കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് ഉച്ചയ്ക്ക് ശേഷവും ഇടിഞ്ഞു. പവന് ഒറ്റയടിക്ക് ആയിരം രൂപയാണ് കുറഞ്ഞത്. രാവിലെ 560 രൂപയാണ് ഇടിഞ്ഞത്. 1,04,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 125 രൂപയാണ് കുറഞ്ഞത്. 13,120 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രാവിലെയും ഉച്ചയ്ക്കുമായി 1600 രൂപയാണ് ഇടിഞ്ഞത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ആക്കംകൂട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളെ തുടര്‍ന്ന് എണ്ണവില കുതിച്ച് ഉയര്‍ന്നതാണ് സ്വര്‍ണവില കുറയാന്‍ പ്രധാന കാരണം. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അവസാനിച്ചതായുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകള്‍ സമാധാനാന്തരീക്ഷത്തില്‍ നിന്ന് വീണ്ടും യുദ്ധത്തിലേക്ക് നീങ്ങുമെന്ന സൂചനയാണ് എന്ന വിലയിരുത്തലാണ് പ്രധാനമായി എണ്ണവിലയില്‍ പ്രതിഫലിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 78 ഡോളറിലേക്കാണ് കുതിച്ചത്. എണ്ണവില വര്‍ധന വിലക്കയറ്റത്തിന് കാരണമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടാന്‍ തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകളും സ്വര്‍ണവിലയെ സ്വാധീനിച്ചു. പലിശനിരക്ക് കൂട്ടുന്നത് സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയാന്‍ ഇടയാക്കും. ഇതിന് പുറമേ ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും സ്വര്‍ണത്തെ ബാധിക്കുന്നുണ്ട്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates