ന്യൂഡല്‍ഹി: വിയറ്റ്‌നാമീസ് ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ വിന്‍ഫാസ്റ്റ് തങ്ങളുടെ ഉല്‍പ്പന്ന നിര വിപുലീകരിക്കാന്‍ ഒരുങ്ങുന്നു. ഇലക്ട്രിക് കാറുകള്‍ക്ക് പുറമേ ഇലക്ട്രിക് സ്‌കൂട്ടറും സ്‌പോര്‍ട്ടി ഇലക്ട്രിക് ബൈക്കും പുറത്തിറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ രണ്ട് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കായി വിന്‍ഫാസ്റ്റ് ഡിസൈന്‍ പേറ്റന്റുകള്‍ ഫയല്‍ ചെയ്തു.
വെന്റോ എസ് മോഡലിനെ അടിസ്ഥാനമാക്കിയുള്ള ഒരു ഇലക്ട്രിക് സ്‌കൂട്ടറും വിന്‍ഫാസ്റ്റിന്റെ പെര്‍ഫോമന്‍സ് ഓറിയന്റ്ഡ് മോട്ടോര്‍സൈക്കിള്‍ കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ള സ്‌പോര്‍ട്ടി ഇലക്ട്രിക് ബൈക്കുമാണ് പേറ്റന്റ് ഫയലിങ്ങില്‍ ഉള്‍പ്പെടുന്നത്.
ഈ മോഡലുകള്‍ പുറത്തിറക്കുന്ന കാര്യത്തില്‍ കമ്പനി സ്ഥിരീകരണം ഒന്നും നല്‍കിയിട്ടില്ലെങ്കിലും 15 സംസ്ഥാനങ്ങളിലായി 50ലധികം ഇലക്ട്രിക് ഇരുചക്ര വാഹന ഡീലര്‍ഷിപ്പുകളുമായി വിന്‍ഫാസ്റ്റ് ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പേറ്റന്റ് വിവരങ്ങള്‍ പുറത്തുവരുന്നത്. ഭാരത് മൊബിലിറ്റി എക്‌സ്‌പോ 2025ല്‍ പ്രദര്‍ശിപ്പിച്ച വെന്റോ എസ് മോഡലുമായി സാമ്യമുള്ള ഡിസൈന്‍ ഘടകങ്ങള്‍ ഈ ഇലക്ട്രിക് സ്‌കൂട്ടറിലുണ്ട്.
വശങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് ഈ സ്‌കൂട്ടറിന്റെ ഏറ്റവും വലിയ പ്രത്യേകത. മിക്ക ഇലക്ട്രിക് സ്‌കൂട്ടറുകളിലും കാണപ്പെടുന്ന ഹബ്- മൗണ്ടഡ് മോട്ടോര്‍ സംവിധാനത്തില്‍ നിന്ന് ഇത് തീര്‍ത്തും വ്യത്യസ്തമാണ്. വിയറ്റ്‌നാമില്‍ 5.2kw ഇലക്ട്രിക് മോട്ടോറും 3.5kwh lfp ബാറ്ററിയുമായാണ് വെന്റോ എസ് വരുന്നത്. മണിക്കൂറില്‍ 89 കിലോമീറ്റര്‍ വരെ വേഗവും ഒറ്റ ചാര്‍ജില്‍ 160 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനുള്ള ശേഷിയും ഇതിനുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates