സ്വര്‍ണത്തിന്റെ ചരിത്രത്തില്‍ ഇത്രയും വലിയ മുന്നേറ്റമുണ്ടായ കാലം വേറെയില്ല. 2005ല്‍ പവന് 5000 രൂപ ഉണ്ടായിരുന്ന സ്വര്‍ണവില 20 വര്‍ഷം കൊണ്ട് ഇത്രയും കണ്ട് വളരുമെന്ന് അന്ന് ആരെങ്കിലും കരുതി കാണുമോ?. ഒരു ലക്ഷം കടന്നിട്ടും സ്വര്‍ണവിലയുടെ തേരോട്ടം തുടരുകയാണ്.കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെയാണ് സ്വര്‍ണവില അതിന്റെ സര്‍വകരുത്തും കാട്ടി വലിയതോതില്‍ മുന്നേറിയത്. കഴിഞ്ഞ ഒന്നൊന്നര വര്‍ഷത്തിനിടെ പവന്‍വില ഇരട്ടിക്കുകയാണ് ചെയ്തത്.
ആഭരണപ്രിയരും സാധാരണക്കാരും സ്വര്‍ണാഭരണം വാങ്ങാന്‍ പ്രതിസന്ധി നേരിടുമ്പോള്‍ സ്വര്‍ണത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഗോള്‍ഡ് ഇടിഎഫിലും മറ്റും നിക്ഷേപം നടത്തിയവര്‍ക്കും സ്വര്‍ണാഭരണത്തിന് പകരം നിക്ഷേപമെന്ന നിലയില്‍ കോയിനുകളും ബാറുകളും വാങ്ങിച്ചവര്‍ക്കും ഇത് കണ്ണഞ്ചിപ്പിക്കുന്ന നേട്ടത്തിന്റെ കാലമാണ്.
ഈ വര്‍ഷം ജനുവരി 22നാണ് സ്വര്‍ണവില ആദ്യമായി 60,000 കടന്നത്. അന്ന് 60,200 രൂപയായിരുന്നു സ്വര്‍ണവില. പിന്നീടുള്ള ഏതാനും മാസങ്ങള്‍ക്കകം അതായത് ഏകദേശം ഒരു വര്‍ഷത്തിനകം പവന് 40000 രൂപയിലധികമാണ് വര്‍ധിച്ചത്.
സ്വര്‍ണവില കുതിക്കാനുള്ള കാരണങ്ങള്‍?
ഭൗമരാഷ്ട്രീയ സംഘര്‍ഷ സാഹചര്യങ്ങളില്‍ പൊതുവേ കിട്ടുന്ന സുരക്ഷിത നിക്ഷേപം എന്ന പരിവേഷമാണ് സ്വര്‍ണത്തിന് കരുത്തായത്. യുദ്ധമുണ്ടായാല്‍ അത് ആഗോള സാമ്പത്തികമേഖലയെ തളര്‍ത്തും. ഈ സാഹചര്യത്തില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ തിരിയുന്നതാണ് വില വര്‍ധനയ്ക്കുള്ള പ്രധാന കാരണം. ഇതിന് പുറമേ യുഎസ്-വെനസ്വേല ഭിന്നത അതിരൂക്ഷമാകുന്നതും റഷ്യ-യുക്രെയ്ന്‍ സമാധാന നീക്കം വീണ്ടും പൊളിയുമെന്ന ആശങ്ക കനക്കുന്നതും സ്വര്‍ണവില കത്തിക്കയറാന്‍ വഴിയൊരുക്കിയിട്ടുണ്ട്.
ഇതിനു പുറമേ, യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് ഇനിയും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്ന സൂചനകളും സ്വര്‍ണത്തിന് ഉത്തേജകമാണ്. യുഎസില്‍ അടിസ്ഥാന പലിശഭാരം കുറഞ്ഞാല്‍ യുഎസ് കടപ്പത്രം, യുഎസ് ബാങ്ക് നിക്ഷേപം എന്നിവ അനാകര്‍ഷകമാകും. യുഎസ് ഡോളറിനെ ഇതു ദുര്‍ബലപ്പെടുത്തും. ഇതും സ്വര്‍ണത്തിന് കരുത്താകുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.
സ്വര്‍ണക്കുതിപ്പിന്റെ നാള്‍വഴികള്‍
1925ല്‍ പവന് 13.75 രൂപ ഉണ്ടായിരുന്ന സ്വര്‍ണവിലയാണ് നൂറ് വര്‍ഷം കൊണ്ട് ഒരു ലക്ഷവും കടന്ന് കുതിക്കുന്നത്. 1935ല്‍ 22.65 രൂപയും 1950ല്‍ 72.75 രൂപയും 1975ല്‍ 396 രൂപയുമായിരുന്നു വില. 80 കളിലാണ് പവന്‍ വില ആദ്യമായി ആയിരം കടന്നത്. 1985ല്‍ 1573 രൂപയായിരുന്നു പവന്‍ വില. 1990ല്‍ ആയിരം രൂപ വര്‍ധിച്ച് പവന്‍വില 2500നോടു അടുത്ത് എത്തി. 1995ല്‍ 3432 രൂപയായിരുന്ന സ്വര്‍ണവില 2000 വരെയുള്ള അഞ്ചു വര്‍ഷ കാലയളവില്‍ വില കുറയുന്നതിനും സാക്ഷിയായി. 2000ല്‍ 3212 രൂപയായിരുന്നു സ്വര്‍ണവില. ആഗോള സാമ്പത്തിക രംഗത്ത് റിയല്‍ എസ്റ്റേറ്റ്, ഓഹരി വിപണി അടക്കം മറ്റു മേഖലകള്‍ കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തിയതാണ് ഇക്കാലയളവില്‍ സ്വര്‍ണത്തിന് അല്‍പ്പം മങ്ങലേല്‍ക്കാന്‍ കാരണം. എന്നാല്‍ 2000ന് ശേഷം പൂര്‍വാധികം ശക്തിയോടെ സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് കണ്ടത്.
2010ല്‍ 12,000 കടന്ന സ്വര്‍ണവില 2015 ആകുമ്പോഴേക്കും 20,000നോട് അടുത്ത് എത്തി. 2020ല്‍ 32000 കടന്ന് കുതിച്ച സ്വര്‍ണവില ഏതാനും വര്‍ഷങ്ങള്‍ക്കകമാണ് 50,000 എന്ന നാഴികക്കല്ല് പിന്നിട്ടത്. കൃത്യമായി പറഞ്ഞാല്‍ 2024 മാര്‍ച്ച് 29നാണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. അന്ന് പവന് 50,400 രൂപയാണ് രേഖപ്പെടുത്തിയത്. പിന്നീടുള്ള മാസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിച്ച് മുന്നേറുന്ന കാഴ്ചയാണ് ദൃശ്യമായത്. തൊട്ടടുത്ത മാസമായ ഏപ്രിലില്‍ തന്നെ 51000 കടന്നു. അതേമാസം തന്നെ 52,000, 53,000, 54,000 എന്ന നിലവാരവും മറികടന്ന് കുതിപ്പ് തുടര്‍ന്നു. 2024 മെയ് മാസത്തിലാണ് സ്വര്‍ണവില ആദ്യമായി 55,000 കടന്നത്.
തുടര്‍ന്ന് 60,000 ആകാന്‍ ഏഴ് മാസം എടുത്തു. കൃത്യമായി പറഞ്ഞാല്‍ ഈ വര്‍ഷം ജനുവരി 22നാണ് സ്വര്‍ണവില ആദ്യമായി 60,000 കടന്നത്. അന്ന് 60,200 രൂപയായിരുന്നു സ്വര്‍ണവില. പിന്നീടുള്ള ഏതാനും മാസങ്ങള്‍ക്കകം അതായത് ഏകദേശം ഒരു വര്‍ഷത്തിനകം പവന് 40000 രൂപയിലധികമാണ് വര്‍ധിച്ചത്.
ഈ വര്‍ഷം ഏപ്രില്‍ 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. സെപ്റ്റംബറില്‍ 80,000 തൊട്ടു. സെപ്റ്റംബര്‍ 9നാണ് പുതിയ ഉയരം കുറിച്ചത്. 80,000 കടന്നപ്പോള്‍ മുതല്‍ തന്നെ വൈകാതെ തന്നെ സ്വര്‍ണവില ഒരു ലക്ഷം തൊടുമെന്ന് വിപണി വിദഗ്ധര്‍ പ്രവചിച്ചിരുന്നു. ഈ പ്രവചനം ശരിവെയ്ക്കുന്നതാണ് ഡിസംബര്‍ 23ലെ സര്‍വകാല റെക്കോര്‍ഡ്.
ഒക്ടോബര്‍ എട്ടിനാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്. രണ്ടുമാസത്തിനകമാണ് സ്വര്‍ണവില ഒരു ലക്ഷം കടന്ന് പുതിയ ഉയരം കുറിച്ചത്. വരുംദിവസങ്ങളിലും സ്വര്‍ണവില ഉയരാനാണ് സാധ്യത.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates