Changes From August 1 ai image
Business

സെന്‍ട്രല്‍ നോ യുവര്‍ കസ്റ്റര്‍ 2.0, തത്കാല്‍ ടിക്കറ്റ് ബുക്കിങ്...; അറിയാം ഓഗസ്റ്റ് ഒന്നുമുതലുള്ള മാറ്റങ്ങള്‍

ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് ഓരോ മാസവും നിരവധി മാറ്റങ്ങളാണ് ഉണ്ടാവുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊച്ചി: ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് ഓരോ മാസവും നിരവധി മാറ്റങ്ങളാണ് ഉണ്ടാവുന്നത്. ഓഗസ്റ്റ് മാസവും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. ഓഗസ്റ്റില്‍ ഇന്ത്യന്‍ സാമ്പത്തികരംഗത്ത് വരുന്ന മാറ്റങ്ങള്‍ ചുവടെ:

ഐടിആര്‍ ഫയലിങ്

ശമ്പളക്കാരായ വ്യക്തികള്‍ക്കും ഓഡിറ്റ് ഇല്ലാത്ത വ്യക്തിഗത നികുതിദായകര്‍ക്കും ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. ജൂലൈ 31ന് ശേഷം ഐടിആര്‍-1, ഐടിആര്‍-2 എന്നി ഫോമുകള്‍ ഉപയോഗിച്ച് ആരെങ്കിലും നികുതി റിട്ടേണ്‍ സമര്‍പ്പിക്കുകയാണെങ്കില്‍ അവര്‍ വൈകിയതിനുള്ള പിഴ ഒടുക്കേണ്ടതായി വരും. അവസാന തീയതിക്ക് ശേഷം സമര്‍പ്പിക്കുന്നവര്‍ക്ക് മൊത്തം നികുതി ബാധകമായ വരുമാന സ്ലാബ് അനുസരിച്ചാണ് സാമ്പത്തിക പിഴ വരുന്നത്. റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ, ഔദ്യോഗിക പോര്‍ട്ടല്‍ വഴി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് വലിയ തോതിലുള്ള തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഇതുമൂലം പോര്‍ട്ടലില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ പ്രത്യക്ഷപ്പെടുന്നതായും റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയാതെ വരുന്നതായും ചില കോണുകളില്‍ നിന്ന് പരാതികള്‍ ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും അവസാന തീയതി നീട്ടുമെന്ന പ്രതീക്ഷയും ചിലര്‍ വെച്ചു പുലര്‍ത്തുന്നുണ്ട്.

ഇനി തത്കാല്‍ ടിക്കറ്റ് ബുക്കിങ് എളുപ്പം

റെയില്‍വേ സ്‌റ്റേഷനുകളില്‍ റിസര്‍വേഷന്‍ കൗണ്ടറുകളില്‍ നിന്ന് തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ഇനി എളുപ്പമാകും. യാത്രക്കാര്‍ക്ക് തത്കാല്‍ ടിക്കറ്റ് എളുപ്പം ബുക്ക് ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ പുതിയ ടോക്കണ്‍ സംവിധാനം വരുന്നു. തുടക്കത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ചില റെയില്‍വേ സോണുകളില്‍ മാത്രമാണ് നടപ്പാക്കുന്നത്. നീണ്ട ക്യൂ ഒഴിവാക്കാനും ബുക്കിങ് പ്രക്രിയ കൂടുതല്‍ എളുപ്പമാക്കാനും ലക്ഷ്യമിട്ടാണ് ഈ മാറ്റം. റെയില്‍വേ സ്റ്റേഷനില്‍ എത്തി റിസര്‍വേഷന്‍ കൗണ്ടറുകള്‍ വഴി നേരിട്ട് തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് മാത്രമാണ് പുതിയ വ്യവസ്ഥ ബാധകമാകുക. ഐആര്‍സിടിസി വഴിയുള്ള ഓണ്‍ലൈന്‍ തത്കാല്‍ ബുക്കിങ് സംവിധാനം മാറ്റമില്ലാതെ തുടരും.

പുതിയ സംവിധാനം എങ്ങനെ?

തത്കാല്‍ ബുക്കിങ് ആരംഭിക്കുന്നതിന് മുന്‍പായി യാത്രക്കാര്‍ ആദ്യം റിസര്‍വേഷന്‍ കൗണ്ടറില്‍ നിന്ന് ഒരു ടോക്കണ്‍ വാങ്ങണം. തുടര്‍ന്ന് അവരുടെ ടോക്കണ്‍ നമ്പര്‍ വിളിക്കുമ്പോള്‍ ടിക്കറ്റ് വാങ്ങുന്നതിനായി കൗണ്ടറിലേക്ക് പോകാവുന്നതാണ്. യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കാന്‍ ഇതുവഴി സാധിക്കും. പുതുക്കിയ സംവിധാനമനുസരിച്ച് എസി തത്കാല്‍ ടോക്കണുകള്‍ രാവിലെ 8.30 മുതല്‍ 9 വരെയും നോണ്‍ എസി തത്കാല്‍ ടോക്കണുകള്‍ രാവിലെ 9 മുതല്‍ 9.30 വരെയും വിതരണം ചെയ്യും. ആദ്യഘട്ടത്തില്‍ ഓരോ റിസര്‍വേഷന്‍ കൗണ്ടറിലും എസി തത്കാല്‍ ബുക്കിങ്ങുകള്‍ക്ക് 10 ടോക്കണുകളും നോണ്‍ എസി ബുക്കിങ്ങുകള്‍ക്ക് 15 ടോക്കണുകളും വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാദേശിക തലത്തില്‍ ആവശ്യകത അനുസരിച്ച് റെയില്‍വേ അധികൃതര്‍ക്ക് ഇതില്‍ മാറ്റം വരുത്താവുന്നതാണ്.

ടോക്കണ്‍ ഉള്ള എല്ലാവരുടെയും ബുക്കിങ് പൂര്‍ത്തിയായ ശേഷവും തത്കാല്‍ സീറ്റുകള്‍ ബാക്കിയുണ്ടെങ്കില്‍ ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തില്‍ ബുക്കിങ് തുടരാം. ബുക്കിങ് സമയങ്ങളില്‍ മാറ്റമില്ല. എസി ക്ലാസുകള്‍ക്ക് രാവിലെ 10 മണിക്കും സ്ലീപ്പര്‍, മറ്റു നോണ്‍ എസി ക്ലാസുകള്‍ക്ക് രാവിലെ 11മണിക്കും ബുക്കിങ് ആരംഭിക്കും. ടോക്കണ്‍ വിതരണം ചെയ്യുന്ന സമയം മാത്രമാണ് അറിയേണ്ടത്.

റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ വഴി തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ സര്‍ക്കാരിന്റെ സാധുവായ ഫോട്ടോ ഐഡി കാര്‍ഡും മറ്റു യാത്രക്കാരുടെ വിവരങ്ങളും കൈവശം കരുതേണ്ടതാണ്. ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ് അല്ലെങ്കില്‍ അംഗീകൃതമായ മറ്റു സര്‍ക്കാര്‍ ഫോട്ടോ ഐഡന്റിറ്റി രേഖകള്‍ എന്നിവ ഇതിനായി ഉപയോഗിക്കാവുന്നതാണ്.

സെന്‍ട്രല്‍ നോ യുവര്‍ കസ്റ്റര്‍ 2.0

ഓഗസ്റ്റ് മാസം മുതല്‍ രാജ്യത്തുടനീളമുള്ള ബാങ്കുകളും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും സെന്‍ട്രല്‍ നോ യുവര്‍ കസ്റ്റര്‍ 2.0 എന്ന് പേരിട്ടിരിക്കുന്ന പുതിയ ഏകീകൃത ഉപഭോക്തൃ തിരിച്ചറിയല്‍ സംവിധാനം നടപ്പിലാക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. പ്രവര്‍ത്തനങ്ങളിലും ഇടപാടുകളിലും കൂടുതല്‍ സുതാര്യതയും വേഗവും കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് വിപുലീകരിച്ച ഡിജിറ്റല്‍ സംവിധാനം വരുന്നത്. ഇനിമുതല്‍ ബാങ്ക് അക്കൗണ്ട് തുറക്കുന്നതും ഇന്‍ഷുറന്‍സ് എടുക്കുന്നതും മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതും എളുപ്പമാകും.

പുതിയ സംവിധാനം അനുസരിച്ച് ഉപഭോക്താവിന്റെ സമ്മതം ലഭിക്കുന്ന മുറയ്ക്ക് ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും സെന്‍ട്രല്‍ ഡാറ്റാബേസില്‍ നിന്ന് അവരുടെ വെരിഫൈ ചെയ്ത കെവൈസി വിവരങ്ങള്‍ ലഭ്യമാകും. ഈ വര്‍ഷം അവസാനത്തോടെ മ്യൂച്ചല്‍ ഫണ്ടുകളും സ്റ്റോക്ക് ബ്രോക്കര്‍മാരും ഈ സംവിധാനം പ്രയോജനപ്പെടുത്തുമെന്നാണ് കരുതുന്നത്. പേപ്പര്‍ വര്‍ക്കുകള്‍ കുറയ്ക്കാനും സേവനങ്ങള്‍ വേഗത്തിലാക്കാനും ഈ സംവിധാനം വഴി സാധിക്കും.

എന്താണ് സികെവൈസി 2.0

ഇതൊരു ഏകീകൃത കെവൈസി സിസ്റ്റമാണ്. സെന്‍ട്രല്‍ കെവൈസി റെക്കോര്‍ഡ്‌സ് രജിസ്ട്രിയുടെ പുതിയതും കൂടുതല്‍ വേഗതയേറിയതുമായ പതിപ്പാണിത്. പുതിയ സംവിധാനത്തില്‍ ഉപയോക്താക്കള്‍ ഒറ്റത്തവണ മാത്രം കെവൈസി പൂര്‍ത്തിയാക്കിയാല്‍ മതി. ഇത് ബാങ്കുകള്‍, മ്യൂച്ചല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, സ്റ്റോക്ക് ബ്രോക്കര്‍മാര്‍ തുടങ്ങിയ എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഒരേപോലെ ഉപയോഗിക്കാന്‍ കഴിയും. കാരണം ഇതൊരു അതീവ സുരക്ഷയുള്ള ഒറ്റ ഡിജിറ്റല്‍ ഡാറ്റാബേസാണ്. നിലവില്‍ ഒരോ സേവനങ്ങള്‍ക്കും ഉപയോക്താക്കള്‍ പ്രത്യേകം കെവൈസി പൂര്‍ത്തിയാക്കേണ്ടതുണ്ട്. പുതിയ സംവിധാനത്തില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ ഉപഭോക്താവിന് 14 അക്കങ്ങള്‍ അടങ്ങിയ ഒരു സികെവൈസി ഐഡന്റിഫയര്‍ നമ്പര്‍ ലഭിക്കും. ഇതാണ് ഭാവിയിലെ ഇടപാടുകള്‍ എളുപ്പമാക്കുന്നത്.

ഒരു വണ്‍ ടൈം പാസ് വേര്‍ഡ് വഴി ഉപഭോക്താവിന്റെ അനുമതി നേടിയ ശേഷം മാത്രമായിരിക്കും സ്ഥാപനങ്ങള്‍ക്ക് ഈ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുക. ഇതുവഴി പുതിയ അക്കൗണ്ട് തുറക്കുമ്പോഴോ വിവരങ്ങള്‍ പുതുക്കുമ്പോഴോ ഉപഭോക്താക്കള്‍ വീണ്ടും രേഖകള്‍ അപ്ലോഡ് ചെയ്യുന്നത് ഒഴിവാക്കാന്‍ സാധിക്കും.

Major Changes From August 1: Railway Tatkal, and Banking Rules

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഹിൽ ഹൈവേ റൺ' ആകെ ചെലവ് 91.35 ലക്ഷം രൂപ; മിലിന്ദ് സോമൻ പ്രതിഫലം കൈപ്പറ്റിയില്ലെന്ന് വിവരാവകാശ രേഖ

'ഇത് ഇന്ത്യയാണ്...'; അടുക്കളയില്‍ രണ്ടു പ്രാണികളെ കണ്ടതിന് ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതിനെതിരെ ബോംബെ ഹൈക്കോടതി

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖറിന്‍ ആകാശംലോ ഒക താരയിലെ ഗാനം; മനസ് നിറച്ച് 'കുട്ടി കുട്ടി പൂവേ'

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ 395 ഒഴിവുകൾ ബിരുദം, സി.എം.എ തുടങ്ങിയ യോഗ്യത; അവസാന തീയതി ഓഗസ്റ്റ് 10

കൈയില്‍ സമ്പാദ്യമുണ്ടോ?, ജോലിക്ക് പോകാതെ 10,000 രൂപ മാസ വരുമാനം നേടാം; ഇതാ നിരവധി സ്കീമുകൾ