മുംബൈ: അഞ്ചുമാസത്തിനിടെ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കുതിപ്പ് രേഖപ്പെടുത്തി ഓഹരി വിപണി. ബിഎസ്ഇ സെന്‍സെക്‌സ് മാത്രം രണ്ടായിരം പോയിന്റാണ് മുന്നേറിയത്. 1961 പോയിന്റ് നേട്ടത്തോടെ 79,000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ മറികടന്ന സെന്‍സെക്‌സ് 79,117 പോയിന്റിലാണ് വ്യാപാരം അവസാനിച്ചത്. 557 പോയിന്റ് മുന്നേറ്റത്തോടെ 23,907ലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്.
ഗൗതം അദാനിക്കെതിരെ അമേരിക്കയിലുള്ള കൈക്കൂലി കേസ് നിക്ഷേപകര്‍ കാര്യമാക്കാതിരുന്നത് അടക്കമുള്ള ഘടകങ്ങളാണ് വിപണിയില്‍ പ്രതിഫലിച്ചത് എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇന്നലെ കനത്ത ഇടിവ് നേരിട്ട അദാനി ഗ്രൂപ്പ് കമ്പനികളെല്ലാം ഇന്ന് നേട്ടം ഉണ്ടാക്കി. ബാങ്ക് അടക്കം എല്ലാ സെക്ടറിലും ഇന്ന് മുന്നേറ്റം ദൃശ്യമായി.
ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം മഹാരാഷ്ട്രയില്‍ അധികാരത്തില്‍ വരുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളും കുറഞ്ഞ വിലയില്‍ ഓഹരി വാങ്ങിക്കൂട്ടാനുള്ള നിക്ഷേപകരുടെ താത്പര്യവും അടക്കമുള്ള മറ്റു ഘടകങ്ങളും വിപണിയെ സ്വാധീനിച്ചു. 7.58 ലക്ഷം കോടി രൂപയാണ് വിപണിയിലേക്ക് ഒഴുകിയെത്തിയത്. റിലയന്‍സ്, അദാനി പോര്‍ട്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക് ഓഹരികളാണ് പ്രധാനമായി കൂടുതല്‍ നേട്ടം ഉണ്ടാക്കിയത്. ബജാജ് ഓട്ടോ മാത്രമാണ് നഷ്ടം നേരിട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates