പുതിയ കാര്‍ വാങ്ങാന്‍ പോകുമ്പോള്‍ ഒട്ടുമിക്ക ആളുകള്‍ക്കും നിരവധി സംശയങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്. ലോണ്‍ എടുത്തു വാങ്ങണോ, അതോ റെഡി ക്യാഷിന് വാങ്ങണോ എന്നതാണ് പ്രധാനമായി മനസില്‍ ഉയര്‍ന്നുവരുന്ന ചോദ്യം. ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക വിദഗ്ധര്‍ പതിവായി പങ്കുവെയ്ക്കുന്ന ഒരു ടിപ്പ് പരിശോധിക്കാം.
കാര്‍ വാങ്ങാന്‍ പോകുന്നതിന് മുന്‍പ് ബജറ്റ് വിലയിരുത്തുന്നത് നല്ലതാണ് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഉദാഹരണമായി പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളമുള്ള ഒരാള്‍ പത്തുലക്ഷം രൂപയുടെ കാര്‍ വാങ്ങുന്നതിന് ലോണ്‍ എടുക്കാന്‍ തയ്യാറായാല്‍ ഏകദേശം 20,000ല്‍പ്പരം രൂപ മാസംതോറും ഇഎംഐയായി അടയ്‌ക്കേണ്ടി വരും. ഇത് പേഴ്‌സണല്‍ ഇന്‍വെസ്റ്റ്‌മെന്റ് അടക്കമുള്ള മറ്റു സാമ്പത്തിക കാര്യങ്ങളെ ബാധിച്ചെന്ന് വരാം. മറ്റുള്ള കാര്യങ്ങള്‍ക്കായി പണം കണ്ടെത്തുന്നത് ബുദ്ധിമുട്ടേറിയ ഒന്നാക്കി മാറ്റാം. അതിനാല്‍ ബജറ്റ് ഉള്ളവര്‍ റെഡി ക്യാഷ് കൊടുത്ത് കാര്‍ വാങ്ങുന്നതാണ് നല്ലത് എന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ഇതിനൊപ്പം പണ സമ്പാദ്യത്തിനായുള്ള ഒരു ടിപ്പ് കൂടി പ്രയോജനപ്പെടുത്തിയാൽ കൂടുതൽ സമ്പാദിക്കാനും നഷ്ടക്കച്ചവടത്തിന്റെ വിഷമമില്ലാതെ മുന്നോട്ടുപോകാനും കഴിയുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
പത്തുലക്ഷം രൂപയുടെ പുതിയ കാര്‍ 9 ശതമാനം പലിശയ്ക്ക് വായ്പ എടുത്താണ് വാങ്ങുന്നതെങ്കില്‍ പ്രതിമാസം ഏകദേശം 21,000 രൂപയാണ് ഇഎംഐയായി വരുന്നത്. ഇത്തരത്തില്‍ അഞ്ചു വര്‍ഷം അടയ്ക്കുകയാണെങ്കില്‍ അടച്ച ആകെ തുക ഏകദേശം 12.50 ലക്ഷം രൂപയായിരിക്കും. അഞ്ചു വര്‍ഷം കഴിഞ്ഞ് വില്‍ക്കുമ്പോള്‍ പകുതി വില മാത്രമേ ലഭിക്കുകയുള്ളൂ. പത്തുവര്‍ഷം കഴിഞ്ഞാണ് വില്‍ക്കുന്നതെങ്കില്‍ ഏകദേശം രണ്ടുലക്ഷം രൂപ മാത്രമാണ് കിട്ടുക. ഡിപ്രിഷിയേറ്റിങ് അസറ്റില്‍ ലോണും എടുത്ത് പലിശയും കൊടുത്ത് അവസാനം നഷ്ടക്കച്ചവടമായി മാറുന്ന സാഹചര്യം ഉണ്ടാവാം. പകരം ബജറ്റ് ഉള്ളവര്‍ റെഡി ക്യാഷിന് വാങ്ങുകയാണെങ്കില്‍ പണ സമ്പാദ്യവും സാധ്യമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
റെഡി ക്യാഷിന് കാര്‍ വാങ്ങുന്നവര്‍ ലോണ്‍ എടുക്കുമായിരുന്നുവെങ്കില്‍ ഇഎംഐയായി വേണ്ടി വരുന്ന 21,000 രൂപ ഇവിടെ എസ്‌ഐപിയായി നിക്ഷേപിക്കാനാണ് വിദഗ്ധര്‍ നല്‍കുന്ന ഉപദേശം. അങ്ങനെയെങ്കില്‍ അഞ്ചുവര്‍ഷം കൊണ്ട് ഇത് 16.5 ലക്ഷം രൂപയായി വളരാം. പത്തുവര്‍ഷം കൊണ്ട് ഇത് 30 ലക്ഷമാകും. ഈ സാഹചര്യത്തില്‍ പത്തുവര്‍ഷം കഴിഞ്ഞ് പഴയ കാര്‍ കൊടുത്ത് ബ്രാന്‍ഡ് ന്യൂ കാര്‍ വാങ്ങുമ്പോള്‍ ലോണ്‍ ഒന്നും എടുക്കാതെ തന്നെ കുറച്ചുകൂടി വില കൂടിയ കാര്‍ വാങ്ങാന്‍ സാധിക്കും. കൂടാതെ പണ സമ്പാദ്യം സാധ്യമാകുകയും ചെയ്യും.
സെക്കന്‍ഡ് ഹാന്‍ഡ് കാര്‍
ഉദാഹരണമായി ഏഴു ലക്ഷം രൂപയുടെ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ആണ് വാങ്ങാന്‍ പോകുന്നത് എന്ന് വിചാരിക്കുക. സെക്കന്‍ഡ് ഹാന്‍ഡ് കാറിന് പലിശ കൂടുതലായിരിക്കും. രണ്ടാമത് വില്‍ക്കുമ്പോള്‍ ഇതിനും കുറവ് വിലയ്ക്ക് ആയിരിക്കും വില്‍ക്കാന്‍ സാധിക്കുകയുള്ളൂ. ഇവിടെയും ലോണ്‍ എടുക്കുന്നതിന് പകരം റെഡി ക്യാഷായി വാങ്ങാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഇഎംഐയായി കൊടുക്കേണ്ടി വരുമായിരുന്ന തുകയ്ക്ക് പകരം ആ തുക എസ്‌ഐപിയായി നിക്ഷേപിക്കാനാണ് വിദഗ്ധര്‍ പറയുന്നത്. അങ്ങനെയെങ്കിലും അഞ്ചുവര്‍ഷം കൊണ്ട് നല്ലൊരു തുക സമ്പാദിക്കാന്‍ സാധിക്കും. കൂടാതെ പഴയ കാര്‍ കൊടുത്ത് പുതിയതോ മറ്റൊരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങുമ്പോഴോ ബാധ്യതകള്‍ ഉണ്ടാവില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ലോണ്‍ എടുത്ത് കാര്‍ വാങ്ങുമ്പോള്‍
ലോണ്‍ എടുത്ത് കാര്‍ വാങ്ങാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ 20 മുതല്‍ 40 ശതമാനം വരെ ഡൗണ്‍ പേയ്‌മെന്റ് കൊടുക്കാന്‍ തയ്യാറാവണം. കൂടാതെ മൂന്ന് വര്‍ഷത്തിനുള്ളില്‍ ലോണ്‍ അടച്ചുതീര്‍ക്കാനും തീരുമാനിക്കണം. ഇത്തരത്തില്‍ കുറഞ്ഞ കാലയളവിനുള്ള അടച്ചുതീര്‍ക്കാന്‍ തയ്യാറായാല്‍ പലിശ കുറവായിരിക്കും. കൂടാതെ ഇഎംഐ മാസവരുമാനത്തിന്റെ പത്തുശതമാനത്തില്‍ നിലനിര്‍ത്താന്‍ ശ്രദ്ധിക്കണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates