്ടര്‍ ആദ്യമായി അവതരിപ്പിച്ചത്. ഡിസൈന്‍ പ്രത്യേകത കൊണ്ട് വാഹന പ്രേമികളുടെ മനസില്‍ ഇടംപിടിച്ച ഈ സ്‌കൂട്ടറിന് ഇതുവരെ 70,000ലധികം ബുക്കിങ് ആണ് ലഭിച്ചത്.
സാധാരണ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ നിന്ന് വ്യത്യസ്തമായി അഗ്രസ്റ്റീവ്, ഫ്യൂച്ചറിസ്റ്റിക് ഡിസൈനാണ് ഇതിനുള്ളത്. ഇതാണ് എല്ലാവരെയും ആകര്‍ഷിച്ചത്. ഇതിന്റെ ഡിസൈനിന് യുദ്ധ ഹെലികോപ്റ്ററുകളാണ് പ്രചോദനമായത്. ഷാര്‍പ്പ് ലുക്ക് തോന്നുന്ന ഏപ്രണും ട്വിന്‍ പ്രൊജക്ടര്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകളും ഫ്‌ലോട്ടിങ് എല്‍ഇഡി ഡേടൈം റണ്ണിങ് ലൈറ്റുകളുമാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. ബോഡി പാനലുകള്‍ക്കും വേറിട്ട ഡിസൈന്‍ ആണ് ഉള്ളത്. വശങ്ങളിലേക്ക് നോക്കിയാല്‍ ഒരു മാക്‌സി സ്‌കൂട്ടറിന് സമാനമായ വലിയ രൂപഘടനയാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. വലിപ്പമുള്ള 14 ഇഞ്ച് അലോയ് വീലുകളാണ് മറ്റൊരു പ്രത്യേകത.
സീറ്റിനടിയില്‍ 34 ലിറ്റര്‍ സ്‌റ്റോറേജ് സ്‌പേസ് ഉണ്ട്. 15kw വരെ പീക്ക് പവര്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോര്‍ ആണ് ഇതിന്റെ മറ്റൊരു പ്രത്യേകത. 2.9 സെക്കന്‍ഡിനുള്ളില്‍ 60 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ സാധിക്കും. പരമാവധി വേഗം 125 കിലോമീറ്റര്‍ ആണ്. ബാറ്ററി വേഗം ചാര്‍ജ് ചെയ്യുന്നതിന് പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. പുതിയ 100v ആര്‍ക്കിടെക്ചര്‍ വഴി 80 ശതമാനം ബാറ്ററി ചാര്‍ജ് ആകാന്‍ 30 മിനിറ്റി മതി. കമ്പനിയുടെ സൂപ്പര്‍നോവ ഫാസ്റ്റ് ചാര്‍ജര്‍ ആണ് ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കുന്നത്.
മൂന്ന് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ഇത് ലഭ്യമാകുക. എന്‍ട്രി ലെവല്‍ വേരിയന്റില്‍ 3.5kwh ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. മിഡില്‍ വേരിയന്റില്‍ 5kwh ബാറ്ററിയും ടോപ്പ് സ്‌പെസിഫിക്കേഷന്‍ വേരിയന്റില്‍ 6kwh ബാറ്ററി പായ്ക്കുമാണ് ഉപയോഗിച്ചിരിക്കുന്നത്. 261 കിലോമീറ്റര്‍ വരെ റേഞ്ച് ആണ് കമ്പനി അവകാശപ്പെടുന്നത്. റഡാര്‍ അടിസ്ഥാനമാക്കിയുള്ള റൈഡര്‍ അസിസ്റ്റന്‍സ് സിസ്റ്റം, ഡ്യുവല്‍ ചാനല്‍ എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഡൈനാമിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, മള്‍ട്ടിപ്പിള്‍ ലെവല്‍ റീജനറേറ്റീവ് ബ്രേക്കിങ് എന്നിവയാണ് മറ്റു ഫീച്ചറുകള്‍.
ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ഷന്‍, മുന്നിലും പിന്നിലും കൂട്ടിയിടി ഉണ്ടാവുമെന്ന് മുന്‍കൂട്ടി അറിയിപ്പ് നല്‍കുന്ന വാണിങ് സംവിധാനം, ഓവര്‍ടേക്കിങ് അലര്‍ട്ടുകള്‍, ലൈന്‍ ചെയ്ഞ്ച് അസിസ്റ്റന്‍സ് എന്നിവയാണ് റഡാര്‍ അടിസ്ഥാനമാക്കിയുള്ള റൈഡര്‍ അസിസ്റ്റന്‍സ് സിസ്റ്റത്തിന്റെ ഭാഗമായി വരുന്നത്. മുന്നിലും പിന്നിലും വരുന്ന ഡാഷ്‌കാമാണ് മറ്റൊരു പ്രധാന ഫീച്ചര്‍. വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജിങ്, കീലെസ് ആക്‌സസ് എന്നി ഫീച്ചറുകളോട് കൂടിയ ഏഴ് ഇഞ്ച് ടിഎഫ്ടി ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ് ഇതില്‍ വരുന്നത്. 1.30 ലക്ഷം രൂപയാണ് വിലയായി (എക്‌സ്- ഷോറൂം) പ്രതീക്ഷിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates