മുംബൈ: പാന്‍ കാര്‍ഡിനായി അപേക്ഷിക്കാന്‍ തയ്യാറെടുക്കുകയാണോ? ആദായനികുതി വകുപ്പ് നിലവിലുള്ള പാന്‍ അപേക്ഷാ ഫോമുകള്‍ മാറ്റി പകരം നാല് പുതിയ പ്രത്യേക ഫോമുകള്‍ അവതരിപ്പിച്ചു. 2026 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന ഈ പുതിയ രീതി അപേക്ഷാ നടപടികള്‍ കൂടുതല്‍ ലളിതവും വേഗത്തിലുമുള്ളതാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം. നേരത്തെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഫോം 49A എന്നും പ്രവാസികള്‍ക്കും വിദേശ സ്ഥാപനങ്ങള്‍ക്കും ഫോം 49AA എന്നുമായിരുന്നു നിശ്ചയിച്ചിരുന്നത്.
പുതിയ ഫോമുകള്‍ താഴെ പറയുന്നവയാണ്:
ഫോം 93: ഇന്ത്യയിലെ താമസക്കാരായ വ്യക്തികള്‍ക്ക്.
ഫോം 94: ഇന്ത്യന്‍ കമ്പനികള്‍ക്കും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ക്കും.
ഫോം 95: വിദേശ വ്യക്തികള്‍ക്ക്.
ഫോം 96: വിദേശത്ത് രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും.
1962-ലെ ഇന്‍കം ടാക്‌സ് നിയമത്തിലെ 114-ാം ചട്ടപ്രകാരം നിലവിലുണ്ടായിരുന്ന പഴയ ഫോമുകള്‍ക്ക് പകരമായാണ് ഇവ വരുന്നത്. 2026 ഏപ്രില്‍ 1-ന് മുന്‍പ് വരെ വെറും രണ്ട് ഫോമുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അപേക്ഷയിലെ അനാവശ്യമായ വിവരങ്ങളും ആവര്‍ത്തനങ്ങളും ഒഴിവാക്കിയിട്ടുണ്ട്. പേരിലെ ചുരുക്കെഴുത്തുകള്‍, കെവൈസി (KYC) സംബന്ധമായ ചില വിവരങ്ങള്‍ എന്നിവ ഇനി നല്‍കേണ്ടതില്ല. പകരം, അപേക്ഷയുടെ തല്‍സ്ഥിതി പരിശോധിക്കാനും നോട്ടിഫിക്കേഷനുകള്‍ നേരിട്ട് ലഭിക്കാനും അപേക്ഷകന്റെ മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും നല്‍കുന്നത് നിര്‍ബന്ധമാക്കി. തിരിച്ചറിയല്‍ കൂടുതല്‍ വ്യക്തമാക്കാന്‍ വലിയ ഫോട്ടോകളും പുതിയ ഫോമില്‍ ആവശ്യമാണ്.
ഇന്ത്യയിലെ വ്യക്തിഗത അപേക്ഷകര്‍ ആധാര്‍ കാര്‍ഡിലുള്ളതുപോലെ പൂര്‍ണരൂപത്തിലുള്ള പേര് തന്നെ നല്‍കണം. കൂടാതെ, മുന്‍പ് നിര്‍ബന്ധമല്ലാതിരുന്ന അമ്മയുടെ പേര് ഇനി മുതല്‍ അപേക്ഷയില്‍ നിര്‍ബന്ധമാണ്. പ്രവാസികള്‍ പാസ്പോര്‍ട്ട് വിവരങ്ങളും ടാക്‌സ് ഐഡന്റിഫിക്കേഷന്‍ നമ്പറും അപേക്ഷയ്‌ക്കൊപ്പം നല്‍കേണ്ടതുണ്ട്. പാന്‍ കാര്‍ഡിലെ തിരുത്തലുകള്‍ക്കായി വ്യക്തികള്‍ക്കും കമ്പനികള്‍ക്കും വെവ്വേറെ ലളിതമായ ഫോമുകളും ആദായനികുതി വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates